പെട്ടെന്നു ജോലി നഷ്ടമായാലോ നീണ്ട അവധി എടുക്കേണ്ടി വന്നാലോ ഭയപ്പെടേണ്ട; കരുതല്‍ ധനം ഇങ്ങനെ
സാമ്പത്തിക മേഖല ഉണര്‍വിന്റെ പാതയിലെത്താന്‍ ഇനിയും ഏറെ സമയമെടുക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഊബര്‍ അടക്കമുള്ള പല വമ്പന്‍ കമ്പനികളും ചെലവുചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുന്നു. ശമ്പള കുടിശിക പോലും ലഭിക്കാത്ത സാഹചര്യമാണ് പലരും നേരിടുന്നത്. ഓട്ടോമൊബൈല്‍ മേഖലയും താഴ്ന്നു തന്നെ. ഈ സ്ഥിതിഗതികള്‍ തുടര്‍ന്നു പോകുമ്പോള്‍ ആശങ്കയില്ലാതെ എങ്ങനെ ജീവിതം സുരക്ഷിതമാക്കണം. പെട്ടെന്നൊരു ദിവസം വരുമാനം നിലച്ചാല്‍ നിങ്ങള്‍ എന്തുചെയ്യും?. വിവിധ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായുള്ള നിക്ഷേപങ്ങളെ സ്പര്‍ശിക്കാതെ ജീവിക്കാന്‍ കരുതല്‍ ധനം ആവശ്യമെന്നുപറയുന്നത് അതുകൊണ്ടാണ്.
എമര്‍ജന്‍സി ഫണ്ട് എങ്ങനെ?
എമര്‍ജന്‍സി ഫണ്ട് സ്വരൂപിക്കണം എന്നത് ഇന്ന് തന്നെ ഉറപ്പിക്കൂ. പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാലൊ സമാനമായ സാഹചര്യമുണ്ടായാലോ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ അത് അത്യാവശ്യമാണ്. നാലുമുതല്‍ ആറുമാസം വരെയുള്ള ദൈനംദിന ചെലവുകളാണ് കരുതല്‍ ധനമായി സൂക്ഷിക്കേണ്ടത്. ഭക്ഷണം, വാടക, ലോണ്‍ ഇഎംഐ, കുട്ടികളുടെ ടൂഷ്യന്‍ ഫീസ്, ജിം ഫീസ്, ജോലിക്കാരിയുടെ ശമ്പളം, വൈദ്യുതി, ഗ്യാസ് ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പടെയുള്ളവ മുന്നില്‍കണ്ടുവേണം കരുതല്‍ധനം നിശ്ചയിക്കാന്‍. ഇങ്ങനെ സമാഹരിക്കുന്ന തുക ബാങ്കില്‍ സ്ഥിര നിക്ഷേപമായോ ലിക്വിഡ് ഫണ്ടിലോ ഷോട്ട് ടേം ഡെറ്റ് ഫണ്ടിലോ നിക്ഷേപിക്കണം. കരുതല്‍ ധനം എത്രവേണമെന്നത് ഓരോരുത്തരുടെയും ചെലവിനെ ആശ്രയിച്ചാണിരിക്കുന്നത്. ജോലി സ്ഥിരതയില്ലാത്തവര്‍ ഇതിനെ ഗൗരവമായി കാണണം. ആരെങ്കിലും കടം ചോദിച്ചാല്‍ പോലും ഈ തുകയില്‍ നിന്ന് കൊടുക്കരുത്. കല്യാണമോ മറ്റ് ഒവിവാക്കാന്‍ കഴിയുന്ന ചടങ്ങുകളോ ഇതില്‍ പെടുത്തരുത്.
സമാഹരിക്കാം കരുതല്‍ധനം
നിങ്ങളുടെ പ്രതിമാസ വരുമാനം: 50,000
സമാഹരിക്കേണ്ട ചുരുങ്ങിയ കരുതല്‍ധനം: രണ്ട് ലക്ഷം രൂപ
നിക്ഷേപം എങ്ങനെ
ജോലി നഷ്ടപ്പെട്ടാലോ ലീവ് എടുക്കേണ്ടി വന്നാലോ ചെലവാക്കാനുള്ള ആദ്യ മാസത്തെ 50,000 രൂപ ബാങ്കുകളിലെ സ്വീപ്പ് ഇന്‍ എഫ്ഡിയില്‍ നിക്ഷേപിക്കുക.
രണ്ട്, മൂന്ന് മാസങ്ങള്‍ക്ക് ആവശ്യമായ 1-1.5 ലക്ഷം രൂപ ലിക്വിഡ് ഫണ്ടിലോ ഷോട്ട് ടേം ഫണ്ടിലോ നിക്ഷേപിക്കാം.
മൂന്നുമുതല്‍ അഞ്ചുമാസംവരെയുള്ള മാസങ്ങളിലെ ചെലവിനുള്ള 1.5 ലക്ഷം മുതല്‍ 2.5 ലക്ഷംവരെയുള്ള തുക ഹൈബ്രിഡ് ഫണ്ടിലും നിക്ഷേപിക്കാം.
മറ്റൊരു ജോലി നേടാന്‍ ഉടന്‍ സാധ്യതയില്ലാത്ത മേഖലയിലാണ് നിങ്ങള്‍ തൊഴിലെടുക്കുന്നതെങ്കില്‍ 4.5 ലക്ഷം രൂപയെങ്കിലും എമര്‍ജന്‍സി ഫണ്ടായി സൂക്ഷിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവര്‍ ആറുമുതല്‍ ഒമ്പത് വരെയുള്ള മാസങ്ങളിലെ ചെലവ് കണക്കാക്കി നിക്ഷേപം നടത്തണം.
രണ്ടോ മൂന്നോ മാസം പിന്നിട്ടുകഴിയുമ്പോള്‍ ജോലി ലഭിച്ചാല്‍ എടുത്ത് ഉപയോഗിച്ച കരുതല്‍ ധനത്തിലേയ്ക്ക് വീണ്ടും നിക്ഷേപിക്കാന്‍ ശ്രമിക്കുക.
കുട്ടികളെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞു പഠിപ്പിക്കുക.
Read More : എമര്‍ജന്‍സി ഫണ്ടുണ്ടോ? ഇല്ലെങ്കില്‍ ഈ വഴികള്‍ ശ്രദ്ധിക്കൂ