ആരോഗ്യ സഞ്ജീവനി പോളിസി എടുക്കേണ്ടതുണ്ടോ? പോളിസിയെ കുറിച്ച് അറിയേണ്ടതെല്ലാം

Update: 2020-05-21 09:39 GMT

കൊറോണക്കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ടവയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എന്ന വാക്കുമുണ്ട്. ഇതിന്റെ പ്രാധാന്യത്തെ കുറിച്ച് പലരും മനസ്സിലാക്കുന്നത് കൊറോണക്കാലത്തു തന്നെ. രാജ്യത്തെ 130 കോടി ജനങ്ങളില്‍ 4.2 പേര്‍ക്ക് മാത്രമേ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളൂ എന്നാണ് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നത്. ഈയൊരു പ്രശ്‌നം പരിഹരിക്കാനായി താഴെക്കിടയിലുള്ള ആളുകള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ദി ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന എന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയിരുന്നു. ജനസംഖ്യയില്‍ 40 ശതമാനം വരുന്ന 50 കോടി ജനങ്ങള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.

ആരോഗ്യ ഇന്‍ഷുറന്‍സ് കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ആരോഗ്യ സഞ്ജീവനി പദ്ധതി പുറത്തിറക്കിയത് ഇതിന്റെ ഭാഗമായാണ്. ഏപ്രില്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.

നിലവില്‍ വിവിധ കമ്പനികള്‍ നല്‍കുന്ന വൈവിധ്യമാര്‍ന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളിലെ അവ്യക്തത ക്ലെയിം സെറ്റില്‍മെന്റ് അടക്കമുള്ള കാര്യങ്ങളില്‍ പിന്നീട് ആശയക്കുഴപ്പത്തിന് കാരണമാകുന്നു. ഓരോ പോളിസിയും വ്യത്യസ്തമായതിനാല്‍ ഉപഭോക്താക്കളും ആശയക്കുഴപ്പത്തിലാകുന്നു. ഏത് ഏതൊക്കെ രോഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നു എന്നതു സംബന്ധിച്ചും ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇത് പരിഹരിക്കുന്നതിനായാണ് ഐആര്‍ഡിഎഐ എല്ലാ കമ്പനികളുടെയും അടിസ്ഥാന പോളിസികള്‍ക്ക് ഒരേ പേരും സ്വഭാവവും ആയിരിക്കണമെന്ന് നിശ്ചയിച്ചത്. ആരോഗ്യ സഞ്ജീവനി എന്ന പൊതു നാമത്തോടൊപ്പം കമ്പനികളുടെ പേരും ചേര്‍ത്താണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്.

എന്താണ് ഈ പോളിസി വാഗ്ദാനം ചെയ്യുന്നത്?

ഒരു വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള കവറേജ് നല്‍കുന്ന പോളിസികളാണിത്. വ്യക്തഗതമായോ കുടുംബത്തിന് മൊത്തമായോ പോളിസിയെടുക്കാം. ഫാമിലി ഫ്‌ളോട്ടര്‍ പ്ലാനില്‍ ജീവിത പങ്കാളി, മക്കള്‍, മാതാപിതാക്കള്‍, പങ്കാളിയുടെ മാതാപിതാക്കള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്താനാകും.
ഏതൊക്കെ ചികിത്സകള്‍ക്ക് പണം ലഭിക്കും ഏതൊക്കെ ഒഴിവാകും തുടങ്ങിയ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് ഒക്കെ എല്ലാ കമ്പനികളുടേയും ഒന്നു തന്നെയായിരിക്കുമെന്നാണ് മറ്റൊരു പ്രത്യേകത. നഗര-ഗ്രാമ ഭേദമില്ലാതെയാണ് പോളിസി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പ്രത്യേകതകള്‍
1-5 ലക്ഷം രൂപയുടെ സം അഷ്വേര്‍ഡ് പോളിസികള്‍ ലഭ്യമാകും

18നും 65 നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും പോളിസിയെടുക്കാം. (മൂന്നു മാസം മുതല്‍ 25 വയസ് വരെ പ്രായമുള്ള ആശ്രിതരായ കുട്ടികള്‍ ഫാമിലി പോളിസിയില്‍ ഉള്‍പ്പെടും)

ഒരു വര്‍ഷമാണ് പോളിസി കാലാവധി. ആജീവനാന്തം പോളിസി പുതുക്കാനാകും.

സം അഷ്വേര്‍ഡ് തുകയുടെ അഞ്ചു ശതമാനം പോളിസിയുടമ വഹിക്കണം. ബാക്കി തുക ഇന്‍ഷുറന്‍സ് കമ്പനി വഹിക്കും.

ക്ലെയിം ചെയ്യാത്ത പക്ഷം അഞ്ചു മുതല്‍ 50 ശതമാനം വരെ നോ ക്ലെയിം ബോണസായി സം അഷ്വേര്‍ഡ് തുകയുടെ കൂടെ ചേര്‍ക്കപ്പെടും.

30 ദിവസമാണ് വെയ്റ്റിംഗ് പിരീഡ്.

ഉള്‍പ്പെടുന്നവ

ആയുര്‍വേദ, യോഗ ആന്‍ഡ് നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി ചികിത്സകള്‍ക്കെല്ലാം ആനുകൂല്യം ലഭിക്കും.
ആധുനിക ചികിത്സാ രീതികളായ സ്റ്റെം സെല്‍ തെറാപ്പി, റോബോട്ടിക് സര്‍ജറി, ഓറല്‍ കീമോ തെറാപ്പി, ബലൂണ്‍ സൈനുപ്ലാസ്റ്റി, ഇന്‍ട്രാ വിറ്ററല്‍ ഇന്‍ജക്ഷനുകള്‍ തുടങ്ങി നിരവധി ചികിത്സകള്‍ ഉള്‍പ്പെടും.
അപകടങ്ങളാലോ രോഗങ്ങളാലോ വേണ്ടി വരുന്ന ദന്ത ചികിത്സയ്ക്കും പ്ലാസ്റ്റിക് സര്‍ജറിക്കും സംരക്ഷണം ലഭിക്കും
തിമിര ചികിത്സയ്ക്ക് ആകെ ചെലവിന്റെ 25 ശതമാനമോ ഒരു കണ്ണിന് 40000 രൂപയോ ഏതാണോ കുറവ് ആ തുക ലഭിക്കും.

ഉള്‍പ്പെടാത്തവ

വിവിധ തരം ടെസ്റ്റുകള്‍
പ്രസവം
ഒപിഡി ചികിത്സ
കോസ്‌മെറ്റിക് അല്ലെങ്കില്‍ പ്ലാസ്റ്റിക് സര്‍ജറി
പൊണ്ണത്തടി കുറയ്ക്കാനുള്ള ചികിത്സ
മദ്യം കഴിച്ചതുമായി ബന്ധപ്പെട്ട ചികിത്സ
റിഹാബിലിറ്റേഷന്‍
ജെന്‍ഡര്‍ മാറ്റത്തിനുള്ള ചികിത്സ
സാഹസിക കായിക വിനോദത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നുള്ള ചികിത്സ
വന്ധ്യതാ ചികിത്സ

നേട്ടങ്ങള്‍ ഇവയാണ്

ആശയക്കുഴപ്പങ്ങളില്ല

വിവിധ കമ്പനികള്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പോളിസികള്‍, വിവിധ തരം വിലകള്‍, നഗരത്തിലൊന്ന്, ഗ്രാമത്തിലൊന്ന് എന്ന നിലയിലുള്ള വേര്‍തിരിവുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ആളുകളില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഈ പോളിസിയില്‍ എല്ലാ കമ്പനികളുടേതും ഒന്നു തന്നെയായിരിക്കും.

കൂടുതല്‍ കവറേജ്, കുറഞ്ഞ പ്രീമിയം

കുറേയേറെ ചികിത്സകള്‍ക്ക് കുറഞ്ഞ പ്രീമിയം അടച്ചു കൊണ്ട് സംരക്ഷണം നേടാം എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. വിപണിയില്‍ നിലവിലുള്ള സമാന പോളിസികളേക്കാള്‍ 20-25 ശതമാനം കുറഞ്ഞതാണ് ആരോഗ്യ സഞ്ജീവനി പോളിസി പ്രീമിയം. ആധുനിക ചികിത്സാ രീതികളടക്കം പല പോളിസികളും നിരസിക്കുന്ന ചികിത്സയ്ക്കും കവറേജ് ലഭിക്കും. അലോപ്പതിക്ക് മാത്രമല്ല മറ്റു ചികിത്സാ പദ്ധതികള്‍ക്കും ചികിത്സ ലഭ്യമാകുന്നു. നിലവില്‍ പ്രത്യേകം തുക അടച്ചാല്‍ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകുകയുള്ളൂ.

എങ്ങിനെയും വഴങ്ങും

പ്രീമിയം ഒറ്റത്തവണയായി നല്‍കേണ്ടതില്ല. മാസ തവണകളായി അടക്കാനുള്ള സൗകര്യമുണ്ടെന്നത് കൂടുതല്‍ പേര്‍ക്ക് ഗുണകരമാകും. മാത്രമല്ല, മൂന്നു മാസ, ആറു മാസ തവണകളായും ഒറ്റത്തവണയായും അടക്കാനാവും. മാത്രമല്ല, മിതമായ പ്രീമിയം കൊണ്ട് മാതാപിതാക്കളെയും ജീവിതപങ്കാളിയുടെ മാതാപിതാക്കളെയും പോളിസിയില്‍ ഉള്‍പ്പെടുത്താനാകും. മറ്റു പോളിസികളില്‍ ഇതിനായി വലിയ പ്രീമിയം നല്‍കേണ്ടി വരുന്നു. മാത്രമല്ല, പൂര്‍ണമായും ഓണ്‍ലൈനിലൂടെ ഇത് എടുക്കാനുമാകും.

പരിമിതികള്‍

കുറഞ്ഞ പ്രീമിയത്തിന്റെ പരിമിതികള്‍ ഈ പോളിസികള്‍ക്കുമുണ്ട്. ബേസിക് ഹെല്‍്ത് പ്ലാനില്‍ സം അഷ്വേര്‍ഡ് തുകയുടെ രണ്ടു ശതമാനമോ അല്ലെങ്കില്‍ പരമാവധി അയ്യായിരം രൂപയോ ആകും മുറി വാടകയായി ലഭിക്കുക. ഐസിയുവില്‍ ആണെങ്കില്‍ അഞ്ചു ശതമാനമോ അല്ലെങ്കില്‍ പതിനായിരം രൂപയോ. ആധുനിക ചികിത്സയുടെ കാര്യത്തില്‍ പരമാവധി സം അഷ്വേര്‍ഡ് തുകയുടെ 50 ശതമാനം വരെ മാത്രമേ ലഭ്യമാകൂ. തിമിര ചികിത്സയിലും ഇത്തരത്തിലുള്ള നിബന്ധനകളുണ്ട്. അപകടമോ രോഗമോ ഉണ്ടായാല്‍ മാത്രമേ പ്ലാസ്റ്റിക് സര്‍ജറിക്കും ദന്ത ചികിത്സയ്ക്കും ആനുകൂല്യം ലഭിക്കൂ. നിലവിലുള്ള പല പോളിസികളും നിയന്ത്രങ്ങളൊന്നുമില്ലാതെ തന്നെ ഈ ആനുകൂല്യം നല്‍കി വരുന്നുണ്ട്.

സം അഷ്വേര്‍ഡ് തുക പരമാവധി അഞ്ചു ലക്ഷം രൂപ മാത്രമാണെന്നതും പരിമിതിയാണ്. മെട്രോ നഗരങ്ങളില്‍ ചുരുങ്ങിയത് 10 ലക്ഷം രൂപയുടെയെങ്കിലും കവറേജ് ആവശ്യമാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം ഗ്രാമീണ മേഖലയിലെ ഒരാളെ സംബന്ധിച്ചിടത്തോളം സം അഷ്വേര്‍ഡ് തുകയുടെ അഞ്ചു ശതമാനം പോളിസി ഉടമ നല്‍കണമെന്ന നിബന്ധന വലിയ ബാധ്യതയാണ്. നോ ക്ലെയിം ബോണസ് 5-50 ശതമാനം എന്നതും ആകര്‍ഷകമല്ല. നിലവില്‍ പല കമ്പനികളും മിക്ക പോളിസികളിലും 100 ശതമാനം നോ ക്ലെയിം ബോണസ് അനുവദിക്കുന്നുണ്ട്.

നിങ്ങള്‍ വാങ്ങേണ്ടതുണ്ടോ?

ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്  ടയര്‍ 3, ടയര്‍ 4 നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഇടത്തരം, താഴ്ന്ന വരുമാനക്കാരായ ആളുകള്‍ക്ക് യോജിച്ച പോളിസിയാണിതെന്നാണ്. ചികിത്സാ ചെലവ് കുറഞ്ഞ ചെറുകിട നഗരങ്ങളിലും ഗ്രാമങ്ങൡും പോളിസി ഗുണം ചെയ്യും. അതേസമയം മെട്രോ നഗരങ്ങളിലെ ഹോസ്പിറ്റലുകളില്‍ രണ്ടോ മൂന്നോ ദിവസം ചികിത്സ തേടിയാല്‍ തന്നെ വലിയൊരു തുക ബില്ല് വരും. അത് നികത്താന്‍ ഈ പോളിസി മതിയാകില്ല. ഏകദേശം 70 ശതമാനം തുകയെങ്കിലും സ്വന്തം കൈയില്‍ നിന്ന് എടുത്ത് കൊടുക്കേണ്ട സ്ഥിതിയാകും ഇവിടെയുണ്ടാകുക.

അതേസമയം മെട്രോ നഗരങ്ങളിലെ അവിവാഹിതര്‍ക്കും യുവാക്കള്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും ഇത് പ്രയോജനം ചെയ്യുമെന്ന് അഭിപ്രായമുള്ളവരുമുണ്ട്. കാരണം പത്തു ലക്ഷം രൂപ കവറേജ് നല്‍കുന്ന പോളിസികളുടെ പ്രീമിയം താങ്ങാന്‍ എത്രപേര്‍ക്ക് കഴിയുമെന്നാണ് അവര്‍ ചോദിക്കുന്നത്. എന്‍ട്രി ലെവല്‍ പ്ലാന്‍ എന്ന നിലയില്‍ മികച്ച തെരഞ്ഞെടുപ്പ് തന്നെയാകും ആരോഗ്യ സഞ്ജീവനിയെന്നാണ് പൊതുവേയുള്ള അഭിപ്രായം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News