പി.എഫ് പലിശ നിരക്കും കുറയ്ക്കാന്‍ ആലോചന

Update: 2020-06-26 13:22 GMT

2020 സാമ്പത്തിക വര്‍ഷത്തെ ഇപിഎഫ് പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ട്. നിക്ഷേപത്തിലൂടെയുള്ള വരുമാനം താഴുകയും പണമൊഴുക്ക് കുറയുകയും ചെയ്യുന്നതിനാലാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള 8.5 ശതമാനം പലിശനിരക്ക് പുനഃപരിശോധിക്കുന്നത്.

പലിശ കുറയ്ക്കുന്നത് 60 ദശലക്ഷം വരിക്കാരുടെ റിട്ടയര്‍മെന്റ് സേവിംഗ്സിനെ ബാധിക്കും. 2020ലെ വരുമാനത്തെ അടിസ്ഥാനമാക്കിയാണ് പലിശ നിരക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ വരുമാനം കുറഞ്ഞതാണ് പലിശ കുറയ്ക്കല്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. പ്രഖ്യാപിത പലിശ നല്‍കുന്നതിനുള്ള കഴിവ് വിലയിരുത്താന്‍ ഇപിഎഫ്ഒയുടെ ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ്, ഓഡിറ്റ് കമ്മിറ്റി (എഫ്‌ഐഎസി) ഉടന്‍ യോഗം ചേരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.  എന്നാല്‍ സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ സുനില്‍ ബാര്‍ത്ത്വാള്‍ ഇക്കാര്യങ്ങളോട് പ്രതികരിച്ചില്ല.

പലിശ നിരക്കുകളുടെ ഇടിവും ഓഹരി വിപണിയിലെ ചാഞ്ചാട്ടവും നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനത്തെ ബാധിച്ചു. ഇപിഎഫ്ഒ 85% ഫണ്ടുകള്‍ ഡെറ്റ് ഉപകരണങ്ങളിലും 15% എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലുമാണ് (ഇടിഎഫ്) നിക്ഷേപിക്കുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിനോട് ഈ സാമ്പത്തിക വര്‍ഷത്തെ പലിശ നിരക്ക് 8.65 ശതമാനത്തില്‍ നിന്ന് 8.5 ശതമാനമായി കുറയ്ക്കണമെന്ന് എഫ്ഐഎസി ശുപാര്‍ശ ചെയ്തിരുന്നു.

കോവിഡ് -19 പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിനായി ജീവനക്കാരെയും തൊഴിലുടമകളെയും സഹായിക്കാന്‍ പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട ചില ദുരിതാശ്വാസ നടപടികള്‍ മാര്‍ച്ച് മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പ്രൊവിഡന്റ് ഫണ്ട് സംഭാവന ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കുമുള്ള അടിസ്ഥാന ശമ്പളത്തിന്റെ 12% ല്‍ നിന്ന് 10% ആയി മൂന്ന് മാസമായി കുറച്ചിട്ടുണ്ട്. ചില വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്കുള്ള സംഭാവനയുടെ തൊഴിലുടമയുടെ വിഹിതം സര്‍ക്കാര്‍ ആറുമാസത്തേക്ക് നല്‍കും. ജീവനക്കാരുടെ വിരമിക്കല്‍ സമ്പാദ്യത്തില്‍ കമ്പനികള്‍ക്ക് അവരുടെ പങ്ക് സംഭാവന ചെയ്യാന്‍ കൂടുതല്‍ സമയവും നല്‍കിയിട്ടുണ്ട്.

ലോക്ഡൗണ്‍ സമയത്ത് സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാന്‍ മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളം അല്ലെങ്കില്‍ സംഭാവനയുടെ 75% വരെ വരിക്കാര്‍ക്ക് പിന്‍വലിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഏപ്രില്‍, മെയ് മാസങ്ങളില്‍ 11,540 കോടി രൂപയുടെ 3.61 ദശലക്ഷം ക്ലെയിമുകള്‍ പരിഹരിച്ചതായി ഇപിഎഫ്ഒ അറിയിച്ചു. ഇതില്‍ പകുതിയും പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ യോജന (പിഎംജികെവൈ) പ്രകാരം അടുത്തിടെ അവതരിപ്പിച്ച കോവിഡ് -19 അഡ്വാന്‍സുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാക്കിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News