പെന്‍ഷന് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം; എങ്ങനെ?

നവംബര്‍ 30ന് മുമ്പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് കൊടുത്തില്ലെങ്കില്‍ ഡിസംബര്‍ ഒന്നു മുതല്‍ പെന്‍ഷന്‍ കിട്ടിയില്ലെന്നു വരാം.

Update:2024-11-13 12:20 IST

Photo : Canva

കേന്ദ്ര-സംസ്ഥാന പെന്‍ഷന്‍കാര്‍ക്ക് ഒരു ജാഗ്രത നിര്‍ദേശം. പെന്‍ഷന്‍ മുടങ്ങാതെ കിട്ടാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട സമയമാണിത്. വ്യക്തി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഔദ്യോഗിക രേഖയാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ്. ഓരോ വര്‍ഷവും നല്‍കേണ്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ഈ മാസം 30 വരെയാണ് സമയം. എണ്‍പതു കഴിഞ്ഞ സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍മാരുടെ കാര്യത്തില്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം ഒക്‌ടോബര്‍ ഒന്നിന് തുടങ്ങിയിരുന്നു. അവര്‍ക്കും അവസാന തീയതി നവംബര്‍ 30 തന്നെ.
ഡിജിറ്റലായും അല്ലാതെയും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സൗകര്യമുണ്ട്. ജീവന്‍ പ്രമാണ്‍ പോര്‍ട്ടല്‍ വഴി ഡിജിറ്റലായി നല്‍കാം. ബയോമെട്രിക് സാക്ഷ്യപ്പെടുത്തല്‍ വേണം. യാത്രക്ക് ശാരീരിക പ്രയാസമുള്ളവരെ ചില ബാങ്കുകള്‍ വീട്ടിലെത്തി രേഖാ സമര്‍പ്പണത്തിന് സൗകര്യം ചെയ്യുന്നുണ്ട്. ചില തപാല്‍ ഓഫീസുകളില്‍ ബയോമെട്രിക് സൗകര്യമുണ്ട്. ബാങ്ക് ശാഖകളില്‍ കടലാസിലുള്ള നിശ്ചിത ഫോറം നേരിട്ട് സമര്‍പ്പിക്കുകയും ചെയ്യാം. ആധാര്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയവയുടെ പകര്‍പ്പ് കൈവശം വെക്കണം.
ജീവന്‍ പ്രമാണ്‍ പോര്‍ട്ടലില്‍ ഡിജിറ്റലായി സമര്‍പ്പിക്കുന്നതിന് ആധാര്‍ ബന്ധിപ്പിച്ചിരിക്കണം. മുഖചിത്രമെടുക്കാന്‍ ഗൂഗ്ള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ജീവന്‍ പ്രമാണ്‍ ഫേസ് ആപ് ഡൗണ്‍ലോഡ് ചെയ്യണം. ബയോമെട്രിക് വിവരങ്ങള്‍ സമര്‍പ്പിച്ച ശേഷം സര്‍ട്ടിഫിക്കറ്റ് കിട്ടാനുള്ള ലിങ്ക് ഡൗണ്‍ലോഡ് ചെയ്യാം. ഈ സൗകര്യങ്ങള്‍ അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാണ്. നവംബര്‍ 30ന് മുമ്പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് കൊടുത്തില്ലെങ്കില്‍ ഡിസംബര്‍ ഒന്നു മുതല്‍ പെന്‍ഷന്‍ കിട്ടിയില്ലെന്നു വരാം.
Tags:    

Similar News