പലിശയ്ക്ക് ടി.ഡി.എസ് ഒഴിവാക്കി, കൂടുതല്‍ ആകര്‍ഷകമായി മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്

നിക്ഷേപതുകയില്‍ നിന്നുള്ള വരുമാനത്തിന് നികുതി സ്ലാബ് പ്രകാരം നികുതി

Update:2023-05-19 13:33 IST

Image : Canva

വനിതാ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കാന്‍ 2023ലെ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച സമ്പാദ്യ പദ്ധതിയാണ് മഹിള സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (MSSC). എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍ പദ്ധതിയുടെ നികുതി വിവരങ്ങള്‍ ലഭ്യമാക്കിയിരുന്നില്ല. കഴിഞ്ഞദിവസം - കേന്ദ്രം മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന് ടി.ഡി.എസ് ഒഴിവാക്കി വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിന്റെ(സി.ബി.ഡി.റ്റി) വിജ്ഞാപനപ്രകാരം മഹിളാ സമ്മാന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ടി.ഡി.എസ് ഈടാക്കില്ല. അതേസമയം, അക്കൗണ്ടുടമ ഉയര്‍ന്ന വരുമാനമുള്ള ആളാണെങ്കില്‍ അയാളുടെ നികുതി ബാധക വരുമാനത്തിലേക്ക് എം.എസ്.എസ്.സിയില്‍ നിന്നുള്ള വരുമാനവും ചേര്‍ത്ത് നികുതി ഈടാക്കും.

എന്താണ് മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്?

സ്ത്രീകളുടേയും കുട്ടികളുടേയും പേരില്‍ ആരംഭിക്കാവുന്ന നിക്ഷേപ പദ്ധതിയാണിത്. ഏപ്രില്‍ ഒന്നു മുതലാണ് പദ്ധതി പ്രാബല്യത്തില്‍ വന്നത്. ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. രണ്ടു വര്‍ഷത്തേക്ക് പരമാവധി രണ്ട് ലക്ഷം രൂപയാണ് പദ്ധയില്‍ നിക്ഷേപിക്കാനാകുക. 7.50 ശതമാനം സ്ഥിര പലിശ ലഭിക്കും.
ഒരു വര്‍ഷത്തിനു ശേഷം നിക്ഷേപ തുകയുടെ 40 ശതമാനം പിന്‍വലിക്കാനാകും. അക്കൗണ്ട് ഉടമയ്‌ക്കോ അല്ലെങ്കില്‍ രക്ഷിതാവിനോ മരണം സംഭവിക്കുകയോ അല്ലെങ്കില്‍ ജീവന് ആപത്തുണ്ടാക്കാവുന്ന അസുഖങ്ങള്‍ പിടികൂടുകയോ ചെയ്താല്‍ കാലാവധിക്കു മുന്‍പ് പിഴ കൂടാതെ തന്നെ പണം പിന്‍വലിക്കാം.
അക്കൗണ്ട് തുടങ്ങി ആറു മാസത്തിനു ശേഷം പിഴയടച്ചുകൊണ്ട് അക്കൗണ്ട് ക്ലോസ് ചെയ്യാനും അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സാഹചര്യത്തില്‍ പലിശ നിരക്കില്‍ രണ്ടുശതമാനം കുറവു വരും. 5.5 ശതമാനം പലിശയാണ് അപ്പോള്‍ ലഭിക്കുക.
ത്രൈമാസ പലിശ
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകള്‍ക്കും ക്യുമിലേറ്റീവ് സ്ഥിര നിക്ഷേപങ്ങള്‍ക്കും സമാനമാണ് മഹിള സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപവും. ത്രൈമാസ അടിസ്ഥാനത്തില്‍ പലിശ കണക്കാക്കുമെങ്കിലും കാലാവധി പൂര്‍ത്തിയാകുമ്പോഴാണ് ഇത് ലഭിക്കുക. ഉദാഹരണത്തിന് രണ്ടു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ആദ്യ ത്രൈമാസത്തില്‍ 3,750 രൂപ പലിശ ലഭിക്കും. ഈ തുക വീണ്ടും നിക്ഷേപത്തിലേക്ക് ചേര്‍ക്കും. അപ്പോള്‍ രണ്ടാം ത്രൈമാസത്തില്‍ പലിശ 3,820 രൂപയാകും. ഇപ്രകാരം രണ്ടു വര്‍ഷ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മൊത്തം 2,32,044 രൂപ ലഭിക്കും.
സ്ഥിര നിക്ഷേപങ്ങളേക്കാള്‍ നേട്ടം
രണ്ടു വര്‍ഷക്കാലയളവില്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന പലിശയാണ് മഹിള സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന് ലഭിക്കുന്നത്. പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ 6.8 ശതമാനം പലിശയാണ് രണ്ടു വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. എച്ച്.ഡി.എഫ്.സി ഏഴ് ശതമാനവും ഐ.സി.ഐ.സി.ഐ ബാങ്ക് 7.1 ശതമാനവുമാണ് ഇക്കാലയളവില്‍ നല്‍കുന്ന പലിശ. ഡി.സി.ബി ഉള്‍പ്പെടെയുള്ള ചുരുക്കം സ്വകാര്യ ബാങ്കുകളാണ് എട്ട് ശതമാനത്തിനു മുകളില്‍ പലിശ നല്‍കുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ 7.50 ശതമാനം പലിശ ലഭിക്കുന്ന മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് മികച്ച നിക്ഷേപ മാര്‍ഗമാണ്.
കുറഞ്ഞ കാലത്തേക്ക് പണം സൂക്ഷിക്കാം
പബ്ലിക് പ്രോവഡിന്റ് ഫണ്ട്(പി.പി.എഫ്), നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍.എസ്.സി) എന്നിവയാണ് താരതമ്യം ചെയ്യാവുന്ന മറ്റ് ചെറു സമ്പാദ്യ പദ്ധതികള്‍. പി.പി.എഫിന് ഏപ്രില്‍-ജൂണ്‍ 2023 കാലയളവില്‍ നിശ്ചയിച്ചിരിക്കുന്ന പലിശ 7.1 ശതമാനമാണ്. എന്‍.എസ്.സിക്ക് 7.7 ശതമാനവും. എന്നാല്‍ ഇവ രണ്ടും ദീര്‍ഘകാലാവധിയുള്ള നിക്ഷേപങ്ങളാണ്. പി.പി.എഫ് കാലാവധി 15 വര്‍ഷവും എന്‍.എസ്.സി കാലാവധി അഞ്ച് വര്‍ഷവുമാണ്. ഇടയ്ക്ക് പണം തിരിച്ചു വേണമെന്നുള്ളവര്‍ക്ക് ഈ സമ്പാദ്യ പദ്ധതികള്‍ അനുയോജ്യമാകില്ല. ചുരുങ്ങിയത് രണ്ട് വര്‍ഷത്തേക്ക് നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന മികച്ച മാര്‍ഗങ്ങളിലാന്നാണ് മഹിള സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. ടി.ഡി.എസ് ഒഴിവാക്കിയതോടെ കൂടുതല്‍ ആകര്‍ഷകമായിട്ടുണ്ട്.
Tags:    

Similar News