മാസാവസാനമുള്ള ഞെരുക്കമൊഴിവാക്കാം; കുടുംബ ബജറ്റ് താളം തെറ്റാതിരിക്കാന്‍ ഈ വഴികള്‍

Update:2019-08-20 15:37 IST

മികച്ച വരുമാനം നേടുന്നവര്‍ ആണെങ്കില്‍ പോലും മാസാന്ത്യത്തില്‍ ശൂന്യമായ പേഴ്‌സിലേക്ക് നോക്കിയിരിക്കേണ്ട ഗതികേട് അനുഭവിക്കുന്നവരുണ്ട്. തങ്ങള്‍ക്ക് ആവശ്യമുള്ളതാണോ, തങ്ങള്‍ക്ക് വഹിക്കാന്‍ പറ്റുന്നതാണോ എന്നൊന്നും നോക്കാതെ അവര്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നു. അങ്ങനെ പണവും മനസമാധാനവും നഷ്ടപ്പെട്ടതിനു ശേഷം അവസാന ആശ്രയമായാണ് പലരും ചെലവ് കുറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതു തന്നെ. പക്ഷേ അപ്പോഴും ചെലവ് എത്ര കുറയ്ക്കണമെന്നും ഏതൊക്കെ കാര്യങ്ങള്‍ക്കുള്ള ചെലവ് കുറയ്ക്കണമെന്നും അവര്‍ക്ക് അറിയില്ല. ഇത്തരം സാഹചര്യങ്ങളിലാണ് ചെലവും വരുമാനവും ക്രമീകരിക്കാന്‍ ബജറ്റിംഗ് ഏര്‍പ്പെടുത്തുന്നത് നിങ്ങള്‍ക്ക് തുണയാകുന്നത്.

നിങ്ങളുടെ ചെലവുകളും വരുമാനവും ഒരു കടലാസില്‍ എഴുതിവെച്ചതിനു ശേഷം താരതമ്യം ചെയ്യുക. വരുമാനത്തേക്കാള്‍ ചെലവാണുള്ളതെങ്കില്‍ ചെലവ് കുറക്കാന്‍ ശ്രദ്ധിച്ചാല്‍ കടമെടുക്കുന്നത് ഒഴിവാക്കാം. ബജറ്റിന് അനുസരിച്ചു മാത്രം ചെലവാക്കാന്‍ ആരംഭിക്കുക. കുടുംബത്തിലെ ഒരാള്‍ മാത്രം ഇത് ചെയ്തതു കൊണ്ട് ഫലം ഉണ്ടാകില്ല. അതുകൊണ്ടാണ് ബജറ്റിംഗ് എന്നത് കുടുംബ ബജറ്റിംഗ് തന്നെ ആകണമെന്ന് പറയുന്നത്. ആവശ്യത്തിന് മാത്രമേ ചെലവ് ചെയ്യുന്നുള്ളൂവെന്നും അമിതമായി ചെലവാക്കുന്നില്ലെന്നും ഉറപ്പു വരുത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

  1. ഒരു സാധനം വാങ്ങുന്നതിന് മുമ്പ് അത് നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളതാണോ എന്ന് സ്വയം ചോദിക്കുക.
  2. സാധനങ്ങള്‍ തെരഞ്ഞെടുത്ത് വാങ്ങുക. ഫ്രീ ഓഫറുകള്‍ക്കും തിളങ്ങുന്ന പരസ്യങ്ങള്‍ക്കും പിന്നാലെ പോകാതിരിക്കുക.
  3. പെട്ടെന്നുള്ള തോന്നലിന്റെ പേരില്‍ വാങ്ങുന്ന സാധനങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതിരിക്കുക. അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക.
  4. അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള ഒരു ഫണ്ട് നീക്കിവെക്കുക. കുറഞ്ഞത് മൂന്ന് മാസത്തെ ചെലവു കള്‍ക്കു തുല്യമായ തുക ഈ
    ഫണ്ടിലുണ്ടാകണം. ഈ തുക ഒരു പ്രത്യേക സേവിംഗ്‌സ് ബാങ്ക് എക്കൗണ്ടില്‍ സൂക്ഷിക്കുക.
  5. ഇന്‍ഷുറന്‍സ്, സ്‌കൂള്‍ ഫീസ് തുടങ്ങിയ വാര്‍ഷിക, അര്‍ധവാര്‍ഷിക, ത്രൈമാസിക പേമെന്റുകള്‍ എന്നിവയ്ക്കായുള്ള ഓരോ മാസത്തിലെയും വരുമാനത്തില്‍ നിന്നുള്ള വിഹിതം ഒരു പ്രത്യേക എസ്.ബി എക്കൗണ്ടിലേക്ക് മാറ്റുക. ഈ എക്കൗണ്ടില്‍ നിന്ന് നല്‍കുന്ന ചെക്കുകള്‍ ഈ ആവശ്യങ്ങള്‍ക്കു മാത്രമായിരിക്കണം.
  6. നിങ്ങളുടെ ചെലവുകളും പേമെന്റുകളും അത്യാവശ്യ കാര്യങ്ങള്‍ക്ക്, പ്രത്യേക കാര്യങ്ങള്‍ക്ക് എന്നിങ്ങനെ രണ്ടു തരത്തില്‍ വേര്‍തിരിക്കുക. ഒഴിവുകാല യാത്രകള്‍, ഇടയ്ക്കിടെയുള്ള പുറമെ നിന്നുള്ള ആഹാരം, പാര്‍ട്ടി എന്നിവയ്ക്കായുള്ള ചെലവ് കുറയ്ക്കുക.
  7. നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വഴി വലിയ കടമുണ്ടെങ്കില്‍ സ്വര്‍ണമോ ഓഹരികളോ പണയെടുത്തി വായ്പെ യടുത്ത് ക്രെഡിറ്റ് കാര്‍ഡ് വായ്പ
    അടച്ചുതീര്‍ക്കുന്നതാണ് നല്ലത് കാരണം ക്രെഡിറ്റ് കാര്‍ഡ് കടം വലിയ ആപത്താണ്. വായ്പകള്‍ കുറഞ്ഞ പലിശനിരക്കിലുള്ളതും നീണ്ട കാലയളവിലേക്ക് ഉള്ളതുമായിരിക്കണം. പ്രതിമാസം നിങ്ങളുടെ കൈയില്‍ നിന്ന് വായ്പ ഇനത്തിലേക്ക് പോകുന്ന തുക കുറയ്ക്കാന്‍ ഇത് സഹായിക്കും.
  8. ഹ്രസ്വകാലത്തിനുള്ളില്‍ അടച്ചു തീര്‍ക്കേണ്ട ഭവനവായ്പ നിങ്ങള്‍ എടുത്തിട്ടുണ്ടെങ്കില്‍ ബാങ്ക് അധികൃതരുമായി സംസാരിച്ച് വായ്പാ കാലയളവ് കൂട്ടുക. മാസഗഡു കുറയാന്‍ ഇത് സഹായിക്കും.
  9. വായ്പ എടുക്കുന്ന തിന് മുമ്പ് നിങ്ങളുടെ ബജറ്റിന്റെ അടിസ്ഥാനത്തില്‍ ഒരു വിശകലനം നടത്തുക. എല്ലാചെലവുകളും നിറവേറ്റിയതിനു ശേഷം പ്രതിമാസം എത്ര രൂപ നിങ്ങള്‍ക്ക് മാസഗഡു വായി നല്‍കാമെന്ന്് കണക്കാക്കുക.
  10. ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ബജറ്റിംഗിനൊപ്പം ഒരു സമ്പാദ്യ പദ്ധതിയും തയാറാക്കുക. അലസമായ മനസുകളിലാണ് പിശാച് കുടിയേറുന്നത് എന്ന് പറയുന്നതുപോലെ നിങ്ങളുടെ പണം 'അലസ'മാണെങ്കില്‍ പിശാച് പോലുള്ള ചിന്തകള്‍ നിങ്ങളെ കൊണ്ട് അത് ചെലവാക്കിപ്പിക്കും.

(മാര്‍ച്ച് 15, 2010 ല്‍ ജെ.ആര്‍.ജി സെക്യൂരിറ്റീസ് ഓറേഷന്‍സ് & ടെക്‌നോളജി ഹെഡ്ഡ് ആയിരുന്ന സഞ്ജീവ് കുമാര്‍ ജി. എഴുതിയ ലേഖനം)

Similar News