സര്‍വീസ് കുറഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മരിച്ചാലും കുടുംബ പെന്‍ഷന്‍ 50%
സര്‍വീസിന്റെ ആദ്യ ഏഴ് വര്‍ഷത്തിനുള്ളില്‍ മരിക്കുന്ന കേന്ദ്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്കും അവസാനം വാങ്ങിയ ശമ്പളത്തിന്റെ 50% പെന്‍ഷനായി ലഭിക്കും. കുടുംബ പെന്‍ഷന്‍ സംബന്ധിച്ച പുതിയ ഭേദഗതിയിലാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്.
ഇതനുസരിച്ച് അടുത്ത മാസം മുതല്‍ കേന്ദ്ര ജീവനക്കാരുടെ മരണത്തിനു ശേഷം 10 വര്‍ഷം വരെ 50% പെന്‍ഷന്‍ കുടുംബത്തിന് ലഭിക്കും. പത്തുവര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ ഒക്ടോബര്‍ ഒന്നിനു ഭേദഗതി നിലവില്‍ വരും.
നിലവില്‍ ഏഴ് വര്‍ഷത്തിലേറെ തുടര്‍ച്ചയായ സര്‍വീസ് ഉള്ളവര്‍ മരിച്ചാല്‍ മാത്രമേ കുടുംബ പെന്‍ഷനായി ശമ്പളത്തിന്റെ പകുതി ലഭിച്ചിരുന്നുള്ളൂ. ആദ്യ ഏഴ് വര്‍ഷം വരെ സര്‍വീസുള്ളവര്‍ മരിച്ചാല്‍ 30% ശമ്പളമാണ് കുടുംബ പെന്‍ഷനായി നല്‍കിയിരുന്നത്. ഇതാണ് 50 ശതമാനമാക്കി പുതുക്കിയിരിക്കുന്നത്.