പുതിയ മാറ്റങ്ങള്‍; ആരോഗ്യ സഞ്ജീവനി പോളിസിയെ ആകര്‍ഷകമാക്കുമോ?

Update: 2020-07-08 11:05 GMT

രാജ്യത്തെ ആദ്യ സ്റ്റാന്‍ഡേര്‍ഡ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആരോഗ്യ സഞ്ജീവനി പോളിസിയുടെ നിബന്ധനകളില്‍ ചില ഇളവുകളുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി(ഐആര്‍ഡിഎ). പരമാവധി സം ഇന്‍ഷ്വേര്‍ഡ് തുക അഞ്ച് ലക്ഷം രൂപ എന്ന പരിധി നീക്കി. ഇനി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സ്വതന്ത്രമായി പോളിസി തുക തീരുമാനിക്കാം. അതിനൊപ്പം മിനിമം പോളിസി തുക ഒരു ലക്ഷം രൂപയെന്നത് 50000 രൂപയാക്കി കുറച്ചിട്ടുണ്ടുമുണ്ട്. അതു വഴി 50,000 രൂപ മാത്രം ലഭിക്കുന്ന ബേസിക് ആരോഗ്യ പോളിസി എടുക്കാന്‍ വ്യക്തികള്‍ക്ക് സാധിക്കും.

പുതിയ മാറ്റം ഗുണമാകുമോ?

ഒരു വ്യക്തിക്ക് വരുന്ന അടിസ്ഥാനപരമായ ചികിത്സ ആവശ്യങ്ങള്‍ നിറവേറ്റാനായി സാധാരണ നിലയിലുള്ള ഒരു ഇന്‍ഷൂറന്‍സ് പോളിസി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഐആര്‍ഡിഎഐ അവതരിപ്പിച്ച പദ്ധതിയാണ് ആരോഗ്യ സഞ്ജീവനി. ഐആര്‍ഡിഎ നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകളോടെ എല്ലാ കമ്പനികളും അവരുടെ പേരിനൊപ്പം ആരോഗ്യ സഞ്ജീവനി എന്ന പേരു കൂടി ചേര്‍ത്തുകൊണ്ടാണ് കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ പോളിസി അവതരിപ്പിച്ചത്. എന്നാല്‍ പദ്ധതി ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും വേണ്ടത്ര ശ്രദ്ധ പിടിച്ചു പറ്റാന്‍ സാധിച്ചിരുന്നില്ല.

പരമാവധി പോളിസി തുക അഞ്ച് ലക്ഷം രൂപ മാത്രമാണെന്നതാണ് പലരും ഒരു പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടിയിരുന്നത്. ഉയര്‍ന്നു വരുന്ന ചികിത്സാ ചെലവുകള്‍ കണക്കിലെടുക്കുമ്പോള്‍ ചുരുങ്ങിയത് ഒരു വ്യക്തിക്ക് 10 ലക്ഷം രൂപയുടെയെങ്കിലും കവറേജ് ആവശ്യമാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇതു കൂടാതെ മറ്റു നിരവധി പ്രശ്‌നങ്ങള്‍ ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അഞ്ച് ശതമാനം കോ പേമെന്റ് നല്‍കണമെന്ന നിബന്ധനയാണ് അതിലൊന്ന്. സ്വന്തം കൈയ്യില്‍ നിന്ന് ക്ലെയിം നല്‍കാന്‍ ആരും തന്നെ ആഗ്രഹിക്കില്ല. മാത്രമല്ല. ഗ്രാമീണ മേഖലയിലെ ഒരാളെ സംബന്ധിച്ചിടത്തോളം സം അഷ്വേര്‍ഡ് തുകയുടെ അഞ്ചു ശതമാനം പോളിസി ഉടമ നല്‍കണമെന്ന നിബന്ധന വലിയ ബാധ്യതയാണ്. നോ ക്ലെയിം ബോണസ് 5-50 ശതമാനം എന്നതും ആകര്‍ഷകമല്ല. നിലവില്‍ പല കമ്പനികളും മിക്ക പോളിസികളിലും 100 ശതമാനം നോ ക്ലെയിം ബോണസ് അനുവദിക്കുന്നുണ്ട്.

റൂം റെന്റിന് പരിധിയുണ്ടെന്നതാണ് മറ്റൊരു പോരായ്മ. ബേസിക് ഹെല്‍ത്ത് പ്ലാനില്‍ സം അഷ്വേര്‍ഡ് തുകയുടെ രണ്ടു ശതമാനമോ അല്ലെങ്കില്‍ പരമാവധി അയ്യായിരം രൂപയോ ആകും മുറി വാടകയായി ലഭിക്കുക. ഐസിയുവില്‍ ആണെങ്കില്‍ അഞ്ചു ശതമാനമോ അല്ലെങ്കില്‍ പതിനായിരം രൂപയോ. ആധുനിക ചികിത്സയുടെ കാര്യത്തില്‍ പരമാവധി സം അഷ്വേര്‍ഡ് തുകയുടെ 50 ശതമാനം വരെ മാത്രമേ ലഭ്യമാകൂ. തിമിര ചികിത്സയിലും ഇത്തരത്തിലുള്ള നിബന്ധനകളുണ്ട്. അപകടമോ രോഗമോ ഉണ്ടായാല്‍ മാത്രമേ പ്ലാസ്റ്റിക് സര്‍ജറിക്കും ദന്ത ചികിത്സയ്ക്കും ആനുകൂല്യം ലഭിക്കൂ. നിലവിലുള്ള പല പോളിസികളും നിയന്ത്രങ്ങളൊന്നുമില്ലാതെ തന്നെ ഈ ആനുകൂല്യം നല്‍കി വരുന്നുണ്ട്.

സ്റ്റാന്‍ഡേര്‍ഡ് മെഡിക്ലെയിം പോളിസിക്ക് നിലവിലുള്ള പ്രീമിയത്തേക്കാള്‍ കൂടിയ പ്രീമയമാണ് ആരോഗ്യ സജ്ജീവനി പദ്ധതിക്ക് ഈടാക്കുന്നതെന്നും കേരളത്തില്‍ ഇന്‍ഷുറന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു വദ്ഗധന്‍ പറയുന്നു. വളരെ ചെലവുകുറഞ്ഞ പോളിസി എന്നതാണ് ആര്‍ഡിഎ നിഷ്‌കര്‍ഷിക്കുന്നതെങ്കിലും കമ്പനികള്‍പലതും ഉയര്‍ന്ന പ്രീമിയം ഈടാക്കുന്നുണ്ട്. അതിനാല്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ഇറക്കിയ പോലെയെ ഇപ്പോഴത്തെ ഈ മാറ്റത്തെ കാണാനാകൂ. ചുരുക്കത്തില്‍ ഐആര്‍ഡിഎ ഇപ്പോള്‍ വരുത്തിയിരിക്കുന്ന ഈ മാറ്റങ്ങള്‍ കൊണ്ടു മാത്രം ആരോഗ്യ സഞ്ജീവനി പോളിസിക്ക് ശ്രദ്ധ നേടാനാകില്ലെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

അതേസമയം പോളിസി ബസാര്‍ ഡോട്ട് കോമിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേധാവി അമിത് ചബ്ര ഉള്‍പ്പെടെയുള്ളവര്‍ ഐആര്‍ഡിഎയുടെ നീക്കത്തെ സ്വാഗതം ചെയ്തിട്ടുമുണ്ട്. സം ഇന്‍ഷ്വേര്‍ഡിന് പരിധി നിശ്ചിച്ചിട്ടില്ലാത്തതിനാല്‍ ഇന്നവേറ്റീവ് ആയ ഉല്‍പ്പന്നങ്ങളുമായി വരാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സാധിക്കുമെന്നാണ് ചബ്ര അഭിപ്രായപ്പെടുന്നത്. കൂടുതല്‍ ആളുകളിലേക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കടന്നു ചെല്ലാനും വഴിയൊരുക്കുമെന്നതിനാല്‍ ഒരു ഗെയിം ചെയ്ഞ്ചര്‍ ആയാണ് ഈ നീക്കത്തെ കാണുന്നതെന്നും ചബ്ര പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News