ക്രെഡിറ്റ് കാർഡുകൾക്ക് ഈടാക്കുന്ന വ്യത്യസ്ത തരം ഫീസുകളെക്കുറിച്ച് നിങ്ങള്‍ക്ക് ധാരണയില്ലേ? അവ എങ്ങനെ ഒഴിവാക്കാം

ചില ക്രെഡിറ്റ് കാർഡുകൾ കൈവശം വയ്ക്കുന്നതിനായി ബാങ്കുകള്‍ വാർഷിക ഫീസ് ഈടാക്കുന്നുണ്ട്

Update:2024-10-15 15:29 IST

Image Courtesy: Canva

ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ ചുരുക്കം. എല്ലാ ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കാന്‍ ഉപയോക്താക്കള്‍ക്ക് വളരെയധികം പ്രോത്സാഹനങ്ങളാണ് നല്‍കുന്നത്. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് നിശ്ചിത ഫീസ് ബാങ്കുകള്‍ ഈടാക്കുന്നുണ്ട്.
വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ ക്രെഡിറ്റ് കാർഡ് ഫീസ് വലിയ തുകയായി കുമിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഉപയോക്താക്കള്‍ വിവിധ തരത്തിലുള്ള ഫീസുകൾ മനസിലാക്കുകയും അവ ഒഴിവാക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
പൊതുവായ ക്രെഡിറ്റ് കാർഡ് ഫീസ് നിരക്കുകളും അവ ഒഴിവാക്കാൻ ഉപയോക്താവ് സ്വീകരിക്കേണ്ട നടപടികളും പരിശോധിക്കുകയാണ് ഇവിടെ.

ഈടാക്കുന്ന പ്രധാന ഫീസുകള്‍

വാർഷിക ഫീസ്: ചില ക്രെഡിറ്റ് കാർഡുകൾ കൈവശം വയ്ക്കുന്നതിനായി ബാങ്കുകള്‍ വാർഷിക ഫീസ് ഈടാക്കുന്നുണ്ട്. റിവാർഡുകളോ ആനുകൂല്യങ്ങളോ നൽകുന്ന ഉയർന്ന പ്രീമിയം കാർഡുകൾക്കാണ് ഇത്തരത്തില്‍ ഫീസ് ഈടാക്കുന്നത്.
എങ്ങനെ ഒഴിവാക്കാം: വാർഷിക ഫീസുകളില്ലാത്ത കാർഡുകൾ ഉപയോക്താവിന് തിരഞ്ഞെടുക്കാവുന്നതാണ്. അല്ലെങ്കിൽ കാർഡിന്റെ ആനുകൂല്യങ്ങൾ നിങ്ങള്‍ക്ക് വരുന്ന ചെലവിനേക്കാൾ കൂടുതലാണോ എന്ന് പരിശോധിക്കാം. ചില സമയങ്ങളിൽ നിങ്ങൾക്ക് കാര്‍ഡ് ഇഷ്യു ചെയ്യുന്ന സ്ഥാപനങ്ങളുമായി ചർച്ച നടത്തിയും ഫീസ് ഒഴിവാക്കാം. ദീർഘകാല ഉപയോക്താക്കളെയാണ് ഇത്തരത്തില്‍ പരിഗണിക്കുക.
പലിശ നിരക്കുകൾ: നിശ്ചിത തീയതിക്കകം നിങ്ങൾ അടയ്‌ക്കാത്ത തുകയ്‌ക്ക് ബാങ്കുകൾ സാധാരണയായി പലിശ ഈടാക്കും. ഇത്തരത്തില്‍ പലിശ പോകുന്നത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോഴുളള ഏറ്റവും പ്രധാനപ്പെട്ട ചെലവുകളിൽ ഒന്നാണ്.
എങ്ങനെ ഒഴിവാക്കാം: പലിശ നൽകാതിരിക്കാൻ എല്ലാ മാസവും നിങ്ങളുടെ ബാലൻസ് പൂർണമായി അടച്ചു തീര്‍ക്കുകയാണ് വേണ്ടത്. പലിശ ഇല്ലാതെയുളള കാര്‍ഡുകളും ഉപയോക്താക്കള്‍ക്ക് പരിഗണിക്കാവുന്നതാണ്.
വൈകി അടയ്ക്കുന്ന പേയ്‌മെന്റിന് ഈടാക്കുന്ന ഫീസ്: നിങ്ങള്‍ അവസാന തീയതിക്ക് ശേഷമാണ് പേയ്‌മെന്റ് അടയ്ക്കുന്നതെങ്കില്‍, 
കാർഡ് ഇഷ്യൂവർ
 ഉപയോക്താക്കളുടെ പക്കല്‍ നിന്ന് ലേറ്റ് ഫീ ഈടാക്കുന്നതാണ്.
എങ്ങനെ ഒഴിവാക്കാം: എല്ലായ്പ്പോഴും കൃത്യസമയത്ത് പേയ്മെന്റുകള്‍ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിങ്ങള്‍ക്ക് സ്വന്തമായി പേയ്‌മെന്റ് ഓർമ്മപ്പെടുത്തലുകള്‍ സജ്ജീകരിക്കാവുന്നതാണ്. ചില കാർഡുകൾ നഷ്‌ടപ്പെടുത്തുന്ന ആദ്യ പേയ്‌മെന്റിന് ലേറ്റ് ഫീ ഒഴിവാക്കി നല്‍കുന്നുണ്ട്. ഇത് അറിയുന്നതിനായി നിങ്ങളുടെ കാർഡിന്റെ നിബന്ധനകൾ പരിശോധിക്കാന്‍ ശ്രദ്ധിക്കുക.
ബാലൻസ് ട്രാൻസ്ഫർ ഫീസ്: നിങ്ങൾ ഒരു കാർഡിൽ നിന്ന് മറ്റൊന്നിലേക്ക് ബാലൻസ് ട്രാൻസ്ഫർ ചെയ്യുകയാണെങ്കിൽ, ഫീസ് ഈടാക്കാനുളള സാധ്യതകള്‍ ഉണ്ട്. സാധാരണയായി ട്രാൻസ്ഫർ ചെയ്ത തുകയുടെ 3 ശതമാനം മുതൽ 5 ശതമാനം വരെയാണ് ഇത്തരത്തില്‍ ഫീസ് ഈടാക്കുന്നത്.
എങ്ങനെ ഒഴിവാക്കാം: കുറഞ്ഞ ബാലൻസ് ട്രാൻസ്ഫർ ഫീസ് ഈടാക്കുന്ന കാര്‍ഡുകളോ ബാലൻസ് ട്രാൻസ്ഫറുകൾക്ക് കുറഞ്ഞ പ്രമോഷണൽ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡുകളോ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. പലിശ നിരക്കുകൾ ഒഴിവാക്കാനായി പ്രമോഷണൽ കാലയളവ് എപ്പോൾ അവസാനിക്കുമെന്ന് ഉപയോക്താവ് നേരത്തെ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
കാർഡ് റീപ്ലേസ്‌മെന്റ് ഫീസ്: നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ കാർഡ് മാറ്റിയെടുക്കുന്നതിന് കാര്‍ഡ് ഇഷ്യു ചെയ്യുന്ന ചില സ്ഥാപനങ്ങള്‍ ഫീസ് ഈടാക്കുന്നു. പക്ഷെ പ്രധാനപ്പെട്ട പല ബാങ്കുകളും ഈ ഫീസ് ഒഴിവാക്കുകയാണ് പതിവ്.
എങ്ങനെ ഒഴിവാക്കാം: നിങ്ങളുടെ കാർഡ് ശ്രദ്ധാപൂർവം കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക, സുരക്ഷിതമായി സൂക്ഷിക്കുക. ചില ഇഷ്യൂവർമാർ സൗജന്യ റീപ്ലേസ്മെന്റ് വാഗ്ദാനം ചെയ്യുന്നതിനാല്‍, നിങ്ങളുടെ കാർഡിന്റെ നിബന്ധനകള്‍ പരിശോധിക്കാന്‍ ശ്രദ്ധിക്കുക.
ക്യാഷ് അഡ്വാൻസ് ഫീസ്: എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ, ബാങ്കുകള്‍ ഉപയോക്താവിന്റെ പക്കല്‍ നിന്ന് ഒരു നിശ്ചിത ഫീസ് ഈടാക്കുന്നതാണ്. സാധാരണയായി തുകയുടെ 3 ശതമാനം മുതൽ 5 ശതമാനം വരെയാണ് ഇത്തരത്തില്‍ ഫീസ് ഈടാക്കുന്നത്.
എങ്ങനെ ഒഴിവാക്കാം: എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാൻ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് ഒഴിവാക്കുക. നിങ്ങൾക്ക് പണം ആവശ്യമുണ്ടെങ്കിൽ നിങ്ങളുടെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുക. അല്ലെങ്കിൽ പേഴ്സണൽ ലോൺ പോലുള്ള ഇതര ഓപ്ഷനുകൾ കണ്ടെത്താവുന്നതാണ്.

പിന്തുടരേണ്ട ടിപ്പുകൾ

ക്രെഡിറ്റ് കാർഡ് ഫീസ് ഒഴിവാക്കാൻ ഉപയോക്താവിന് ഒട്ടേറെ നടപടികൾ സ്വീകരിക്കാവുന്നതാണ്. പൂർണമായി പെയ്മെന്റ് അടയ്ക്കുക, ക്യാഷ് അഡ്വാൻസുകൾ ഒഴിവാക്കുക, നിങ്ങളുടെ അക്കൗണ്ട് സ്ഥിരമായി നിരീക്ഷിക്കുക, നോ-ഫീസ് കാർഡുകൾ (ഫീസ് ഇല്ലാത്ത കാര്‍ഡുകള്‍) തിരഞ്ഞെടുക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോക്കാവിന് സ്വീകരിക്കാവുന്നതാണ്.
നോ-ഫീ കാർഡുകൾ തിരഞ്ഞെടുക്കുക: വാർഷിക ഫീസ്, ബാലൻസ് ട്രാൻസ്ഫർ ഫീസ്, ഫോറിന്‍ ട്രാന്‍സാക്ഷന്‍ ഫീസ് തുടങ്ങിയവ ഇല്ലാത്ത കാർഡുകൾ തിരഞ്ഞെടുക്കാന്‍ പരമാവധി ശ്രദ്ധിക്കുക.
പൂർണ്ണമായും കൃത്യസമയത്തും പേയ്മെന്റ് അടയ്ക്കാന്‍ ശ്രമിക്കുക:
എല്ലാ മാസവും നിങ്ങളുടെ ബാലൻസ് പൂർണമായി അടച്ച് പലിശയും വൈകിയാല്‍ ഈടാക്കുന്ന ഫീസും ഒഴിവാക്കുക. പേയ്മെന്റിന്റെ അവസാന തീയതി ഒരിക്കലും മറക്കാതിരിക്കുക.
ക്യാഷ് അഡ്വാൻസുകൾ ഒഴിവാക്കുക: അവ ഉയർന്ന ഫീസും പലിശ നിരക്കും ഈടാക്കുന്നതാണ്.
നിങ്ങളുടെ അക്കൗണ്ട് നിരീക്ഷിക്കുക: നിങ്ങളുടെ ക്രെഡിറ്റ് പരിധിക്ക് താഴെ മാത്രം തുക ചെലവഴിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ കാര്‍ഡിന്റെ നിബന്ധനകളിലെ ഫീസ് നിരക്കുകള്‍ പരിശോധിക്കുക.
ഉപയോക്താവ് കാർഡിന്റെ നിബന്ധനകളെയും വ്യവസ്ഥകളെയും കുറിച്ച് ബോധവാന്മാരാകേണ്ടത് പരമ പ്രധാനമാണ്. കാര്‍ഡ് ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാൻ പഠിക്കുന്നതിലൂടെ നിങ്ങൾക്ക് മിക്ക ക്രെഡിറ്റ് കാർഡ് ഫീസുകളും ഒഴിവാക്കാന്‍ സാധിക്കുന്നതാണ്.
Tags:    

Similar News