എങ്ങനെ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താം 

Update:2018-09-05 17:04 IST

കാര്യമായ വായ്പകളൊന്നും എടുക്കാത്ത ഒരു വ്യക്തിക്ക് പോലും മോശപ്പെട്ട ക്രെഡിറ്റ് സ്കോറിന്റെ പേരിൽ ബാങ്കുകൾ വായ്പ നിഷേധിച്ചേക്കാം. ചിലപ്പോൾ അലക്ഷ്യമായി കൈകാര്യം ചെയ്ത ക്രെഡിറ്റ് കാര്‍ഡ് ട്രാന്‍സാക്ഷനുകളായിരിക്കും വില്ലനായത്.

വായ്പയെടുക്കാന്‍ നിങ്ങള്‍ ലക്ഷ്യമിടുമ്പോള്‍ തന്നെ സിബില്‍ സ്‌കോര്‍ എത്രയാണെന്ന് കണ്ടെത്തുകയും കുറവാണെങ്കില്‍ അത് മെച്ചപ്പെടുത്താനുള്ള വഴി തേടുകയും വേണം.

എന്താണ് ക്രെഡിറ്റ് സ്‌കോര്‍?

സാമ്പത്തിക ഇടപാടുകളില്‍, പ്രത്യേകിച്ച് വായ്പകള്‍ എടുക്കുമ്പോള്‍ നിങ്ങള്‍ എത്രമാത്രം ഉത്തരവാദിത്തം കാണിക്കുന്നുണ്ട്? അവയുടെ സമയത്തുള്ള തിരിച്ചടവിന് നിങ്ങള്‍ എത്രമാത്രം പ്രാധാന്യം കൊടുക്കുന്നു തുടങ്ങിയ കാര്യങ്ങളെ ആധാരമാക്കി തയാറാക്കുന്ന റിപ്പോര്‍ട്ടാണിത്. 900 പോയ്ന്റ് വരെയാണ് സാധാരണയായി ക്രെഡിറ്റ് സ്‌കോര്‍ നല്‍കാറുള്ളത്. ഇതില്‍ 750ന് മുകളിലെങ്കിലും ഉണ്ടെങ്കിലാണ് അത് മികച്ച സ്‌കോറായി കണക്കാക്കുന്നത്. സ്‌കോര്‍ കുറവാണെങ്കില്‍ പെട്ടെന്നൊരു ദിനം അത് മെച്ചപ്പെടുത്താനാകില്ല, മാസങ്ങളുടെ ശ്രമം അതിന് വേണ്ടി വന്നേക്കാം.

ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍

1. ക്രെഡിറ്റ് കാര്‍ഡുകളില്‍ വേണം ശുദ്ധികലശം

അനേകം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ സൂക്ഷിക്കുക. അവയെല്ലാം നിങ്ങള്‍ക്ക് മാനേജ് ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പാക്കുക. ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ചെലവഴിക്കലിനും അടയ്‌ക്കേണ്ട തീയതിക്കും മുമ്പ് പണം തിരിച്ചടയ്ക്കുന്നതിനും കൃത്യമായ പ്ലാന്‍ ഉണ്ടാക്കുക. പണം തിരിച്ചടയ്ക്കാനുണ്ടെങ്കില്‍ അത് എത്രയും വേഗം അടയ്ക്കുന്നതിനായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. അലംഭാവത്തോടെ ക്രെഡിറ്റ് കാര്‍ഡുകളെ കൈകാര്യം ചെയ്യുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ മോശമായി ബാധിക്കും.

2. ഇടയ്ക്കിടയ്ക്ക് സ്‌കോര്‍ പരിശോധിക്കുക

ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സിയില്‍ നിന്ന് ഇടയ്ക്ക് നിങ്ങളുടെ സ്‌കോര്‍ എത്രയാണെന്ന് അറിയാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടാം. വര്‍ഷത്തില്‍ എത്ര തവണയാണ് വേണ്ടതെന്നത് അനുസരിച്ച് റിപ്പോര്‍ട്ട് ലഭിക്കുന്നതിന് ഏജന്‍സി സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ഈടാക്കാറുണ്ട്. ബാങ്കുകള്‍ വഴിയും ക്രെഡിറ്റ് സ്‌കോര്‍ അറിയാനാകും.

3. തെറ്റുകള്‍ സംഭവിക്കാം

നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മോശമായിട്ടുണ്ടെങ്കില്‍ ഒരുപക്ഷെ അതിന്റെ കാരണം എന്തെങ്കിലും തെറ്റ് സംഭവിച്ചതാകാം. തികച്ചും യാദൃശ്ചികമായും അങ്ങനെ സംഭവിക്കാം. സിബില്‍ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുന്നതിലൂടെ തെറ്റുകള്‍ കണ്ടെത്താനാകും.

4. ഓള്‍ഡ് ഈസ് ഗോള്‍ഡ്

ഈ തത്വം ക്രെഡിറ്റ് കാര്‍ഡിന്റെ കാര്യത്തിലും ശരിയാണ്. പെട്ടെന്നൊരു ദിനം എല്ലാ ക്രെഡിറ്റ് കാര്‍ഡുകളും ക്ലോസ് ചെയ്യുന്നത് ബുദ്ധിപരമായ തീരുമാനമല്ല. നിങ്ങള്‍ക്ക് അവ മാനേജ് ചെയ്യാന്‍ കഴിയില്ല എന്നാണ് അതില്‍ നിന്ന് മനസിലാകുക. എന്നാല്‍ ഏറെ വര്‍ഷങ്ങളായി കൃത്യസമയത്ത് പേയ്‌മെന്റ് നടത്തി മികച്ച രീതിയില്‍ ഉപയോഗിക്കുന്ന എക്കൗണ്ടുകള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യുകയേയുള്ളു. പൊസിറ്റീവായ ക്രെഡിറ്റ് കാര്‍ഡ് റീപേയ്‌മെന്റ് ചരിത്രം നിങ്ങളുടെ

സ്‌കോര്‍ മെച്ചപ്പെടുത്തും.

5. വായ്പകള്‍ നല്ലതുതന്നെ, പക്ഷെ സൂക്ഷിക്കുക

വീടുണ്ടാക്കുക, കാര്‍ വാങ്ങുക, സ്ഥലം വാങ്ങുക… വായ്പയെടുത്ത് നിങ്ങള്‍ നടത്തുന്ന ഇത്തരം നിക്ഷേപങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ലെന്ന് മാത്രമല്ല, അതു മെച്ചപ്പെടുത്തുകയും ചെയ്യും. മാസതവണകള്‍ കൃത്യമായി അടയ്ക്കണമെന്നു മാത്രം. വലിയ വായ്പകള്‍ ശ്രദ്ധയോടെ മാനേജ് ചെയ്യുന്നുവെന്നത് ക്രെഡിറ്റ് സ്‌കോറിനെ വളരെയേറെ മെച്ചപ്പെടുത്തും.

6. ബാങ്ക് അധികൃതരുമായി സംസാരിക്കൂ

വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് നിങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. എന്നാല്‍ നിങ്ങള്‍ക്ക് ബാങ്കിനോട് ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ അത് തിരുത്താന്‍ അഭ്യര്‍ത്ഥിക്കാം.

7. നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റ് ഉയര്‍ത്താം

അച്ചടക്കത്തോടെയാണ് നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ പരിധി ഉയര്‍ത്താന്‍ ബാങ്കുകളോട് ആവശ്യപ്പെടാം. എന്നാല്‍ മുഴുവന്‍ തുകയും ഒരിക്കലും ഉപയോഗിക്കരുത്. എന്തിനും ഏതിനും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാനും പാടില്ല. ക്രെഡിറ്റ് ലിമിറ്റിന്റെ 30 ശതമാനം മാത്രമേ ഉപയോഗിക്കാവൂ എന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

8. ബില്ലുകള്‍ കൃത്യസമയത്ത് അടയ്ക്കുക

സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമാണ് ബില്ലുകള്‍ കൃത്യസമയത്തുതന്നെ അടയ്ക്കുന്നത്. ഇലക്ട്രിസിറ്റി ബില്ലായാലും ടെലിഫോണ്‍ ബില്ലായാലും മാസത്തിന്റെ ആദ്യ തീയതികളില്‍ തന്നെ അടയ്ക്കാന്‍ ശ്രദ്ധിക്കുക.

9. ആവശ്യമുള്ളപ്പോള്‍ മാത്രം വായ്പയെടുക്കുക

വായ്പ ആവശ്യമുണ്ടോയെന്ന് ചോദിച്ച് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളെ അങ്ങോട്ട് സമീപിക്കുന്ന കാലമാണിപ്പോള്‍. നിങ്ങള്‍ക്ക് വായ്പ അത്യാവശ്യമാണെങ്കില്‍ മാത്രം വായ്പയെടുക്കുക. എടുക്കുന്ന വായ്പകളെ ലാഘവത്തോടെ കാണുകയുമരുത്.

Similar News