പേഴ്‌സണൽ ലോണുകൾ ഊരാക്കുടുക്കാകാതിരിക്കാന്‍, ശ്രദ്ധിക്കണം ഈ അഞ്ച് കാര്യങ്ങള്‍

ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്‌താൽ പേഴ്സണൽ ലോണുകൾ മൂലമുണ്ടാകുന്ന അധിക ബാധ്യതകള്‍ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും

Update:2024-06-17 10:30 IST

Photo : Canva

ബിസിനസ് ആവശ്യങ്ങൾക്കും  വ്യക്തിപരമായും ചെലവുകൾക്കും പെട്ടെന്ന് പണം ആവശ്യമായി വരുമ്പോൾ കൂടുതൽ പേരും ആശ്രയിക്കുന്നത് വ്യക്തിഗത വായ്പകള്‍ അഥവാ പേഴ്‌സണല്‍ വായ്പകളെയാണ്. അവശ്യ സമയങ്ങളില്‍ താങ്ങായെത്തുന്ന ഈ പേഴ്‌സണല്‍ വായ്പകള്‍ പക്ഷെ ഭാവിയില്‍ ഊരാക്കുടുക്കായി മാറുന്നത് കാണാറുണ്ട്. അതുകൊണ്ട് തന്നെ പണം കണ്ടെത്താന്‍ മറ്റ് മാര്‍ഗങ്ങളില്ലെങ്കില്‍ മാത്രം പേഴ്‌സണല്‍ വായ്പകളെ ആശ്രയിക്കുന്നതാണ് ഉചിതം. മാത്രമല്ല വായ്പകളെടുക്കുമ്പോള്‍ തന്നെ അത് തിരിച്ചടയ്ക്കാനുള്ള മാര്‍ഗം കൂടി കണ്ടെത്തുകയും വീഴ്ച വരാതെ മുന്നോട്ട് പോകാനാകുമെന്ന് ഉറപ്പാക്കുകയും വേണം. വായ്പയെടുക്കും മുമ്പ് തന്നെ നിബന്ധനകള്‍ ന്നനായി വായിച്ചു മനസിലാക്കുകയും ചെയ്യണം. പേഴ്‌സണല്‍ വായ്പകളില്‍ ശ്രദ്ധിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങള്‍ നോക്കാം.

വരവ് ചെലവുകളെക്കുറിച്ച് ഉത്തമ ധാരണ വേണം

വായ്‌പ എടുക്കുന്നത് പ്രതിമാസ ചെലവുകൾ വർധിപ്പിക്കുന്നുവന്നത് മറക്കരുത്. ആദ്യം സ്വന്തം സാമ്പത്തികസ്ഥിതി നന്നായി വിലയിരുത്തി വരവുകളും ചെലവുകളും മുൻപേയുള്ള കടങ്ങളും  വേർതിരിക്കുക . കുറയ്ക്കാനാകുന്ന   ചെലവുകൾ പരമാവധി കുറച്ച് മിച്ചം പിടിക്കുന്ന തുകയും അതേപോലെ  ബോണസുകൾ, നികുതി റീഫണ്ടുകൾ എന്നിങ്ങനെ അധികമായി ലഭിക്കുന്ന പണവും വായ്പ അടച്ചു തീർക്കാനായി  മാറ്റിവയ്ക്കുക. 

വ്യവസ്ഥകൾ നന്നായി മനസിലാക്കുക

വായ്പയുടെ കരാർ നന്നായി വായിച്ച് നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി മനസിലാക്കുക. പലിശ നിരക്ക്,  തിരിച്ചടയ്ക്കാനുള്ള കാലയളവ്, പണമടയ്ക്കുന്നത് വൈകിയാലുണ്ടാകുന്ന പിഴ തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കുക. ചില വായ്പ്ക്കാർ കാലാവധിക്ക് മുന്നേ തുക അടച്ച് തീർക്കുന്നതിനും പിഴ (പ്രീ പയ്മെന്റ്റ് പെനാലിറ്റി) ഈടാക്കാറുണ്ടെന്ന് ശ്രദ്ധിക്കുക.

ഓട്ടോ പേ സൗകര്യങ്ങൾ

മാസാമാസം നിശ്ചിത തുക അടയ്ക്കുന്നുണ്ടെന്നു  ഉറപ്പ് വരുത്താൻ ഓട്ടോ പേ മാർഗം സ്വീകരിക്കാം. അക്കൗണ്ട് വിവരങ്ങളും നിശ്ചിത തുകയും എല്ലാ മാസവും നമ്മുടെ അക്കൗണ്ടിൽ നിന്നും വായ്പയിലേക്ക്  ഈടാക്കാൻ അനുവദിക്കുന്ന സംവിധാനമാണിത്. പണം അടയ്ക്കുന്നത്തിൽ വീഴ്ച വരാതിരിക്കാൻ ഇത് സഹായിക്കും. പാലപ്പഴും കയ്യിൽ കൂടുതൽ കാശ് വന്നു ചേർന്നാലും വായ്പകൾ അടച്ചു തീർക്കാൻ മടി കാണിക്കാറുണ്ട് പലരും. മറ്റു പല ആവശ്യങ്ങൾക്കും മുൻഗണന നൽകുമ്പോൾ വായ്പ തിരിച്ചടവിൽ ഉഴപ്പു കാണിക്കും. 

സാധ്യമെങ്കിൽ ഒന്നിലധികം തവണ പണമടയ്ക്കുക

ഒരു മാസം നിശയിച്ചിരിക്കുന്ന തുകയിലും കൂടുതൽ തുക അടയ്ക്കാനോ ഒന്നിൽ കൂടുതൽ തവണ പണം അടയ്ക്കാനോ സാധിച്ചാൽ അത് മൊത്തം പലിശ അടവുകളുടെ എണ്ണം കുറയ്ക്കുകയും നിങ്ങളെ പെട്ടെന്ന് കടത്തിൽ നിന്ന് മോചിതരാകാൻ സഹായിക്കുകയും ചെയ്യും. എന്നാൽ പ്രീപെയ്‌മെന്റ് പിഴകൾ ഉണ്ടോ എന്നറിയുകയും ഇത് മൂലം ലാഭത്തേക്കാൾ നഷ്ട്ടം വരുമോ എന്ന് വിലയിരുത്തുകയും വേണം.

റീഫിനാൻസിങ്  സാധ്യതകൾ പരിശോധിക്കുക

കൃത്യ സമയത്ത് പണം അടയ്ക്കുന്നത് വഴി നേടുന്ന ഉയർന്ന ക്രെഡിറ്റ് സ്കോർ നിങ്ങളെ റീഫിനാൻസിങ്ങിന് അർഹരാക്കിയേക്കാം. ലോണെടുത്തപ്പോൾ നിശ്ചയിച്ചിരുന്നതിൽ നിന്നും പലിശ നിരക്ക് കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. തിരിച്ചടയ്‌ക്കേണ്ട തുകയിൽ ഇത് നല്ല കുറവുണ്ടാക്കുകായും ചെയ്യും. ഉയർന്ന പലിശ നിരക്കുള്ള പല ലോണുകൾ ഉണ്ടെങ്കിൽ അവയെല്ലാം കൂടി ഒരുമിച്ചാക്കി കുറഞ്ഞ പലിശ നിരക്കുള്ള ഒരു പേഴ്‌സണൽ ലോണാക്കി മാറ്റുന്നത്  കടബാധ്യത കുറയ്ക്കാൻ സഹായിക്കും. 

മുന്നിലുള്ള എല്ലാ മാര്ഗങ്ങളും പരിഗണിച്ച ശേഷം അത്യാവശ്യമെങ്കിൽ മാത്രം പേർസണൽ വായ്പകളെടുക്കാൻ പ്രത്യേകം ഓർക്കുക. കാരണം മറ്റു വായ്പകൾ അപേക്ഷിച്ചു പലിശ നിരക്കുകൾ കൂടുതലാണ് പേഴ്‌സണല്‍ വായ്പകൾക്ക്. 

Tags:    

Similar News