സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മികച്ച പലിശ നല്‍കുന്ന ബാങ്കുകള്‍
മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ നേട്ടം
സാധാരണക്കാര്‍ക്കിടയില്‍ സ്ഥിരനിക്ഷേപങ്ങള്‍ക്ക് എപ്പോഴും മികച്ച സ്വീകാര്യതയാണുള്ളത്. ബാങ്കുകളോടുള്ള വിശ്വാസ്യതയോടൊപ്പം വിപണിയുമായി ബന്ധപ്പെട്ടിട്ടല്ലാതെ ഉറപ്പുള്ള വരുമാനവും ആഗ്രഹിക്കുന്നവരാണ് സ്ഥിര നിക്ഷേപങ്ങള്‍ നടത്തുന്നത്. മ്യൂച്വല്‍ ഫണ്ടുകളോ അത്തരത്തിലുള്ള മറ്റു നിക്ഷേപങ്ങളോ നടത്തി വലിയൊരു തുക റിട്ടേണ്‍ നേടാമെങ്കിലും റിസ്‌കുകളും കൂടുതലാണ്.
റിസ്‌ക് കുറഞ്ഞ, ചെറുതെങ്കിലും സ്ഥിരമായ വരുമാനം ഉറപ്പാക്കുന്ന നിക്ഷേപമായാണ് ഫിക്‌സഡ് ഡെപ്പോസിറ്റുകളെ കാണുന്നത്. അത്തരത്തില്‍ പരിഗണിച്ചാല്‍ വലിയൊരു വര്‍ധനവില്ലെങ്കിലും നേരിയ തോതില്‍ സ്ഥിരനിക്ഷേപ പലിശ വര്‍ധിച്ചതായി കാണാം. കഴിഞ്ഞ 11 മാസത്തിനിടെ 2 ശതമാനത്തോളം വര്‍ധനവാണ് സ്ഥിര നിക്ഷേപത്തിലുണ്ടായത്. റിപ്പോ നിരക്ക് വര്‍ധനവിന് അനുസരിച്ച് പലിശ നിരക്കിലും വര്‍ധനവ് ഉണ്ടായി.
8.5 ശതമാനം പലിശ നിരക്കാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സ്ഥിര നിക്ഷേപ പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് ഒമ്പത് ശതമാനമാണ്. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ 7 ശതമാനം പലിശ നല്‍കുന്നവരുടെ കൂട്ടത്തിലാണ്. ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, യെസ് ബാങ്ക് എന്നിവരും 8 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.
രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ കാണാം:-
എസ്ബിഐ
400 ദിവസത്തേക്കാണ് എസ്ബിഐയില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് ലഭിക്കുന്നത്. അമൃത് കലശ് പദ്ധതിക്ക് കീഴില്‍ സാധാരണ നിക്ഷേപകന് 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനവും പലിശ ലഭിക്കും. 15 ലക്ഷം രൂപയ്ക്ക് മുകളില്‍ 2 കോടി വരെയുള്ള നോണ്‍ കോളബിള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ ഉയര്‍ന്ന പലിശ നല്‍കും. സര്‍വോത്തം സ്‌കീം എന്ന പേരില്‍ 2 വര്‍ഷത്തേക്ക് 7.40 ശതമാനും 7.90 ശതമാനവുമാണ് പലിശ നിരക്ക്.
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
കേരളം ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ക്കു നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് 8.5 (മുതിര്‍ന്ന പൗരന്മാര്‍ക്ക് 9 ശതമാനം) ആണ്. ഇവര്‍ നല്‍കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്ക് (രണ്ടാഴ്ച കാലയളവ്) 4 ശതമാനമാണ്. 183 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6 ശതമാനമാണ് പലിശ.
6.5 ശതമാനം വരെ പലിശ നിരക്കാണ് ഇതേ കാലയളവില്‍ നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുക. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 8 , 8.5 ശതമാനമാണ് പലിശ നിരക്കുകള്‍. രണ്ട് വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.5 ശതമാനമാണ്. 9 ശതമാനമെന്ന നിലവിലെ ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇതേ കാലയളവില്‍ ലഭിക്കുക.
ഇക്വിറ്റാസ് ബാങ്ക്
മൂന്നര ശതമാനം മുതലാണ് ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 2 കോടി രൂപയ്ക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും കുറഞ്ഞ നിരക്ക് രണ്ടാഴ്ചയില്‍ താഴെ വരുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഈ പലിശ നിരക്ക് നല്‍കുന്നത്. ഒരു വര്‍ഷത്തില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനം പലിശ നിരക്കാണ് ലഭിക്കുക.
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 6.35 ശതമാനമാണ്. രണ്ട് വര്‍ഷം ഔരു ദിവസം മുതല്‍ 887 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് എട്ട് ശതമാനം പലിശയാണ് സാധാരണ ജനങ്ങള്‍ക്ക് നല്‍കുന്നത്. 8.24 ശതമാനമാണ് മുതിര്‍ന്ന പോരന്മാര്‍ക്ക് ലഭിക്കുന്ന പലിശ. 888 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് എട്ടര ശതമാനം പലിശ നിരക്ക് ലഭിക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 8.7 ശതമാനമാണ്. നീണ്ട കാലവധി അഥവാ 5 വര്‍ഷം മുതല്‍ 10 വരെയുള്ളവയ്ക്ക് 7.25, 7.45 ശതമാനം എന്നിങ്ങനെയാണ് സാധാരണക്കാര്‍ക്കും മുതിര്‍ന്നപൗരന്മാര്‍ക്കും പലിശ നിരക്കുകള്‍.
ഉജ്ജിവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
രാജ്യത്തെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ താരതമ്യേന മികച്ച പലിശ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. മൂന്നേ മുക്കാല്‍ ശതമാനം മുതല്‍ 8.25 ശതമാനം വരെയാണ് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്ന വിവിധ പലിശ നിരക്കുകള്‍. 7-29 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് 3.75 ശതമാനം പലിശ നിരക്ക് നല്‍കുന്നത്. ആറ് മാസവും അതില്‍ കൂടുതലുമുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശ നിരക്കുകള്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 13 മാസം ഒരു ദിവസം മുതല്‍ 559 ദിവസം വരെയുള്ള കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് എട്ട് ശതമാനം പലിശ നിരക്കുകള്‍ ബാങ്ക് തരുന്നുണ്ട്. ഇത് 80 ആഴ്ച അഥവാ 560 ദിവസം എന്ന കാലാവധി ആകുമ്പോള്‍ 8.25 ശതമാനം പലിശ ലഭിക്കും. ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 അധിക പലിശ വരുമാനം നല്‍കുന്നുണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്കില്‍ 15 മാസത്തിനും 18 മാസത്തിനും ഇടയിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ലഭിക്കുന്ന ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്നത്. സാധാരണ നിക്ഷേപകര്‍ക്ക് 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനം പലിശയും ലഭിക്കും. 18 മാസം മുതല്‍ 10 വര്‍ഷത്തേക്ക് 7 ശതമാനം പലിശ സാധാരണ നിക്ഷേപകന് നേടാം. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനവുമാണ് പലിശ.
ഐസിഐസിഐ ബാങ്ക്
3 ശതമാനം മുതല്‍ 7.10 ശതമാനം വരെയാണ് ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപത്തിന് നല്‍കുന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.50 ശതമാനം മുതല്‍ 7.60 ശതമാനം വരെ പലിശ നേടാം. 15 മാസം മുതല്‍ 2 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിനാണ് ഉയര്‍ന്ന നിരക്ക് ലഭിക്കുന്നത്.
യെസ് ബാങ്ക്
സാധാരണ നിക്ഷേപകര്‍ക്ക് 15 മാസത്തിനും 35 മാസത്തിനും ഇടയിലുള്ള നിക്ഷേപത്തിന് 7.50 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇക്കാലയളവില്‍ 8 ശതമാനം പലിശ ലഭിക്കും. 1 വര്‍ഷം മുതല്‍ 15 മാസത്തേക്ക് 7.25 ശതമാനം പലിശ ലഭിക്കും.
ആക്‌സിസ് ബാങ്ക്
7.20 ശതമാനമാണ് ആക്‌സിസ് ബാങ്കിന്റെ ഉയര്‍ന്ന നിരക്ക്. 2 വര്‍ഷം മുതല്‍ 30 മാസത്തില്‍ താഴെ കാലാവധിയിലാണ് ഈ പലിശ നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.95 ശതമാനം പലിശ ലഭിക്കും. 13 മാസം മുതല്‍ 2 വര്‍ഷത്തില്‍ താഴെ കാലാവധിയില്‍ 7.10 ശതമാനവും 7.90 ശതമാനം പലിശയുമാണ് യഥാക്രമം ലഭിക്കുന്നത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്
390 ദിവസത്തേക്കും 2 വര്‍ഷത്തില്‍ താഴെയുള്ള സ്ഥിര നിക്ഷേപത്തിന് കൊട്ടക് മഹീന്ദ്ര ബാങ്ക് 7.2 ശതമാനം പലിശ നല്‍കുന്നു. 365 ദിവസത്തിനും 389 ദിവസത്തിനും ഇടയില്‍ കാലാവധിയുള്ള നിക്ഷേപത്തിനും 2 വര്‍ഷത്തിനും 3 വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള നിക്ഷേപത്തിനും 7 ശതമാനം പലിശ നേടാം.
ഇപ്പറഞ്ഞ ബാങ്കുകളെല്ലാം തന്നെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അധിക പലിശ വാഗ്ദാനം ചെയ്യുന്നു.
വിവരങ്ങൾ അതാത് ബാങ്കിന്റെ വെബ്‌സൈറ്റുകളിൽ നിന്ന് ( 04 - 05 - 2023)