ലഘുസമ്പാദ്യ പദ്ധതികളുടെ നിരക്കിൽ നേരിയ വർധന

പി.പി.എഫ്, സുകന്യ സമൃദ്ധി യോജന, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം, കിസാന്‍ വികാസ് പത്ര തുടങ്ങിയവയുടെ നിരക്കില്‍ മാറ്റമില്ല

Update: 2023-07-01 03:57 GMT

Image : Canva

ജൂലൈ- സെപ്റ്റംബര്‍ ത്രൈമാസത്തിലെ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സര്‍ക്കാര്‍ പരിഷ്‌കരിച്ചു. 30 ബേസിസ് പോയിന്റിന്റെ (0.3 %) വര്‍ധനയാണ് പ്രഖ്യാപിച്ചത്. പോസ്റ്റ് ഓഫീസ് ടൈം നിക്ഷേപം, റെക്കറിംഗ് നിക്ഷേപം എന്നീ പദ്ധതികളുടെ നിരക്കുകളാണ് കൂട്ടിയത്. ജനകീയ നിക്ഷേപ പദ്ധതിയായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ(പി.പി.എഫ്) നിരക്ക് ഉയര്‍ത്തിയില്ല.

അഞ്ച് വര്‍ഷ കാലാവധിയുള്ള റെക്കറിംഗ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.2 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി. ഒരു വര്‍ഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ നിരക്ക് 6.8 ശതമാനത്തില്‍ നിന്ന് 6.9 ശതമാനവും രണ്ടു വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങളുടെ നിരക്ക് 6.9 ശതമാനത്തില്‍ നിന്ന് 7 ശതമാനവുമായി.
മാറ്റമില്ലാതെ ഇവ
മൂന്ന്, അഞ്ച് വര്‍ഷ കാലാവധിയുള്ള ടേം നിക്ഷേപങ്ങളുടെ നിരക്കില്‍ മാറ്റമില്ല. പി.പി.എഫ്, സേവിംഗ്‌സ് നിക്ഷേപങ്ങളുടെ നിരക്ക് യഥാക്രമം 7.1 ശതമാനത്തിലും 4 ശതമാനത്തിലും നിലനിര്‍ത്തി. നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റിന്റെ നിരക്കും 7.7 ശതമാനത്തില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
പെണ്‍കുട്ടികള്‍ക്കായുള്ള സുകന്യ സമൃദ്ധി യോജന, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം, കിസാന്‍ വികാസ് പത്ര എന്നിവയുടെ നിരക്കുകളിലും മാറ്റമില്ല. മന്ത്‌ലി ഇന്‍കം സ്‌കീമിന്റെ നിരക്കും 7.4 ശതമാനമായി തുടരും. കഴിഞ്ഞ ജനുവരി- മാര്‍ച്ച് പാദത്തിലും ഏപ്രില്‍-ജൂണ്‍ പാദത്തിലും ലഘുസമ്പാദ്യ പദ്ധതികളുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. ത്രൈമാസാടിസ്ഥാനത്തിലാണ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത്.
Tags:    

Similar News