യാത്രയ്ക്ക് വായ്പ എടുക്കുന്നുണ്ടോ? ശ്രദ്ധിക്കാം 5 കാര്യങ്ങൾ

Update: 2019-04-29 10:05 GMT

വായ്പയെടുത്ത് യാത്ര പോവുക എന്നത് പതുക്കെപ്പതുക്കെ ഒരു ട്രെൻഡായി വളർന്നുകൊണ്ടിരിക്കുകയാണ് ഇന്ത്യയിൽ. സ്ഥിര ജോലിയുള്ള ശമ്പള വരുമാനക്കാർക്കിടയിലാണ് ഇതിന് ആവശ്യക്കാർ കൂടുതൽ.

ട്രാവൽ ലോൺ എന്നാൽ ഒരുതരം പേഴ്‌സണൽ ലോൺ തന്നെയാണ്. യാത്ര ചെലവുകൾ കവർ ചെയ്യാനുള്ള വായ്പ. മുൻപ് കുടുംബമൊത്തുള്ള വിനോദയാത്രകളെ ഒരു ആഡംബരമായാണ് ആളുകൾ നോക്കിക്കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ചിന്താഗതി മാറി. ചില കമ്പനികളുടെ പോളിസികളിലും ഇവ പ്രതിഫലിക്കുന്നുണ്ട്.

വായ്പ എടുക്കാനുള്ള എളുപ്പം, തിരിച്ചടവ് കാലാവധിയിൽ അനുവദിക്കുന്ന ഫ്ലെക്സിബിലിറ്റി എന്നിവയാണ് പ്രധാനമായും മില്ലേനിയൽസിനെ ഇതിലേക്കാകർഷിക്കുന്നത്‌. യാത്ര ശരിക്കും ആസ്വദിക്കണമെങ്കിൽ വായ്പാ തിരിച്ചടവിനെ സംബന്ധിച്ച ആശങ്കകൾ ഇല്ലാതിരിക്കണം. അതിനായി നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.

ലക്ഷ്യസ്ഥാനം തെരഞ്ഞെടുക്കുക, ഒപ്പം ബജറ്റും

ഏറ്റവുമാദ്യം ചെയ്യേണ്ട കാര്യം യാത്ര പോകേണ്ട സ്ഥലം തീരുമാനിക്കുക എന്നതാണ്. രണ്ടാമത് ഈ ഡെസ്റ്റിനേഷനിലേക്കുള്ള യാത്രയുടെ ഏകദേശ ചെലവ് കണക്കുകൂട്ടുക എന്നതാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് നിങ്ങൾക്ക് ബജറ്റ് തയ്യറാക്കാം.

വായ്പാ തുക

ബജറ്റ് തയ്യാറായിക്കഴിഞ്ഞാൽ അടുത്തതായി എത്ര തുക വായ്പ എടുക്കേണ്ടി വരുമെന്ന് കണക്കുകൂട്ടണം. നിങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ തിരിച്ചടക്കാൻ സാധിക്കുമെന്നുറപ്പുള്ള തുക മാത്രമേ ലോൺ എടുക്കാവൂ. നിങ്ങളുടെ മൊത്തം EMI ശമ്പളത്തിന്റെ 50 ശതമാനത്തിൽ കൂടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്.

മികച്ച ഡീൽ തെരഞ്ഞെടുക്കുക

വിവിധ ധനകാര്യ കമ്പനികൾ ഇപ്പോൾ ട്രാവൽ ലോൺ നൽകുന്നുണ്ട്. ലോൺ കാലാവധി തെരഞ്ഞെടുക്കുമ്പോൾ നിങ്ങൾക്ക് താങ്ങാവുന്ന EMI ലഭിക്കത്തക്ക രീതിയിൽ വേണം തെരഞ്ഞെടുക്കാൻ. അതുപോലെ തന്നെ തിരിച്ചടവിന്റെ കാര്യത്തിൽ ഫ്ലെക്സിബിലിറ്റി ഉണ്ടെങ്കിൽ നല്ലതാണ്. പണം കൈയ്യിലുള്ളപ്പോൾ അടച്ചു തീർക്കാമല്ലോ? ചില വായ്പാ ദാതാക്കൾക് ലോക്ക്-ഇൻ-പീരീഡ്, പ്രീ-പേയ്മെന്റ് പെനാൽറ്റി, ഫോർക്ളോഷർ ചാർജുകൾ എന്നിവയുണ്ട്. നേരത്തേ വായ്പ അടച്ചു തീർക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിന് വേണ്ടിയാണിത്. ഇതെല്ലാം കണക്കിലെടുത്തിട്ടേ ലോണിന് അപേക്ഷ നൽകാവൂ.

ട്രാവൽ ഇൻഷുറൻസ്

യാത്രക്കിടയിൽ ഉണ്ടാകാവുന്ന അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾ നേരിടാൻ ഇൻഷുറൻസ് കവർ എടുക്കുന്നതാണ് നല്ലത്. ലഗേജ്, രേഖകൾ എന്നിവ മോഷണം പോകുക, അപകടങ്ങൾ സംഭവിക്കുക എന്നിവയ്ക്കാണ് ഇൻഷുറൻസ് കവറേജ്. വായ്പ എടുത്താണ് പോകുന്നതെങ്കിൽ ട്രാവൽ ഇൻഷുറൻസ് എടുക്കുന്നതാണ് ഏറ്റവും നല്ല മാർഗം.

രേഖകൾ മറക്കരുത്

ട്രാവൽ ലോൺ ലഭിക്കുന്നതിനുള്ള പ്രക്രിയ വളരെ എളുപ്പമാണെങ്കിലും ആവശ്യമുള്ള രേഖകൾ നേരത്തെ തയ്യാറാക്കി വെക്കുന്നതിലൂടെ അനാവശ്യ കാലതാമസം ഒഴിവാക്കാം. സാലറി സ്ലിപ്പ്, അഡ്രസ് പ്രൂഫ്, ബാങ്ക് സ്റ്റേറ്റ്മെൻറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയാണ് സാധാരണയായി ആവശ്യപ്പെടാറുള്ള രേഖകൾ. ചിലർ വരുമാനം, വിമാന നിരക്ക്, യാത്ര പ്ലാൻ തുടങ്ങിയവ കൂടി ആവശ്യപ്പെടാറുണ്ട്.

Similar News