നോ ക്ലെയിം ബോണസ് ലഭ്യമാക്കാം, പഴയ കാറില്‍ നിന്ന് പുതിയ കാറിലേക്ക്

Update: 2019-12-20 08:42 GMT

പുതിയ കാര്‍ വാങ്ങുമ്പോള്‍ വലിയൊരു തുക ഇന്‍ഷുറന്‍സ് പ്രീമിയമായി നല്‍കേണ്ടി വരുന്നുണ്ടോ? എങ്കില്‍ നിങ്ങളുടെ പഴയ കാറിന്റെ ഇന്‍ഷുറന്‍സ് പോളിസിയിന്മേലുള്ള നോ ക്ലെയിം ബോണസ് പ്രയോജനപ്പെടുത്താം. നോ ക്ലെയിം ബോണസ് എന്നത് കാറിനല്ല, മറിച്ച് ഉടമയ്ക്കാണ് കമ്പനികള്‍ നല്‍കുന്നതെന്ന് അറിയാത്തവരാണ് പലരും.

സാക്ഷ്യപത്രം നേടണം

അപകടത്തില്‍ പെടാതെ വാഹനം കൊണ്ടു നടന്നതിനും പോളിസി കാലയളവില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാതിരുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ പോളിസിയുടമയ്ക്ക് നല്‍കുന്നതാണ് നോ ക്ലെയിം ബോണസ് ആനുകൂല്യം. പഴയ കാര്‍ മറ്റൊരാള്‍ക്ക് വിറ്റ് പോളിസി അവരുടെ പേരിലേക്ക് മാറ്റുമ്പോള്‍ നോ ക്ലെയിം ബോണസ് കൈമാറപ്പെടുന്നില്ല. നിങ്ങള്‍ നേടിയ ബോണസിന് കമ്പനിയില്‍ നിന്ന് ഒരു സാക്ഷ്യപത്രം നേടിയാല്‍ അത് പുതിയ കാര്‍ വാങ്ങുമ്പോള്‍ ഉപയോഗിക്കാനാവും. എന്നാല്‍ പഴയ കാര്‍ നിങ്ങളുടെ പേരില്‍ തന്നെയാണെങ്കില്‍ അതില്‍ നിന്ന് ലഭിച്ച ബോണസ് പുതിയ കാറിന് പ്രയോജനപ്പെടുത്താനാവില്ല. പഴയ കാര്‍ അടുത്ത ബന്ധുക്കളുടെ ആരുടെയെങ്കിലും പേരിലേക്ക് മാറ്റുകയാണ് ഇതിനുള്ള പോംവഴി.

മൂന്നു വര്‍ഷം കാലാവധി

വില്‍പ്പന നടന്നതായുള്ള വില്‍പ്പന പത്രവും പുതിയ കാര്‍ ബുക്ക് ചെയ്തതിനുള്ള ഫോമും പഴയ ഇന്‍ഷുറന്‍സ് പോളിസിയുടെ പകര്‍പ്പും കാണിച്ചാല്‍ മാത്രമേ നോ ക്ലെയിം ബോണസ് പുതിയ പോളിസിയിലേക്ക് മാറ്റുകയുള്ളൂ. അപേക്ഷ സമര്‍പ്പിച്ച് രണ്ടു ദിവസത്തിനകം തന്നെ നോ ക്ലെയിം ബോണസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും. ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ലഭിക്കുന്ന എന്‍സിബി ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് മൂന്നു വര്‍ഷമാണ് കാലാവധി.

കാറില്‍ നിന്ന് കാറിലേക്ക് മാത്രം

എന്നാല്‍ കാര്‍ ഇന്‍ഷുറന്‍സില്‍ നിന്ന് ലഭിച്ച നോ ക്ലെയിം ബോണസ് ആനുകൂല്യം ബൈക്കിനോ മറ്റു വാഹനങ്ങളുടേയോ പോളിസിയിലേക്ക് മാറ്റാനാവില്ല. സ്വകാര്യ വാഹനത്തില്‍ നിന്ന് സ്വകാര്യ വാഹനത്തിലേക്കും ടാക്‌സിയില്‍ നിന്ന് ടാക്‌സിയിലേക്കും ഇരുചക്ര വാഹനത്തില്‍ നിന്ന് ഇരുചക്ര വാഹനത്തിലേക്ക് എന്നിങ്ങനെ മാത്രമേ മാറ്റാനാകൂ.
പുതിയ കാറിന്റെ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ നിന്ന് 50 ശതമാനം വരെ ഇങ്ങനെ ഇളവ് നേടാനാകും. മാത്രമല്ല, ഇന്‍ഷുറന്‍സ് കമ്പനി മാറിയാലും നോ ക്ലെയിം ബോണസ് ഇല്ലാതാവില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News