സ്ഥിര നിക്ഷേപത്തിനു മുമ്പ് ശ്രദ്ധിക്കാം, ഈ അഞ്ചു കാര്യങ്ങള്‍
ഉദ്ദേശിച്ച നേട്ടം സ്ഥിര നിക്ഷേപത്തില്‍ നിന്ന് ലഭിക്കണമെങ്കില്‍ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്ന ബാങ്ക് മുതല്‍ അവ നല്‍കുന്ന സൗകര്യങ്ങള്‍ വരെ ശ്രദ്ധയോടെ തെരഞ്ഞെടുക്കേണ്ടതുണ്ട്
ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗങ്ങളിലൊന്നായാണ് ബാങ്കുകളിലെ സ്ഥിരനിക്ഷേപം പരിഗണിക്കപ്പെടുന്നത്. ഏറെ ജനകീയമായ നിക്ഷേപമാര്‍ഗവുമാണത്. നിലവില്‍ 5.50 മുതല്‍ 6.50 ശതമാനം വരെ പലിശയും ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് വിവിധ ബാങ്കുകള്‍ നല്‍കുന്നു. ഏഴ് ദിവസം മുതല്‍ 10 വരെയുള്ള നിക്ഷേപ പദ്ധതികള്‍ വിവിധ ബാങ്കുകള്‍ക്കുണ്ട്.
എന്നാല്‍ കാലാവധിക്കു മുമ്പ് പിന്‍വലിക്കാനാവില്ല എന്നത് പോരായ്മയാണ്. അനുവദിച്ചാല്‍ തന്നെ പിഴ നല്‍കേണ്ടി വരികയും ചെയ്യും.
സ്ഥിരനിക്ഷേപം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ചുവടെ.
1. ബാങ്കിന്റെ വിശ്വാസ്യത
നിക്ഷേപം നടത്താനുദ്ദേശിക്കുന്ന ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിംഗ് പരിശോധിക്കുന്നത് നിക്ഷേപം സുരക്ഷിതമാണോ എന്നറിയാന്‍ ഒരു പരിധി വരെ സഹായിക്കും. ഇപ്പോള്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷന്‍ (ഡിഐസിജിസി) പദ്ധതി പ്രകാരം സ്ഥിര നിക്ഷേപം ഇന്‍ഷുര്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. ഈ പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപ വരെ ഇന്‍ഷുര്‍ ചെയ്യാം. കൈയിലുള്ള തുക മുഴുവന്‍ ഒരേ ബാങ്കില്‍ നിക്ഷേപിക്കാതെ വിവിധ ബാങ്കുകളിലായി നിക്ഷേപിക്കുന്നതും നല്ലതാണ്.
2. പലിശ
എത്ര കാലത്തേക്കാണ് നിക്ഷേപം എന്നതിനനുസരിച്ചാണ് ഓരോ ബാങ്കും പലിശ നിശ്ചയിക്കുന്നത്. ഓരോ ബാങ്കിനൂം വ്യത്യസ്ത നിരക്കായിരിക്കും. നിക്ഷേപകന്റെ പ്രായവും ഒരു ഘടകമാണ്. കൂടുതല്‍ തുക ഒരുമിച്ച് നിക്ഷേപിക്കുന്നത് കൂടുതല്‍ പലിശ ലഭിക്കാന്‍ സഹായിക്കും. പലപ്പോഴും മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്കുകള്‍ സാധാരണയിലേതിനേക്കാള്‍ 0.5 ശതമാനം പലിശ കൂടുതല്‍ നല്‍കാറുണ്ട്.
3. ക്യുമുലേറ്റീവും നോണ്‍ ക്യുമുലേറ്റീവും
നിക്ഷേപത്തില്‍ നിന്നുള്ള പലിശ നിശ്ചിത കാലയളവില്‍ മുതലിനൊപ്പം ചേര്‍ത്ത് കാലാവധി കഴിയുമ്പോള്‍ ഒരുമിച്ച് ലഭിക്കുകയാണ് ക്യുമിലേറ്റീവ് ഫിക്‌സഡ് ഡിപ്പോസിറ്റില്‍ ചെയ്യുക. ഇടയ്ക്ക് പലിശ വരുമാനം ലഭിക്കില്ല എന്നതൊഴിച്ചാല്‍ കാലാവധി കഴിയുമ്പോള്‍ കോംപൗണ്ടിംഗിന്റെ ഫലമായി മികച്ച തുക ലഭിക്കും എന്നത് നേട്ടമാണ്. സാധാരണ ഓരോ മൂന്നു മാസത്തിലുമാണ് പലിശ മുതലിനൊപ്പം ചേര്‍ക്കുക.
അതേസമയം നോണ്‍ ക്യൂമിലേറ്റീവ് ഫിക്‌സഡ് ഡിപ്പോസിറ്റില്‍ നിശ്ചിത സമയത്ത് -ഓരോ മാസത്തിലോ വര്‍ഷത്തിലോ ആവാം- പലിശ വരുമാനം ലഭ്യമാക്കുന്ന രീതിയാണ്. കാലാവധി കഴിയുമ്പോള്‍, നിക്ഷേപിച്ച തുക മാത്രമേ ഉണ്ടാകൂ എന്നു മാത്രം. പലിശ വരുമാനം കൊണ്ട് ജീവിക്കാനായി നിക്ഷേപിക്കുന്ന റിട്ടയര്‍ ചെയ്തവര്‍ക്ക് ഈ രീതിയായിരിക്കും നല്ലത്.
4. വായ്പ സൗകര്യം
സ്ഥിര നിക്ഷേപം നടത്തിയ നിക്ഷേപകര്‍ക്ക് വായ്പ സൗകര്യം ബാങ്കുകള്‍ ലഭ്യമാക്കാറുണ്ട്. നിക്ഷേപം പെട്ടെന്ന് പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വായ്പ ലഭ്യമാകുന്നുവെന്നത് പെട്ടെന്നുണ്ടാകുന്ന സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കും. നിക്ഷേപത്തിന്റെ 90 ശതമാനം വരെ ബാങ്കുകള്‍ വായ്പ നല്‍കാറുണ്ട്. സ്ഥിര നിക്ഷേപം എത്ര കാലത്തേക്കാണോ അത്ര തന്നെയായിരിക്കും വായ്പയുടെയും കാലാവധി.
എന്നാല്‍ നിക്ഷേപത്തിന് ലഭിക്കുന്ന പലിശയേക്കാള്‍ 0.5 മുതല്‍ 2 ശതമാനം വരെ അധികം പലിശ വായ്പയ്ക്ക് നല്‍കേണ്ടി വരുമെന്ന് മാത്രം.
5. കാലാവധിക്കു മുമ്പ് പിന്‍വലിക്കല്‍
കാലാവധിക്ക് മുമ്പ് നിക്ഷേപം പിന്‍വലിക്കണമെങ്കില്‍ നിശ്ചിത തുക പിഴയായി നല്‍കേണ്ടി വരും. പിഴ തുക എത്രയെന്നത് ബാങ്കുകള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. സാധാരണ ാധകമായ പലിശ നിരക്ക് 0.5 മുതല്‍ 1 ശതമാനം വരെ കുറച്ചാണ് പിഴ ഈടാക്കുക. ചില ബാങ്കുകള്‍ പിഴ കൂടാതെ തന്നെ കാലാവധിക്കു മുമ്പ് നിക്ഷേപം പിന്‍വലിക്കാന്‍ സൗകര്യം നല്‍കാറുണ്ട്. സ്ഥിരനിക്ഷേപത്തിനായി ബാങ്കുകള്‍ തെരഞ്ഞെടുക്കുമ്പോള്‍, കാലാവധിക്കു മുമ്പ് പിന്‍വലിച്ചാല്‍ എത്ര തുക പിഴയായി നല്‍കേണ്ടി വരുമെന്നത് പരിഗണിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.