പണപ്പെരുപ്പം ഉയരുമ്പോള്‍ റിട്ടയര്‍മെന്റ് പ്ലാനിംഗ് അമിതഭാരമില്ലാതെ സിസ്റ്റമാറ്റിക് ആക്കുന്നതെങ്ങനെ?

ഭാവിയിലേക്കുള്ള കരുതല്‍ധനം കണക്കാക്കുന്നത് പണപ്പെരുപ്പത്തിന്റെ നിരക്ക് അനുസരിച്ച് വേണം. എങ്ങനെയാണതെന്നു നോക്കാം.

Update:2022-04-13 10:40 IST

People vector created by freepik - www.freepik.com

എപ്പോഴാണ് ഒരു സാധാരണക്കാരന്റെ റിട്ടയര്‍മെന്റ് ജീവിതം ആരംഭിക്കുന്നത്, എപ്പോഴാണ് റിട്ടയര്‍മെന്റ് പ്ലാനിംഗ് നടത്തേണ്ടത്? ഇതൊക്കെ പലര്‍ക്കും സംശയമാണ്. മക്കളുടെ തണലില്‍ കൊച്ചുമക്കളോടും മറ്റുമൊപ്പം മരുന്നും ചില്ലറ ആരോഗ്യപ്രശ്നങ്ങളുമായി ജീവിതം വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ടുകൊണ്ടുപോകാം എന്നതായിരിക്കും എല്ലാവരും ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതും.

അതേസമയം അണുകുടുംബം എന്ന സങ്കല്‍പ്പത്തിന് പ്രചാരമേറി വരുന്ന ആധുനിക സാമൂഹിക ചുറ്റുപാടില്‍ സ്വന്തക്കാരായ എത്രപേര്‍ ആ കാലഘട്ടത്തില്‍ നമുക്കൊപ്പം കൂടെ കാണുമെന്ന് ഉറപ്പ് പറയാന്‍ സാധ്യമല്ല. എല്ലാറ്റിനുമുപരി ഈയൊരു കാലഘട്ടത്തില്‍ കയ്യില്‍ ആവശ്യത്തിന് പണം കൂടെ ഇല്ലെങ്കിലോ ? സങ്കല്‍പ്പിച്ചു നോക്കൂ. അവിടെയാണ് റിട്ടയര്‍മെന്റ് പ്ലാനിംഗ് എന്നതിന്റെ പ്രാധാന്യം ഓരോ വ്യക്തിയും തിരിച്ചറിയേണ്ടത്.

എന്തുകൊണ്ട് റിട്ടയര്‍മെന്റ് പ്ലാനിംഗ് നേരത്തെ തുടങ്ങണം, പരിശോധിക്കാം

നിലവിലെ നമ്മുടെ രാജ്യത്തെ സാഹചര്യം വിലയിരുത്തുമ്പോള്‍ ജോലിയിലോ ബിസിനസിലോ ഏര്‍പ്പെട്ടിരിക്കുന്ന മഹാഭൂരിപക്ഷം വ്യക്തികളും വ്യവസ്ഥാപിതവും സുസംഘടിതവുമായ ഒരു പെന്‍ഷന്‍ സംവിധാനത്തിന് കീഴില്‍ ഉള്‍പ്പെടാത്തവരാണ്.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് റിട്ടയര്‍മെന്റ് സമയത്ത് കയ്യില്‍ വന്നുചേരുന്ന തുക താരതമ്യേന ചെറുതായിരിക്കും. അതുപോലെ ചെറുകിട ബിസിനസുകാരില്‍ എത്രപേര്‍ റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായ പണം സമാഹരിക്കുന്നുണ്ട്. വളരെ ചെറിയ ഒരു വിഭാഗം മാത്രമായിരിക്കും ഇത്തരം കാര്യങ്ങളെ ഗൗരവമായി സമീപിച്ചുവരുന്നത്.

ഇപ്പോഴുള്ള ശരാശരി ആയുര്‍ദൈര്‍ഘ്യം കണക്കിലെടുക്കുമ്പോള്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ 2020 മാര്‍ച്ചില്‍ പുറത്തിറക്കിയ ടഞട ലൈഫ് ടേബിള്‍ പ്രകാരം മലയാളിയുടെ ശരാശരി ആയുസ് 75 വയസ്സോളമാണ്. രാജ്യത്തിന്റെ ശരാശരി 69 വര്‍ഷവുമാണ്. ആയുസിലുണ്ടായിരിക്കുന്ന ഈ വര്‍ധന നീണ്ട ഒരു റിട്ടയേഡ് ജീവിതം നമുക്കുണ്ട് എന്നതു കൂടിയാണ് ഓര്‍മിപ്പിക്കുന്നത്.

ഇന്‍ഫ്ളേഷന്‍ അഥവാ പണപ്പെരുപ്പത്തിന്റെ നിരക്ക് അനുസരിച്ച് ഇപ്പോള്‍ വീട്ടു ചെലവിനായി 20,000 രൂപ പ്രതിമാസം ചെലവഴിക്കുന്ന കുടുംബത്തിന് 10 വര്‍ഷങ്ങള്‍ക്കപ്പുറം ഇതേ ആവശ്യങ്ങള്‍ നിറവേറ്റാന്‍ 53,066 രൂപയോളമാണ് ആവശ്യം വരുക. സ്ഥിര വരുമാനം ഇല്ലാത്ത റിട്ടയേഡ് കാലഘട്ടത്തില്‍ മതിയായ പെന്‍ഷനോ, ബാങ്ക് ബാലന്‍സോ ഇല്ലാത്ത ദമ്പതികളില്‍ എത്ര പേര്‍ക്ക് ഈ തുക കണ്ടെത്താന്‍ സാധിക്കും ? ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ വളരെ പ്രസക്തമാണ് ഈ ചോദ്യം. ഇപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയിലേല് ഒരു റിട്ടയര്‍മെന്റ് പ്ലാന്‍ ഉണ്ടായിരുന്നെങ്കിലെന്ന്.

റിട്ടയര്‍മെന്റ് പ്ലാന്‍ തുടങ്ങുന്നതിനായുള്ള ശരിയായ പ്രായം എത്രയാണെന്ന് പലരും ചോദിക്കാറുണ്ട്. വളരെ നേരത്തെ തുടങ്ങൂ എന്നത് തന്നെയാണ് ഇതിനുള്ള ഉത്തരം. ഉദാഹരണം പറയാം. 50, 40, 30 എന്നിങ്ങനെ വ്യത്യസ്തങ്ങളായ പ്രായമുള്ള മൂന്ന് വ്യക്തികള്‍ റിട്ടയര്‍മെന്റ് കാലത്തേക്കുള്ള നീക്കിയിരിപ്പിനായി പ്രതിമാസം 5,000 രൂപ നിക്ഷേപിക്കുന്നു.

റിട്ടയര്‍മെന്റ് പ്രായമായ 58 ല്‍ എത്തുമ്പോള്‍ മൂവരുടെയും കൈവശം ലഭ്യമാകുന്ന തുക വിവിധ റിട്ടേണ്‍ അടിസ്ഥാനമാക്കി പറയാം. 50 വയസായ വ്യക്തിയുടെ നിക്ഷേപത്തിന് 8 വര്‍ഷമാണ് വളരാന്‍ സാധിച്ചത്. രണ്ടാമത്തെ വ്യക്തിയുടെയോ 18 വര്‍ഷം നിലനിര്‍ത്തി. അതേസമയം 30 വയസില്‍ നിക്ഷേപം ആരംഭിച്ച ഇ എന്ന വ്യക്തിക്ക് നീണ്ട 28 വര്‍ഷക്കാലമാണ് ലഭിച്ചത്.

പലിശ നിരക്കും തുകയും  

പലിശ നിരക്കിലെ ഏറ്റവും കുറഞ്ഞ 6 ശതമാനം നിരക്കില്‍ ആദ്യത്തെ വ്യക്തിക്ക് സമാഹരിക്കാനായത് ഉയര്‍ന്ന 12 ശതമാനം നിരക്കില്‍ ലഭിച്ചാലും 7,85,120 രൂപയാണ്. എന്നാല്‍ റിട്ടയര്‍മെന്റ് പ്ലാനിംഗിന്റെ പ്രാധാന്യം മുന്‍കൂട്ടി തിരിച്ചറിഞ്ഞ 30 കാരന് റിട്ടയര്‍മെന്റ് നിധി 6 ശതമാനം നിരക്കില്‍ 42,44,127 രൂപയം 12 ശതമാനം നിരക്കില്‍ 1 കോടി 21 ലക്ഷം രൂപയും സമാഹരിക്കും. കൂടുതല്‍ കാലം നിക്ഷേ പിക്കപ്പെട്ട പണം കൂടുതല്‍ റിട്ടേണ്‍ നല്‍കുന്നു എന്ന സാമ്പത്തിക തത്വമാണ് ഇവിടെ വിജയിക്കുന്നത്.

6 ശതമാനം നിരക്ക് എന്നത് താരതമ്യേന സുരക്ഷിതമായ ബാങ്ക് റെക്കറിംഗ് ഡെപ്പോസിറ്റ്, എന്‍പിഎസ്, പിപിഎഫ് മുതലായ നിക്ഷേപങ്ങളിലെല്ലാം ലഭ്യമാണ്. 12 ശതമാനം എന്ന ഉയര്‍ന്ന നിരക്ക് റിസ്‌ക് ഉണ്ടെങ്കിലും ദീര്‍ഘകാലത്തേക്ക് അനുയോജ്യമായ മികച്ച മ്യൂച്വല്‍ ഫണ്ട് എസ്ഐപികളും നല്‍കിവരുന്നുണ്ട്. അപ്പോള്‍ നിങ്ങള്‍ക്ക് സുരക്ഷിതവും അനുയോജ്യവുമായ ഒരു റിട്ടയര്‍മെന്റ് പ്ലാന്‍ വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്തുക.

സംശയങ്ങളുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എഴുതുക, mail@dhanam.in

Tags:    

Similar News