1,500 രൂപയുടെ പ്രതിമാസ അടവ്; നേരത്തെ നിക്ഷേപിച്ചാല്‍ നേടാം 35 ലക്ഷം!

പോസ്റ്റ് ഓഫീസ് നിക്ഷേപം മാജിക് അല്ല, പക്ഷെ ക്രമമായി നിക്ഷേപിച്ചാല്‍ സാധാരണക്കാരന് ലക്ഷാധിപതിയാകാം

Update:2022-07-12 18:30 IST

സാധാരണക്കാര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള നിക്ഷേപമാര്‍ഗമേതാണെന്നു ചോദിച്ചാല്‍ അത് അവരുടെ ഏറ്റവും ചെറിയ റിക്കറിംഗ് ഡെപ്പോസിറ്റോ അതുമല്ലെങ്കില്‍ അവരുടെ സ്ഥിര നിക്ഷേപ മാര്‍ഗത്തെക്കുറിച്ചോ പറയും. കാരണം ഉറപ്പുള്ള നിക്ഷേപ മാര്‍ഗങ്ങളാണ് ഇവ രണ്ടും എന്നാണ് പലരും വിശ്വസിക്കുന്നത്. ഇതില്‍ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികല്‍ക്കാണ് ഉപയോക്താക്കളേറെയാണ്.

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലേക്ക് ജനങ്ങളെ എത്തിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് സുരക്ഷ തന്നെയാണ്. സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപമെന്നതിനു പുറമെ ഉയര്‍ന്ന പലിശ മറ്റൊരു ആകര്‍ഷണീയതയാണ്.

പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപം, മന്ത്‌ലി ഇന്‍കം സ്‌കീം തുടങ്ങിയ നിരവധി ജനകീയ പദ്ധതികള്‍ പോസ്റ്റ് ഓഫീസ് നടപ്പിലാക്കിയിട്ടുണ്ട്. നിക്ഷേപത്തിനൊപ്പം ഇന്‍ഷൂറന്‍സ് പരിരക്ഷ കൂടി നല്‍കുന്നൊരു പദ്ധതിയാണ് ഗ്രാം സുരക്ഷാ സ്‌കീം(Gram Suraksha Rural Postal Life Insurance Scheme). കുറഞ്ഞ റിസ്‌കില്‍ ഉയര്‍ന്ന ആദായം ഗ്രാം സുരക്ഷാ സ്‌കീം വഴി നിക്ഷേപകര്‍ക്ക് ലഭിക്കുന്നു. നേരത്തെ തുടങ്ങുകയും പ്രതിമാസം മുടക്കമില്ലാതെ 1500 രൂപ നിക്ഷേപിക്കുകയും ചെയ്താല്‍ 35 ലക്ഷം രൂപയാണ് പദ്ധതി നല്‍കുന്നത്.

19 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ള ആര്‍ക്കും പദ്ധതിയില്‍ ചേരാം. പ്രീമിയം അടയ്ക്കുന്നിന് നാല് ഓപ്ഷനുണ്ട്. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പ്രീമിയം അടയ്ക്കാം.

പ്രീമിയം അടയ്ക്കുന്നതിന് 30 ദിവസത്തെ ഗ്രേസ് പിരിയഡ് അനുവദിച്ചിട്ടുണ്ട്. റിട്ടയര്‍മെന്റ് പദ്ധതി പോലെ കരുതാവുന്ന ഇതിന്റെ കാലാവധി 55, 58, 60 എന്നിങ്ങനെ ഏതെങ്കിലും വയസില്‍ ക്രമീകരിക്കാം. സ്‌കീമില്‍ അഷ്വര്‍ ചെയ്തിട്ടുള്ള ചുരുങ്ങിയ തുക 10,000 രൂപയാണ്. പരമാവധി അഷ്വേര്‍ഡ് തുക 10 ലക്ഷം രൂപ വരൊണ്.

1500 നിക്ഷേപം 35 ലക്ഷമാക്കുന്നതെങ്ങനെ

19ാം വയസില്‍ 10 ലക്ഷം രൂപ അഷ്വേര്‍ഡ് തുകയുള്ള ഗ്രാം സുരക്ഷ യോജനയില്‍ ചേരുന്നൊരാള്‍ക്ക് മാസത്തില്‍ പ്രീമിയമായി അടയ്ക്കേണ്ടി വരുന്നത് 1515 രൂപ യാണ്. 55ാം വയസു വരെ അടവ് പൂര്‍ത്തിയാക്കിയാല്‍ കാലാവധിയില്‍ 31.60 ലക്ഷം രൂപ ലഭിക്കും. ഇതേ പോളിസി 58 ാം വയസ്സുവരെ നീട്ടിയാല്‍ മാസം 1463 രൂപ അടയ്ക്കണം. ഇപ്രകാരം കാലാവധിയില്‍ 33.40 ലക്ഷം രൂപ ലഭിക്കും.

60 വയസ് വരെ പ്രീമിയം അടയ്ക്കുന്നൊരാള്‍ക്ക് മാസത്തില്‍ 1411 രൂപ അടച്ചാല്‍ കാലാവധിയില്‍ 34.60 ലക്ഷം രൂപ ലഭിക്കും. ഗ്രാം സുരക്ഷാ സ്‌കീമില്‍ 1000 രൂപയ്ക്ക് 60 രൂപ നിക്ഷേപത്തിന്മേല്‍ ബോണസ് അനുവദിക്കാറുണ്ട്. മാത്രമല്ല നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മുതല്‍ വായ്പാ സൗകര്യവും ലഭിക്കും. ഗ്രാം സുരക്ഷയില്‍ താമസിച്ചാണ് ചേരുന്നതെങ്കില്‍ തുക കൂട്ടി അടയ്ക്കാം.

Tags:    

Similar News