പുതുവര്‍ഷമായില്ലേ സമ്പാദിച്ച് തുടങ്ങൂ! 5 ചെറു നിക്ഷേപ പദ്ധതികളും പുതിയ പലിശനിരക്കുകളും

Update:2020-01-06 13:15 IST

പുതുവര്‍ഷമായതോടെ പലരും ചെറു നിക്ഷേപങ്ങള്‍ നടത്താനുള്ള തീരുമാനമൊക്കെയായി മുന്നോട്ടു പോകുകയാണ്. സാധാരണക്കാരാണ് സര്‍ക്കാര്‍ നല്‍കുന്ന ചെറു നിക്ഷേപ പദ്ധതികളിലൂടെ ഭാവിയിലേക്കുള്ള ചെറിയ സമ്പാദ്യങ്ങള്‍ സ്വപ്‌നം കാണുന്നവരിലേറെയും. നിലവില്‍, റിക്കറിംഗ് ഡിപ്പോസിറ്റ് (ആര്‍ഡി), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ), സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (എസ്സിഎസ്എസ്) എന്നിവയുള്‍പ്പെടെ ഒമ്പത് തരം ചെറുകിട നിക്ഷേപ പദ്ധതികളാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. ഈ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിലാണ് ധനമന്ത്രാലയം അവലോകനം ചെയ്യുന്നത്. ഇതാ ഏറ്റവും പ്രചാരമുള്ള 5 ചെറു നിക്ഷേപ പദ്ധതികളുടെ ഇപ്പോഴത്തെ പലിശ നിരക്കുകള്‍ അറിയാം.

  • നാഷണല്‍ സേവിംഗ്‌സ് റിക്കറിംഗ് ഡിപ്പോസിറ്റ്

ഒരു ബാങ്ക് അല്ലെങ്കില്‍ ഒരു പോസ്റ്റ് ഓഫീസ് വഴി തുറക്കാന്‍ കഴിയുന്നതാണ് നാഷണല്‍ സേവിംഗ്‌സ് റിക്കറിംഗ് ഡിപ്പോസിറ്റ് (ആര്‍ഡി). പോസ്റ്റ് ഓഫീസ് ആര്‍ഡി 5 വര്‍ഷത്തേക്കാണ് തുറക്കാന്‍ കഴിയുക. പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റുകള്‍ക്ക് പ്രതിവര്‍ഷം 7.2% പലിശ വാഗ്ദാനം ചെയ്യുന്നു.

  • നാഷണല്‍ സേവിംഗ്‌സ് ടൈം ഡിപ്പോസിറ്റ്

പോസ്റ്റ് ഓഫീസ് ഉപഭോക്താക്കള്‍ക്ക് ടൈം ഡിപ്പോസിറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്ഥിര നിക്ഷേപ പദ്ധതികള്‍ അഥവാ ഫിക്‌സഡ് ഡിപ്പോസിറ്റ് ആയി ഇവയെ കരുതാം. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ 2020 ജനുവരി 1 ന് പരിഷ്‌കരിച്ചു. ഒരു വര്‍ഷത്തെ ടൈം നിക്ഷേപത്തിന്, പോസ്റ്റ് ഓഫീസ് 6.9% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 2 മുതല്‍ 3 വര്‍ഷക്കാലത്തെ നിക്ഷേപത്തിന്, 6.9% ആണ് പലിശ നിരക്ക്. അഞ്ച് വര്‍ഷത്തെ നിക്ഷേപത്തിന് പോസ്റ്റ് ഫീസ് 7.7% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

  • പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ പലിശ 7.6% ആയി നിശ്ചയിച്ചിട്ടുണ്ട്. ഇത് അഞ്ച് വര്‍ഷത്തെ നിക്ഷേപ പദ്ധതിയാണ്, പലിശ പ്രതിമാസം ലഭിക്കും.

  • പിപിഎഫ്, കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി യോജന

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) പ്രതിവര്‍ഷം 7.9 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. കിസാന്‍ വികാസ് പത്ര (കെവിപി) 113 മാസം കാലാവധിയോടെ 7.6 ശതമാനം പലിശനിരക്ക് (പ്രതിവര്‍ഷം സംയോജിപ്പിച്ച്) തുടരും. പെണ്‍കുട്ടികള്‍ക്കുള്ള സുകന്യ സമൃദ്ധി യോജന നിക്ഷേപത്തിന് 8.4% പലിശ തന്നെയാണ് തുടരുന്നത്.

  • പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്

കുറഞ്ഞത് 500 രൂപ ബാലന്‍സുള്ള ഏതൊരു വ്യക്തിക്കും പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് തുറക്കാന്‍ കഴിയും. വ്യക്തിഗത അല്ലെങ്കില്‍ ജോയിന്റ് അക്കൌണ്ടുകളില്‍ 4% പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News