മാസം 200 രൂപ എടുക്കാനുണ്ടോ, ആര്‍ക്കും ചേരാം എല്‍.ഐ.സിയുടെ ഈ കുഞ്ഞന്‍ എസ്.ഐ.പികളില്‍
ദിവസ, മാസ, ത്രൈമാസ എസ്.ഐ.പി പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്
ചെറിയ തുകകള്‍ നിക്ഷേപിക്കാനാഗ്രിക്കുന്നവരെ ലക്ഷ്യമിട്ട് പ്രത്യേക എസ്.ഐ.പി പദ്ധതികള്‍ ആരംഭിച്ചിരിക്കുകയാണ് എല്‍.ഐ.സി മ്യൂച്വല്‍ഫണ്ട്. ദിവസ, മാസ, ത്രൈമാസ എസ്.ഐ.പി പദ്ധതികളാണിത്.
എല്‍.ഐ.സി എം.എഫ് ഇ.എല്‍.എസ്.എസ് ടാക്‌സ് സേവര്‍, എല്‍.ഐ.സി എം.എഫ് യൂലിപ്പ് എന്നിവ ഒഴികെയുള്ള എല്‍.ഐസിയുടെ മറ്റ് മ്യൂച്വല്‍ഫണ്ട് പദ്ധതികളിലെല്ലാം ഈ എസ്.ഐ.പി അനുവദിക്കും.
മൂന്നു കാലാവധിയിൽ എസ്.ഐ.പി
പ്രതിദിന എസ്.ഐ.പിയാണെങ്കില്‍ 100 രൂപ മുതല്‍ നിക്ഷേപിക്കാം. 60 തവണയാണ് ഏറ്റവും കുറഞ്ഞ കാലാവധി. പ്രതിമാസ എസ്.ഐ.പിയില്‍ 200 രൂപ മുതല്‍ നിക്ഷേപിക്കണം. 30 തവണകളാണ് അടയ്‌ക്കേണ്ടത്.
ത്രൈമാസ എസ്.ഐ.പി പദ്ധതിയില്‍ 1,000 രൂപയാണ് കുറഞ്ഞത് നിക്ഷേപിക്കേണ്ടത്. കുറഞ്ഞത് ആറ് തവണകള്‍ അടയ്ക്കണം. അതായത് ഓരോ കാലാവധിയിലും കുറഞ്ഞത് 6,000 രൂപ നിക്ഷേപിക്കണം.
പ്രതിദിന എസ്.ഐ.പികളില്‍ പ്രവൃത്തി ദിനങ്ങളില്‍ മാത്രമാണ് നിക്ഷേപം നടത്താനാകുക. മാസ, ത്രൈമാസ എസ്.ഐ.പികളില്‍ എല്ലാ മാസവും ഒന്നിനും 28നും ഇടയിലുള്ള തീയതിയില്‍ നിക്ഷേപിക്കണം.
പോക്കറ്റ് മണികൊണ്ട് നിക്ഷേപം
മ്യൂച്വല്‍ഫണ്ട് ഹൗസുകളുമായി ചേര്‍ന്ന് 250 രൂപ മാസ തവണ വരുന്ന മൈക്രോ എസ്.ഐ.പികള്‍ ആരംഭിക്കണമെന്ന സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുചിന്റെ വാക്കുകളുടെ പശ്ചാത്തലത്തിലാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പോക്കറ്റ് മണി കൊണ്ടു പോലും ഓഹരി വിപണിയിലെ നിക്ഷേപത്തിന്റെ ഭാഗമായി മാറാന്‍ ഈ കുഞ്ഞന്‍ എസ്.ഐ.പികള്‍ സഹായിക്കും. ചിട്ടയായ നിക്ഷേപത്തിലൂടെ സമ്പത്ത് വളര്‍ത്താന്‍ സാധിക്കുമെന്നാണ് എസ്.ഐ.പികളുടെ ഗുണം. മറ്റ് മ്യൂച്വല്‍ഫണ്ട് ഹൗസുകളും പ്രതിദിന എസ്.ഐ.പികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ജോലിയില്‍ തുടക്കാക്കരായവര്‍, ചെറിയ സ്‌റ്റൈപ്പന്‍ഡ് ലഭിക്കുന്നവര്‍, ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപിച്ചിട്ടില്ലാത്ത വീട്ടമ്മമാര്‍, റിട്ടയേഡ് ജീവനക്കാര്‍ എന്നിവര്‍ക്കും ഈ എസ്.ഐ.പികള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ വഴിയോ ആപ്പുകള്‍ വഴിയോ എല്‍.ഐ.സി മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപിക്കാം.