പെന്‍ഷന്‍ തുക ഉയര്‍ത്തല്‍; ഭിന്നാഭിപ്രായവുമായി കേന്ദ്ര തൊഴില്‍-ധന മന്ത്രാലയങ്ങള്‍

75.5 ലക്ഷം പെന്‍ഷന്‍കാരില്‍ 36.4 ലക്ഷം പേര്‍ക്ക് 1,000 രൂപ വരെ പ്രതിമാസ പെന്‍ഷന്‍ ലഭിച്ചു

Update:2024-02-12 14:55 IST

Image:canva

എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിന് (ഇ.പി.എസ്) കീഴിലുള്ള പ്രതിമാസ പെന്‍ഷന്റെ കുറഞ്ഞ തുക 1,000 രൂപയില്‍ നിന്ന് 2,000 രൂപയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയം അയച്ച നിര്‍ദ്ദേശം തള്ളി കേന്ദ്ര ധനമന്ത്രാലയം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇ.പി.എഫ്.ഒ) കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സി.ബി.ടി) കഴിഞ്ഞദിവസം നടത്തിയ യോഗത്തിലാണ് നിര്‍ദ്ദേശം നിരസിച്ച വിവരം പുറത്തുവിട്ടത്.

2022-23 സാമ്പത്തിക വര്‍ഷത്തിലെ സോഷ്യല്‍ സെക്യൂരിറ്റി ഓര്‍ഗനൈസേഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതിക്ക് കീഴിലുള്ള മൊത്തം 75.5 ലക്ഷം പെന്‍ഷന്‍കാരില്‍ 36.4 ലക്ഷം പേര്‍ക്ക് 1,000 രൂപ വരെ പ്രതിമാസ പെന്‍ഷന്‍ ലഭിച്ചു. 11.7 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് 1,001 മുതല്‍ 1,500 രൂപ വരെ ലഭിച്ചു. ഏകദേശം 8.68 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് പ്രതിമാസം 1,501 മുതല്‍ 2,000 രൂപ വരെ ലഭിച്ചു. 26,769 പെന്‍ഷന്‍കാര്‍ക്ക് മാത്രമാണ് പ്രതിമാസം 5,000 രൂപയ്ക്ക് മുകളില്‍ ലഭിച്ചത്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ 235-ാമത് യോഗത്തില്‍ 29 കോടിയിലധികം വരുന്ന മൊത്തം വരിക്കാര്‍ക്ക് 2024 സാമ്പത്തിക വര്‍ഷത്തില്‍ 8.25 ശതമാനം എന്ന മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന പലിശ നിരക്ക് ശുപാര്‍ശ ചെയ്തു. ഇതില്‍ 6.8 കോടിയോളം പേര്‍ സജീവമായി സംഭാവന ചെയ്യുന്ന വരിക്കാരാണ്. ഇ.പി.എഫ് അംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് 1.07 ലക്ഷം കോടി രൂപ വിതരണം ചെയ്യാന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.


Tags:    

Similar News