കഷ്ടപ്പാടില്ലാതെ ജീവിക്കാന്‍ നാല് കാര്യങ്ങള്‍

ഒട്ടും വിചാരിക്കാതെ കഷ്ടനാളുകള്‍ ഇനിയും കടന്നുവന്നേക്കാം. അപ്പോഴും പിടിച്ചുനില്‍ക്കാന്‍ ചെയ്യേണ്ട നാല് കാര്യങ്ങള്‍

Update:2022-02-12 10:00 IST

കോവിഡിന്റെ മൂന്നാംതരംഗം എന്താണ്ട് കുന്നിറങ്ങി തുടങ്ങി. ഇനി കാര്യങ്ങള്‍ സാധാരണനിലയിലാകുമെന്ന പ്രതീക്ഷയിലാകും പലരും. പ്രതീക്ഷകള്‍ എപ്പോഴും നല്ലതാണ്. പക്ഷേ ചില യാഥാര്‍ത്ഥ്യങ്ങളും മറക്കരുത്.

കോവിഡ് മഹാമാരിക്കാലത്താണ് പലരും വേതനം വെട്ടിക്കുറയ്ക്കുന്നതിന്റെയും ജോലി പോകുന്നതിന്റെയും വരുമാനം നിലയിക്കുന്നതിന്റെയുമെല്ലാം 'രുചി' നേരിട്ട് അറിഞ്ഞത്. ഇനി ഇത്തരം സാഹചര്യങ്ങള്‍ ജീവിതത്തില്‍ ആവര്‍ത്തിക്കില്ലെന്ന് ആര്‍ക്കും ഉറപ്പിച്ച് പറയാനുമാകില്ല.

ഇനിയെന്ത് പ്രതിസന്ധി വന്നാലും സാമ്പത്തിക കഷ്ടപ്പാടില്ലാതെ മുന്നോട്ട് പോകാന്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട നാല് കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

1. കോവിഡ് കാലത്താണ് മുന്‍പെന്നത്തേക്കാള്‍ ജനങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയെ കുറിച്ച് ആലോചിച്ച് തുടങ്ങിയത്. ചെറുപ്പത്തില്‍ തന്നെ, ആരോഗ്യവാനായ വ്യക്തി ആവശ്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ നേടിക്കഴിഞ്ഞാല്‍ ജീവിതത്തിലെ കഷ്ടനാളുകളില്‍ വലിയൊരു മാനസിക സമ്മര്‍ദ്ദം തന്നെ ഒഴിവാകും. അതുകൊണ്ട് ഇതുവരെ മതിയായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്, ടേം പോളിസി തുടങ്ങിയ എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് അവ എടുക്കുക. നാളെ മറ്റൊരവസരത്തില്‍ ജോലി നഷ്ടപ്പെടുകയോ, വേതനം വെട്ടിക്കുറയ്ക്കുകയോ ചെയ്യപ്പെടുമ്പോള്‍ നിങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ അസുഖമോ കുടുംബത്തിന്റെ അത്താണിയായ വ്യക്തിയുടെ അപ്രതീക്ഷിത വിയോഗമോ സംഭവിച്ചാല്‍ കുടുംബം ഒന്നാകെ സാമ്പത്തിക പ്രതിസന്ധിയിലാകും. അതുകൊണ്ട് വരുമാനം സാധാരണ നിലയിലേക്ക് വരുമ്പോള്‍ തന്നെ, അടുത്തൊരു പ്രതിസന്ധി വരുന്നതിന് മുമ്പേ മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക.

2. സമ്പത്ത് കാലത്ത് തൈ പത്തുവെയ്ക്കാം: പഴമക്കാര്‍ നിത്യം പറയുന്ന കാര്യമാണ്. സമ്പത്ത് കാലത്ത് തൈ പത്തുവെച്ചാല്‍ ആപത്ത് കാലത്ത് കാ പത്തുതിന്നാമെന്ന്. വരുമാനം സാധാരണ നിലയിലായാല്‍, കോവിഡ് കാലത്ത് ചുരുങ്ങിയ ജീവിച്ചതൊക്കെ മറന്ന് വീണ്ടും അടിച്ചുപൊളി ജീവിതം നയിക്കാന്‍ ഇറങ്ങിപ്പുറപ്പെടരുത്. അതിന് മുമ്പേ, വരുമാനമില്ലെങ്കിലും മൂന്നുമുതല്‍ ആറുമാസം വരെയെങ്കിലും തട്ടുമുട്ടില്ലാതെ കുടുംബം കഴിയാനുള്ള തുക നീക്കിവെയ്ക്കാന്‍ നോക്കണം. ഇതിനെയാണ് എമര്‍ജന്‍സി ഫണ്ട് എന്നൊക്കെ പറയുന്നത്. ഇനിയും പ്രതിസന്ധികള്‍ വന്നേക്കുമെന്നും അപ്പോള്‍ കൈയില്‍ നയാപൈസയില്ല എന്ന് കരയേണ്ടി വരുമെന്നും കരുതി തന്നെ ജീവിക്കുക. അപ്പോള്‍ ആ കരച്ചില്‍ ഒഴിവാക്കാന്‍ ഇന്നേ നീക്കിയിരുപ്പ് തുടങ്ങാം.

3. കടക്കെണിയില്‍ നിന്ന് തലയൂരാം: ഏത് കടത്തിലും കാണും പലിശ. വരുമാനം നിലയ്ക്കാതെ ലഭിക്കുമ്പോള്‍ അതൊന്നും ആരും മൈന്‍ഡ് ചെയ്യില്ല. പക്ഷേ വരുമാനം തടസ്സപ്പെടുമ്പോള്‍ പലിശയും കടവും വലിയ ഭാരമാവുക തന്നെ ചെയ്യും. ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ ലോണ്‍ എന്നിവ ഊരാക്കുടുക്കാവുന്നത് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലാണ്. പലരും കോവിഡ് കാലത്ത് ഇത് അനുഭവിച്ചിട്ടുണ്ടാകും. ഇനിയും അത് വരാതിരിക്കാന്‍ ഉയര്‍ന്ന പലിശയുള്ള വായ്പകളില്‍ നിന്ന് തീര്‍ച്ചയായും മാറി നടന്നേ മതിയാകു.

4. നിക്ഷേപം സൂക്ഷിച്ച് നടത്തുക: ഇപ്പോള്‍ പലയിടുത്തും വിലക്കുറവില്‍ സ്ഥലം കിട്ടാനിടയുണ്ടാകും. വായ്പയെടുത്തോ കൈയിലെ സമ്പാദ്യം മുഴുവനെടുത്തോ അത് വാങ്ങിക്കൂട്ടരുത്. ആസ്തി നല്ലതാണെങ്കിലും വളരെ പെട്ടെന്ന് അത് പണമാക്കി മാറ്റാന്‍ നടക്കില്ല. അതുകൊണ്ട് സ്ഥലം പോലുള്ള ഫിസിക്കല്‍ അസറ്റിലും ഫിനാന്‍ഷ്യല്‍ അസറ്റുകളിലും ശ്രദ്ധാപൂര്‍വ്വം നിക്ഷേപം നടത്തുക.


Tags:    

Similar News