വായ്പകള്‍ നിങ്ങളെ ശ്വാസം മുട്ടിക്കാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം?
നിങ്ങളുടെ ഒരു മാസത്തെ വായ്പാ തിരിച്ചടവ് വരുമാനത്തിന്റെ 45 ശതമാനത്തില്‍ അധികം വരുന്നുണ്ടോ? വായ്പാ തിരിച്ചടവിന് വ്യക്തമായ ഒരു പദ്ധതി നിങ്ങളുടെ കൈവശമുണ്ടോ? ഭാവിയില്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാവുന്ന വരുമാന വര്‍ധന കൂടി മുന്നില്‍ കണ്ടാണോ ഇപ്പോള്‍ നിങ്ങള്‍ വായ്പ എടുത്തിട്ടുള്ളത്? ഈ ചോദ്യങ്ങളെല്ലാം സ്വയം ചോദിച്ചു കഴിഞ്ഞോ?
വായ്പകള്‍ എല്ലാവരുടേയും നിത്യജീവിതത്തിന്റെ ഭാഗമാണ്. വായ്പ എടുക്കുമ്പോഴുള്ള താല്‍പ്പര്യം അതിന്റെ തിരിച്ചടവില്‍ പലരും കാണിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മുകളില്‍ പറഞ്ഞിട്ടുള്ള ചോദ്യങ്ങള്‍ വായ്പ എടുത്തിട്ടുള്ളവര്‍ സ്വയം ചോദിക്കേണ്ടതാണ്. നിങ്ങളുടെ വായ്പാ തിരിച്ചടവ് പ്രതിമാസ വരുമാനത്തിന്റെ 50 ശതമാനമേ വരാന്‍ പാടുള്ളൂ എന്നാണ് കണക്ക്.
അതായത് നിങ്ങള്‍ക്ക് മാസം ലഭിക്കുന്ന തുകയുടെ 45 ശതമാനത്തില്‍ കൂടുതല്‍ വായ്പകള്‍ തിരിച്ചടയ്ക്കാനാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ അധികം വൈകാതെ നിങ്ങള്‍ കടക്കെണിയിലാകും എന്നതിന്റെ വ്യക്തമായ സൂചനയാണ് അത് നല്‍കുന്നത്. നിങ്ങളുടെ പ്രതിമാസ വായ്പാ തിരിച്ചടവിനെ പ്രതിമാസ വരുമാനം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന തുകയെ ഡെറ്റ് സര്‍വീസിംഗ് റേഷ്യോ (debt servicing ratio) എന്ന് പറയുന്നു. ഇത് എത്രമാത്രം കുറഞ്ഞിരിക്കുന്നോ അത്രയും നല്ലതാണ് എന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം.
വായ്പകള്‍ ധാരാളം ഉണ്ടെങ്കിലും അതിന്റെ തിരിച്ചടവിന് എന്തുചെയ്യും എന്ന് നിങ്ങള്‍ക്ക് വ്യക്തമായ ധാരണ ഇല്ലെങ്കില്‍ നിങ്ങള്‍ കടക്കെണിയിലാകാന്‍ കാലതാമസം നേരിടില്ല. കൂടിയ പലിശയുള്ള വായ്പകള്‍ ആദ്യമേ തന്നെ തിരിച്ചടയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുകയും ക്രെഡിറ്റ് കാര്‍ഡ് പോലുള്ളവയുടെ ഉപയോഗം കുറയ്ക്കുകയാണ് ഈ സാഹചര്യത്തില്‍ ചെയ്യേണ്ടത്. നികുതിയിളവ് ലഭിക്കുന്ന ഭവനവായ്പ പോലുള്ളവ നിലനിര്‍ത്തി മറ്റ് വായ്പകള്‍ തിരിച്ചടയ്ക്കാനുള്ള വ്യക്തമായ പദ്ധതിയും രൂപപ്പെടുത്തേണ്ടതുണ്ട്.
വായ്പകള്‍ എടുക്കും മുമ്പ്…
ശമ്പളത്തില്‍ ലഭിച്ചേക്കാവുന്ന വര്‍ധന കൂടി കണക്കാക്കി ആ തുകയ്ക്കുള്ള വായ്പ എടുക്കുന്നത് പലപ്പോഴും ആത്മഹത്യാപരമാണ്. നിലവിലെ നിങ്ങളുടെ വരുമാനമായിരിക്കണം വായ്പ എടുക്കുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടത് എന്ന് എപ്പോഴും ഓര്‍ക്കുക. കടങ്ങള്‍ രണ്ട് വിധത്തിലുണ്ട്. നിങ്ങള്‍ക്ക് ബാധ്യതയാകാതെ നിങ്ങളുടെ ആസ്തികള്‍ വര്‍ധിപ്പിക്കാന്‍ ഉതകുന്ന വായ്പകളാണ് ഒന്ന്. ചില വായ്പകള്‍ നിങ്ങളുടെ ചെലവ് വര്‍ധിപ്പിക്കുന്നു, മാത്രമല്ല നിങ്ങളുടെ സമ്പത്ത് നഷ്ടപ്പെടാനും ഇത്തരം വായ്പകള്‍ കാരണമാകും. സമ്പത്ത്/ആസ്തി സൃഷ്ടിക്കാന്‍ ഉതകുന്ന, നികുതിയിളവ് നല്‍കുന്ന വായ്പകളെയാണ് ഒരാള്‍ പ്രധാനമായും ആശ്രയിക്കേണ്ടത്.
ഭാവിയില്‍ കടക്കെണിയിലാകുന്നത് ഒഴിവാക്കാന്‍ എടുക്കേണ്ട ചില മുന്‍കരുതലുകള്‍ ചുവടെ:
- ആസ്തികള്‍ സൃഷ്ടിക്കാനായി വായ്പ എടുക്കുന്നത് നല്ലതാണെങ്കിലും കുറേയധികം വായ്പകള്‍ എടുക്കുന്നത് പിന്നീട് വായ്പയെടുക്കാനുള്ള നിങ്ങളുടെ സാധ്യതക്ക് മങ്ങലേല്‍പ്പിക്കും.
- വായ്പകളുടെ മുന്‍ഗണനാക്രമം നിശ്ചയിച്ച് ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, വ്യക്തിഗത വായ്പകള്‍ എന്നിവ ആദ്യം തിരിച്ചടയ്ക്കുക. പലിശ കുറഞ്ഞ വായ്പകള്‍ എടുത്ത് ഇവയുടെ തിരിച്ചടവ് നടത്തുന്ന രീതിയും പരിഗണിക്കാം.
- വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ അത് ഒരു ശീലമാക്കാതെ ബാങ്കുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ആരായുക.
- നിക്ഷേപങ്ങള്‍ പിന്‍വലിച്ച് വായ്പാ തിരിച്ചടവിന് ആ തുക ഉപയോഗിക്കുക. പലിശ കൂടിയ വായ്പ തിരിച്ചടക്കേ?തു?െങ്കില്‍ നിക്ഷേപത്തില്‍ നിന്ന് വളരെ വലിയ നേട്ടം ലഭിച്ചാലേ നിങ്ങള്‍ക്ക് ആദായകരമാകൂ.
- ചെലവ് കുറയ്ക്കുക എന്നത് കടക്കെണിയില്‍ നിന്ന് ഒഴിവാകാനും മെച്ചപ്പെട്ട ജീവിതത്തിനുമായി പാലിക്കാവുന്ന ഒരു നിയമമാണ്.
മാനേജ് ചെയ്യാവുന്ന വായ്പകള്‍
വായ്പ എപ്പോഴും കെണിയാകില്ല. നല്ല രീതിയില്‍ മാനേജ് ചെയ്താല്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാനും ഭാവിയില്‍ വരുമാനം നേടാനും വായ്പ ഉപകരിക്കും. നല്ല വായ്പകളും നിങ്ങളെ അപകടത്തിലാക്കുന്ന വായ്പകളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നോക്കാം-
നിങ്ങള്‍ക്ക് അനുയോജ്യമായ വായ്പകളുടെ ലക്ഷണങ്ങള്‍ ഇവയാണ്-ഒരു ആസ്തിസ്വായത്തമാക്കാനോ, പ്രധാനപ്പെട്ട ഒരു സാമ്പത്തിക ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനോ ഇത്തരം വായ്പകള്‍ ഉപകരിക്കും. നിങ്ങള്‍ക്ക് കൂടുതല്‍ വരുമാനവും നികുതിയിളവും ഇത്തരം വായ്പകള്‍ നേടിത്തരും. ഭവന, വിദ്യാഭ്യാസ, വാഹന, ബിസിനസ് വായ്പകള്‍ ഈ ഗണത്തില്‍ പെടുന്നതാണ്.
നിങ്ങളെ കെണിയിലാക്കുന്ന വായ്പകളുടെ ലക്ഷണങ്ങള്‍-നിങ്ങളുടെ അറ്റമൂല്യം വര്‍ധിപ്പിക്കാതെ ഇത്തരം വായ്പകള്‍ ചെലവ് മാത്രം വര്‍ധിപ്പിക്കുന്നു. ഭാവിയില്‍ മൂല്യം കുറയാന്‍ സാധ്യതയുള്ള ആസ്തികള്‍ സ്വന്തമാക്കാനായിരിക്കും ഇത്തരം വായ്പകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടാകുക. ഇവ നികുതിയിളവ് നല്‍കുന്നില്ല. ഉല്ലാസയാത്രകള്‍, ക്രെഡിറ്റ് കാര്‍ഡ്, യന്ത്രസാമഗ്രികള്‍, ആഡംബര കാറുകള്‍ എന്നിവയ്ക്കുള്ള വായ്പകള്‍ ഈ വിഭാഗത്തില്‍ പെടുന്നതാണ്.
(ലേഖനം 2012 ഏപ്രിലില്‍ ധനം ബിസിനസ് മാഗസിന്‍ പ്രസിദ്ധീകരിച്ചത്)