കുട്ടികള്‍ക്കായി നിക്ഷേപിച്ചേ തീരൂ, പക്ഷേ എങ്ങനെ? ശിശുദിനം തീരുമാനമെടുക്കാനുള്ള അവസരം

പദ്ധതി ഏതുമാകട്ടെ. ഓര്‍ക്കുക: സമ്പാദ്യശീലം ഭാവിക്ക് ഗുണകരം

Update:2024-11-14 13:00 IST

image credit : canva

ശിശുദിനം മാതാപിതാക്കള്‍ക്ക് ചില നല്ല ചുവടുവെയ്പുകള്‍ക്കുള്ള അവസരമാണ്. കുട്ടികളുടെ ഭാവിക്കു വേണ്ടി ചിലതൊക്കെ ആലോചിച്ച് ഉറപ്പിക്കാം. സമ്പാദ്യ ശീലം വളര്‍ത്താനും അവരുടെ സാമ്പത്തിക ഭദ്രതക്കു വേണ്ടിയും ഏറ്റവും നേരത്തെ തുടക്കമിട്ടാല്‍ അത്രയും നല്ലത്. അതിനുള്ള ചില ആശയങ്ങളാണ് മുന്നോട്ടു വെക്കുന്നത്.
കുട്ടികളുടെ ഭാവിയെ കരുതി ചെയ്യാന്‍ കഴിയുന്ന ഒന്‍പത് കാര്യങ്ങളെങ്കിലുമുണ്ട്. 1. ബാങ്കില്‍ സ്ഥിര നിക്ഷേപം 2. മ്യൂച്വല്‍ ഫണ്ട് 3. എന്‍.പി.എസ് വാത്‌സല്യ. 4. കുട്ടികള്‍ക്കുള്ള പി.പി.എഫ് 5. റിക്കറിംഗ് ഡെപ്പോസിറ്റ് 6. പെണ്‍കുട്ടികള്‍ക്കായി സുകന്യ സമൃദ്ധി യോജന. 7. മൈനര്‍ സേവിംഗ്‌സ് അക്കൗണ്ട് 8. ആരോഗ്യ ഇന്‍ഷുറന്‍സ് 
9. സ്വര്‍ണം.

ചില കാര്യങ്ങള്‍ മനസില്‍ ഉണ്ടാവണം

ഇതിലൊന്നു തീരുമാനിക്കുമ്പോള്‍ ചില കാര്യങ്ങള്‍ മനസില്‍ ഉണ്ടാവണം. 18 വയസില്‍ താഴെയുള്ളവരുടെ പി.പി.എഫിന് 15 വര്‍ഷം ലോക്ക് ഇന്‍ പീരിയഡ് ഉണ്ട്. ഈ കാലാവധി കഴിയാതെ നിക്ഷേപം മുഴുവനായി പിന്‍വലിക്കാന്‍ പറ്റില്ല. സുകന്യ സമൃദ്ധി യോജന 10 വയസിനു മുമ്പ് തുടങ്ങണം. ഇതിനും നിശ്ചിത കാലം കഴിയാതെ നിക്ഷേപത്തുക പിന്‍വലിക്കാന്‍ കഴിയില്ല.
മ്യൂച്വല്‍ ഫണ്ടില്‍ പണമിട്ടാല്‍ ദീര്‍ഘകാലത്തേക്കാണ് എന്നോര്‍മിക്കണം. എസ്.ഐ.പി തുടങ്ങുന്നത് നല്ല ഓപ്ഷനാണ്. ലോക് ഇന്‍ പീരിയഡ് ഇല്ലെങ്കില്‍ക്കൂടി ഓടിച്ചെന്ന് പിന്‍വലിച്ചാല്‍ നഷ്ടം സംഭവിക്കാം. ചുരുക്കത്തില്‍, മൂന്നു വര്‍ഷത്തില്‍ കുറയാത്തതും 15-20 വര്‍ഷത്തെ ലക്ഷ്യങ്ങള്‍ മുന്നില്‍ വെക്കുന്നതുമാകണം കുട്ടികള്‍ക്കായുള്ള നിക്ഷേപങ്ങള്‍. ഇന്‍ഷുറന്‍സ് ചൈല്‍ഡ് പ്ലാനില്‍ പ്രീമിയം മുടങ്ങാതെ ദീര്‍ഘകാലം അടക്കേണ്ടതുണ്ട്.

ചെറിയ തുകയുടേതായാലും നിക്ഷേപം നടത്തുക

ചെറിയ തുകയുടേതായാലും തവണകളായെങ്കിലും നിക്ഷേപം നടത്തുക. പണപ്പെരുപ്പത്തെയും വിദ്യാഭ്യാസ, ആരോഗ്യ ചെലവുകളിലെ പ്രതിവര്‍ഷ വര്‍ധനവിനെയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ മറികടക്കാന്‍ അത് നിര്‍ബന്ധമാണ്. എഫ്.ഡിയാകുമ്പോള്‍ പലിശയും റിസ്‌കും കുറയും; എം.എഫ് ആകുമ്പോള്‍ നേട്ടവും റിസ്‌കും കൂടും. ആലോചിച്ച് ഉറപ്പിക്കുന്ന പദ്ധതി ഏതുമാകട്ടെ. ഓര്‍ക്കുക: സമ്പാദ്യശീലം ഭാവിക്ക് ഗുണകരം.
Tags:    

Similar News