ഇടിഎഫുകള്‍ വഴി മിച്ച ഫണ്ടുകള്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കും; തീരുമാനമെടുത്ത് ഇഎസ്‌ഐസി
മിച്ച ഫണ്ടുകളുടെ 5 ശതമാനത്തില്‍ നിന്ന് നിക്ഷേപം ആരംഭിക്കുകയും രണ്ട് പാദങ്ങള്‍ക്ക് ശേഷമുള്ള അവലോകനത്തെ അടിസ്ഥാനമാക്കി 15 ശതമാനം വരെ വര്‍ധിക്കുകയും ചെയ്യും
സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ സ്ഥാപനമായ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇഎസ്‌ഐസി) എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) വഴി മിച്ചമുള്ള ഫണ്ടുകള്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിനുള്ള നിര്‍ദ്ദേശം അംഗീകരിച്ചു. കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ അധ്യക്ഷതയില്‍ നടന്ന ഇഎസ്‌ഐസിയുടെ 189-ാമത് യോഗത്തിലാണ് തീരുമാനം.
വിവിധ ഡെറ്റ് ഉപകരണങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് താരതമ്യേന കുറഞ്ഞ വരുമാനമായതുകൊണ്ടാണ് ഇടിഎഫുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഓഹരികളിലെ മിച്ച ഫണ്ടുകളുടെ നിക്ഷേപത്തിന് ഇഎസ്‌ഐസി അനുമതി നല്‍കിയത്. മിച്ച ഫണ്ടുകളുടെ 5 ശതമാനത്തില്‍ നിന്ന് നിക്ഷേപം ആരംഭിക്കുകയും രണ്ട് പാദങ്ങള്‍ക്ക് ശേഷമുള്ള നിക്ഷേപത്തിന്റെ അവലോകനത്തെ അടിസ്ഥാനമാക്കി 15 ശതമാനം വരെ വര്‍ധിക്കുകയും ചെയ്യും.
നിക്ഷേപം നിഫ്റ്റിയിലെയും സെന്‍സെക്‌സിലെയും എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് പരിമിതപ്പെടുത്തും. അസറ്റ് മാനേജ്മെന്റ് കമ്പനികളുടെ (എഎംഎസ്) ഫണ്ട് മാനേജര്‍മാരായിരിക്കും ഇത് നിയന്ത്രിക്കുക. ഇക്വിറ്റി നിക്ഷേപങ്ങള്‍ നിലവിലുള്ള കസ്റ്റോഡിയന്‍, എക്സ്റ്റേണല്‍ കണ്‍കറന്റ് ഓഡിറ്റര്‍, ഡെറ്റ് നിക്ഷേപങ്ങള്‍ നോക്കുന്ന കണ്‍സള്‍ട്ടന്റ് എന്നിവര്‍ നിരീക്ഷിക്കും.
ഇഎസ്ഐ പദ്ധതിയുടെ പരിധിയില്‍ വരുന്ന ഇന്‍ഷുറന്‍സ് തൊഴിലാളികളുടെയും അവരുടെ ആശ്രിതരുടെയും എണ്ണത്തിലുള്ള വര്‍ധനവ് കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യാദവ് ഇഎസ്‌ഐസിക്ക് നിര്‍ദ്ദേശം നല്‍കി. അടിസ്ഥാന സൗകര്യ നവീകരിണത്തിനായി 'നിര്‍മാണ്‍ സേ ശക്തി' സംരംഭം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.