ഇപ്പോള്‍ ഭവന വായ്പ മൂന്നു ലക്ഷം രൂപയോളം അധികമാകുന്നതെങ്ങനെ? ഭാരം കുറയ്ക്കാന്‍ എന്ത് ചെയ്യണം?

നിരക്കുകള്‍ ഉയരുമ്പോള്‍ ലോണ്‍ ബാധ്യത ഏറുന്നു, കാലാവധി കൂട്ടുമ്പോള്‍ അടയ്‌ക്കേണ്ടി വരുന്നത് ലക്ഷങ്ങള്‍, ബാധ്യതകൂടാതിരിക്കാന്‍ ലോണ്‍ ക്രമീകരിക്കേണ്ടതെങ്ങനെ, അറിയാം.

Update:2022-06-15 12:06 IST

Image : Canva

എക്കാലത്തെയും ഏറ്റവും കുറഞ്ഞ പലിശ നിരക്കുമായി വീടുവയ്ക്കാനും ഫ്‌ളാറ്റ് വാങ്ങാനും തിരക്ക് കൂട്ടുന്ന സീസണ്‍ അവസാനിച്ചു. തുടര്‍ച്ചയായ രണ്ടാമത്തെ മാസവും റിസര്‍വ് ബാങ്ക് നിരക്ക് (RBI Repo Rate) ഉയര്‍ത്തിയതോടെ വായ്പയെടുത്തവരുടെ ബാധ്യയില്‍ കാര്യമായ വര്‍ധനവുണ്ടായി. 36 ദിവസത്തെ ഇടവേളയ്ക്കുശേഷം റിപ്പോ നിരക്ക് അര ശതമാനംകൂടി ഉയര്‍ത്തിയതോടെ ഉപഭോക്താക്കള്‍ക്ക് മൊത്തം ഒരു ശതമാനത്തോളം അധിക ബാധ്യതയാണ് പലിശയിനത്തില്‍ ഉണ്ടാകുക.

മെയ് മാസത്തില്‍ 0.40ശതമാനവും ജൂണില്‍ 0.50ശതമാനവുമാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഇതോടെ 4.90 ശതമാനമാക്കി റീപോനിരക്ക് (Repo Rate). ഇതോടെ നിലവില്‍ വായ്പയെടുത്തവരുടെ പ്രതിമാസ തിരിച്ചടവ് തുക വര്‍ധിക്കും. അല്ലെങ്കില്‍ ഇഎംഐ അടച്ച് തീര്‍ക്കേണ്ട കാലാവധി കൂട്ടേണ്ടതായിവരും. പുതിയതായി വായ്പയെടുക്കുന്നവര്‍ക്കും ഇ.എം.ഐ ഇനത്തില്‍ അധികചെലവുണ്ടാകും.
ഏതൊക്കെ വായ്പകളെ ബാധിക്കും?
ഇപ്പോഴത്തെ റിപ്പോ നിരക്കില്‍ എല്ലായിനം വായ്പയെടുത്തവരെയും ബാധിക്കും. ഭവനവായ്പ (Home Loans) പലിശയിലാകും ഇത് അധികം പ്രതിഫലിക്കുക. സ്വര്‍ണവായ്പകളൊഴിച്ച് വ്യക്തിഗത വായ്പ,വാഹന വായ്പ, റീപോ ലിങ്ക്ഡ് വിദ്യാഭ്യാസ വായ്പകള്‍ തുടങ്ങി എല്ലാ വായ്പകളുടെയും ഇ.എം.ഐയോ വായ്പാ കാലാവധിയോ വര്‍ധിക്കും. ഫ്ളോട്ടിംഗ് നിരക്കിലുള്ള ഭവന, വാഹന വായ്പകളുടെ നിരക്കില്‍ ഇപ്പോള്‍ തന്നെ വര്‍ധനയുണ്ടായിട്ടുണ്ടാകും.
മൂന്നു ലക്ഷത്തോളം അധിക തുക
20 വര്‍ഷക്കാലയളവില്‍ ഏഴു ശതമാനം പലിശ നിരക്കില്‍ 25 ലക്ഷം വായ്പയെടുത്തവര്‍ അടച്ചിരുന്ന 19,382 രൂപ 20,756 രൂപയായി ഉയരും. 1,374 രൂപയാകും ഒരുമാസം മാത്രം വരുന്ന അധിക ബാധ്യത. പണപ്പെരുപ്പം നിയന്ത്രണത്തിലാകുന്നതുവരെ നിരക്ക് വര്‍ധിപ്പിക്കാന്‍ ആര്‍ബിഐ (റബ്ബി) നിര്‍ബന്ധിതമാകും. അതോടെ ഓഗസ്റ്റിലെ പണവായ്പ സമിതി യോഗത്തിലും നിരക്ക് വര്‍ധനവുണ്ടായേക്കും. വിലക്കയറ്റ തോത് ആര്‍.ബി.ഐയുടെ ക്ഷമതാ പരിധിയായ 2-6 നിരക്കിലേയ്ക്ക് താഴുന്നതുവരെ പലിശ കൂടുമെന്ന് ചുരുക്കം.
എങ്ങനെ അധിക ബാധ്യത പരിഹരിക്കാം?
സാലറിയില്‍ നിശ്ചിതമായി ജീവിക്കുന്നവര്‍ക്ക് സാമ്പത്തിക ബാധ്യത അധികമാകുമെന്നതില്‍ സംശയമില്ല, അതിനാല്‍ തന്നെ കാലാവധി കൂട്ടുന്നതാകും സ്ഥിരവരുമാനക്കാര്‍ക്ക് അഭികാമ്യം. 15-20 വര്‍ഷക്കാലയളവില്‍ ഭവനവായ്പയെടുത്തവര്‍ക്ക് 20-25 വര്‍ഷത്തേയ്ക്ക് തിരിച്ചടവ് വര്‍ധിപ്പിക്കാം. പ്രായം, റിട്ടയര്‍മെന്റ് എന്നിവ പരിഗണിച്ചായിരിക്കും ധനകാര്യ സ്ഥാപനങ്ങള്‍ ഇത് അനുവദിക്കുക.
അതേസമയം മറ്റ് വരുമാനമാര്‍ഗങ്ങളുള്ളവര്‍ കാലാവധി കൂട്ടാതെ ലോണ്‍ അടവ് (Loan EMI) തുക കൂട്ടി മുന്നോട്ട് പോകണം. കാരണം, കാലാവധി വര്‍ധിപ്പിച്ചാല്‍ അധികബാധ്യതയും നേരിടേണ്ടിവരും. 25 ലക്ഷം രൂപ ഭവനവായ്പയെടുത്തയാളാണ് നിങ്ങളെന്ന് കരുതുക. 20 വര്‍ഷത്തെ തിരിച്ചടവ് 25 വര്‍ഷമായി വര്‍ധിപ്പിക്കുമ്പോള്‍ വരുന്ന അധിക ബാധ്യത പരിശോധിക്കാം.
7.90 ശതമാനം പലിശ പ്രകാരം കാലാവധി കൂട്ടിയാല്‍ ഇഎംഐ 20,756 രൂപയില്‍നിന്ന് 19,130 രൂപയായി കുറയും. അതേസമയം, മൊത്തം ബാങ്കിന് നല്‍കുന്ന പലിശതുക 24.81 ലക്ഷത്തില്‍നിന്ന് 32.39 ലക്ഷമായി വര്‍ധിക്കുകയുംചെയ്യും. അതായത് 20 വര്‍ഷക്കാലയളവില്‍ എടുത്ത 25 ലക്ഷം രൂപ മുതലും പലിശയുമടക്കം കാലാവധി നീട്ടി തിരിച്ചടയ്ക്കുമ്പോള്‍ 57.39 ലക്ഷം രൂപയാകും. മറിച്ചാണെങ്കില്‍ 49.81 ലക്ഷവും. കാലയളവ് വര്‍ധിപ്പിച്ചതിലൂടെ 7.58 ലക്ഷം രൂപയാണ് അധിക ബാധ്യത വരിക. അതേ സമയം കാലാവധി കൂട്ടാതെ കൂടുതല്‍ പലിശ അടയ്ക്കുമ്പോള്‍ 3 ലക്ഷം രൂപയേ അധിക ബാധ്യതയാകൂ.


Tags:    

Similar News