ക്രെഡിറ്റ് കാര്‍ഡ് സുരക്ഷിതമാക്കണോ; എങ്കില്‍ ഈ 5 കാര്യങ്ങള്‍ മറക്കരുത്

Update:2019-10-27 13:14 IST

പണമിടപാടുകള്‍ക്കെല്ലാം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ ഇടപാടുകള്‍ കൃത്യമായി നടത്തിയാലും നമ്മുടെ ശ്രദ്ധക്കുറവ് മൂലം ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോരാനിടയാകും. ക്രെഡിറ്റ് കാര്‍ഡ് സുരക്ഷിതമാക്കി വയ്ക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില അത്യാവശ്യ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. എളുപ്പവഴി അപകടം വരുത്തും

കാര്‍ഡ് കൗണ്ടറില്‍ നല്‍കി പിന്‍ നമ്പറും പറഞ്ഞുകൊടുത്ത് അലക്ഷ്യമായി ഫോണ്‍ നോക്കി നില്‍ക്കുന്നവരെ കാണാറുണ്ട്. ഇതൊട്ടും സുരക്ഷിതമല്ല. പോയിന്റ് ഓഫ് സെയിലില്‍ നമ്മുടെ കാഴ്ച മറയുന്ന രീതിയില്‍ കാര്‍ഡ് കൈകാര്യം ചെയ്യാന്‍ അനുവദിക്കാതെ ഇരിക്കുക. ഹോട്ടലിലും പെട്രോള്‍ പമ്പിലും കടകളിലും മറ്റും നമ്മുടെ സാന്നിധ്യത്തില്‍ത്തന്നെ ഇടപാടുകള്‍ നടത്തുക. അത്‌പോലെ കാര്‍ഡ് നല്‍കി കടക്കാരനോട് പിന്‍ പറഞ്ഞുകൊടുത്ത് ഇടപാട് നടത്തരുത്. കാർഡ് സ്വൈപ്പിങ് മെഷീനുകളിൽ ബിൽ തുക വ്യക്തമായി കാണുന്നില്ലെങ്കിൽ ഒരിക്കലും സ്വൈപ് ചെയ്യരുത്. തുക ശരിയാണോ എന്നു സ്വൈപ് ചെയ്യുന്നതിനു മുൻപ് പരിശോധിക്കുക. കാര്‍ഡ് നഷ്ടമായാല്‍ ഉടന്‍ ബാങ്കിനെ വിവരമറിയിക്കുക.

2. 'പിന്‍' സുരക്ഷ

ക്രെഡിറ്റ്കാര്‍ഡിന് സുരക്ഷിതത്വം നല്‍കുന്നത് നമ്മള്‍ സെറ്റ് ചെയ്യുന്ന നാലക്ക പിന്‍ നമ്പറി'ലാണ്. പലരും ഈ പിന്നിനെ അത്ര ഗൗരവതരമായി കാണാറില്ല. ഇത് എളുപ്പത്തില്‍ മറ്റുള്ളവര്‍ക്ക് കണ്ടുപിടിക്കാവുന്ന വിധത്തിലുള്ളതാകരുത്. ഫോണ്‍ നമ്പറിന്റെ അവസാന നാലക്കമോ ജനനത്തീയതിയോ മറ്റോ നല്‍കിയാല്‍ തട്ടിപ്പുകാര്‍ക്ക് പെട്ടെന്നു കണ്ടെത്താനാകും. അടുത്തകാലത്തായി ഇത്തരം തട്ടിപ്പുകള്‍ കൂടിയിട്ടുണ്ട്. ആറുമാസം കൂടുമ്പോഴെങ്കിലും പിന്‍ നമ്പര്‍ മാറ്റേണ്ടതും അത്യാവശ്യമാണ്. പിൻ നമ്പറോ ഒ.ടി.പി. നമ്പറോ ആരുമായും പങ്കുവെയ്ക്കരുത്. ബാങ്കിൽനിന്നുള്ള പ്രതിനിധിയാണെന്ന് അവകാശപ്പെട്ടാൽപ്പോലും ഈ നമ്പറുകൾ കൈമാറരുത്.

3. ഓണ്‍ലൈന്‍ ഷോപ്പിംഗ് ശ്രദ്ധിച്ചുമാത്രം

എല്ലാ ഓണ്‍ലൈന്‍ സൈറ്റിലും ക്രെഡിറ്റ്കാര്‍ഡ് നമ്പര്‍ നല്‍കി ഷോപ്പിംഗ് നടത്തരുത്. സംശയകരമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റുകളിലും ആപ്പുകളിലും കാര്‍ഡ് സംബന്ധമായ വിവരങ്ങള്‍ നല്‍കാതെ ഇരിക്കുക. ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുമ്പോള്‍ വെബ്സൈറ്റ് ലിങ്കില്‍ https://എന്ന് തുടക്കത്തില്‍ ഉണ്ടെന്ന് ഉറപ്പാക്കുക. മൊബൈലിലും ഇ-മെയിലിലും മറ്റും സന്ദേശമായെത്തുന്ന സംശയകരമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. പരിചയമില്ലാത്ത ഷോപ്പിംഗ് സൈറ്റുകളില്‍ കാഷ് ഓണ്‍ ഡെലിവറി വഴി മാത്രം ഇടപാട് നടത്തുക.

4. ഉപയോഗിക്കാം കുരുക്കാകാതെ

എല്ലാ മാസവും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയര്‍ത്തും. പക്ഷെ പരമാവധി പരിധിയില്‍ ഉപയോഗിക്കരുത്. ഉപയോഗം കൃത്യമായി നിരീക്ഷിച്ചാല്‍, അനാവശ്യ ചെലവുകള്‍ കണ്ടെത്തി ഒഴിവാക്കാന്‍ കഴിയും. അത്തരത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ തലവേദനയില്ലാതെ നടത്താം. ക്രെഡിറ്റ് തുക കൃത്യ സമയത്തുതന്നെ തിരിച്ചടയ്ക്കുക. വൈകുന്തോറും പിഴതുക കൂടുമെന്നു മാത്രമല്ല പലിശയും വർധിക്കും. മാത്രമല്ല പലിശരഹിത വായ്പ ലഭിക്കില്ല. ക്രെഡിറ്റ് സ്കോർ കുറയും. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ അനുസരിച്ചാണ് നിങ്ങൾക്ക് ബാങ്ക് വായ്പ അനുവദിക്കുക. കാര്‍ഡുമായി ബന്ധപ്പെട്ട എസ്.എം.എസ്, ഇ- മെയിലുകള്‍ എന്നിവ മാസംതോറും നിരീക്ഷിക്കണം. താമസം മാറുമ്പോള്‍ ബാങ്കില്‍ നല്‍കിയ പോസ്റ്റല്‍ അഡ്രസ് ചേഞ്ചും വരുത്താനും മറക്കരുത്. അസ്വാഭാവിക ഇടപാടുകള്‍ കണ്ടാല്‍ ഉടന്‍ ബാങ്കിനെ അറിയിക്കണം.

5. ക്രെഡിറ്റ് പോയിന്റുകളില്‍ വീഴരുത്

ഷോപ്പിംഗ് നടത്തുമ്പോഴുള്ള ക്രെഡിറ്റ് പോയിന്റുകളില്‍ വീണുപോകരുത്. കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് പര്‍ച്ചേസ് ചെയ്യുന്നതിന് ക്രെഡിറ്റ് പോയിന്റുകള്‍ ലഭിക്കും. ഉപഭോക്താക്കളെ കൂടുതല്‍ കാര്‍ഡ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് കമ്പനികള്‍. പോയിന്റ് ലഭിക്കുന്നതിനായി ആവശ്യമില്ലാതെ സാധനങ്ങള്‍ വാങ്ങിച്ചു കൂട്ടുന്നവരുമുണ്ട്. ആ കെണിയില്‍ വീഴാതിരിക്കുക. ഒന്നിലധികം ക്രെഡിറ്റ്കാര്‍ഡും കെണിയാകരുത്. നിങ്ങള്‍ എത്രയാണ് പര്‍ച്ചേസ് ചെയ്തത് എന്നതിനു പരിധി ഉണ്ടാകില്ല. മാത്രമല്ല, തിരിച്ചടവ് തുകയും ഉത്തരവാദിത്വവും കൂടും. എല്ലാ കാര്‍ഡുകളിലും കൃത്യമായി തിരിച്ചടച്ചിട്ടില്ലെങ്കില്‍ പലിശ നിരക്ക് കൂടും.

Similar News