ഹാപ്പി ചില്‍ഡ്രന്‍സ് ഡേ! കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഇതാ ചില നിക്ഷേപമാര്‍ഗങ്ങള്‍
കുട്ടികള്‍ക്കായി നിരവധി നിക്ഷേപ മാര്‍ഗങ്ങള്‍ ഇന്ന് ലഭ്യമാണ്
കുട്ടികള്‍ രാജ്യത്തിന്റെ ഭാവിയാണ്, അവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച അവസരങ്ങള്‍ നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അതിനുള്ള ഒരു വഴി അവരുടെ സാമ്പത്തിക ഭാവി നേരത്തേ ആസൂത്രണം ചെയ്യുക എന്നതും. കുട്ടികള്‍ക്കായി നിരവധി നിക്ഷേപ മാര്‍ഗങ്ങള്‍ ഇന്ന് ലഭ്യമാണ്. അവ ഏതെല്ലാമാണെന്ന് നോക്കാം.
സുകന്യ സമൃദ്ധി യോജന (എസ്.എസ്.വൈ)
സുകന്യ സമൃദ്ധി യോജന (എസ്.എസ്.വൈ) സര്‍ക്കാര്‍ പിന്തുണയുള്ള ഒരു സമ്പാദ്യ പദ്ധതിയാണ്. 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' കാമ്പയ്നിന്റെ ഭാഗമായി 2011ല്‍ അവതരിപ്പിച്ച ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം പെണ്‍മക്കളുടെ ഭാവി സാമ്പത്തികമായി സുരക്ഷിതമാക്കാന്‍ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. പോസ്റ്റ് ഓഫീസുകളിലോ അംഗീകൃത ബാങ്ക് ശാഖകളിലോ എസ്.എസ്.വൈ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
ഏറ്റവും കുറഞ്ഞ പ്രതിമാസ നിക്ഷേപം 250 രൂപയും പരമാവധി വാര്‍ഷിക നിക്ഷേപം 1.5 ലക്ഷം രൂപയുമാണ്. 14 വര്‍ഷം വരെ നിക്ഷേപം നടത്താം. നിലവില്‍ ഇതിന്റെ വാര്‍ഷിക പലിശനിരക്ക് എട്ട് ശതമാനമാണ്. ഒന്നിലധികം പെണ്‍മക്കളുണ്ടെങ്കില്‍, ഓരോരുത്തര്‍ക്കും പ്രത്യേകം എസ്.എസ്.വൈ അക്കൗണ്ടുകള്‍ തുറക്കാം. 10 വയസ്സ് പൂര്‍ത്തിയാകുന്നതിന് മുന്‍പേ പദ്ധതിയില്‍ ചേരണം. പെണ്‍കുട്ടിക്ക് 21 വയസ്സ് ആകുമ്പോള്‍ പണം തിരിച്ചെടുക്കാം. 18 വയസ്സ് കഴിഞ്ഞാല്‍ 50 ശതമാനം പണം പിന്‍വലിക്കാന്‍ സാധിക്കും.
യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍സ് (ULIPs)
ഇന്‍ഷുറന്‍സ് സംരക്ഷണത്തിനൊപ്പം നിക്ഷേപവും ഉറപ്പാക്കുന്ന പദ്ധതിയാണ് യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍സ് (ULIPs) അഥവാ യുലിപ്സ്. പോളിസിയുടമകള്‍ അവരുടെ പ്രീമിയത്തിന്റെ ഒരു ഭാഗം മാര്‍ക്കറ്റ്-ലിങ്ക്ഡ് ഫണ്ടുകളിലേക്ക് നീക്കിവയ്ക്കുന്നു. ഈ തിരഞ്ഞെടുത്ത ഫണ്ടുകളുടെ പ്രകടനത്തെ ആശ്രയിച്ചാണ് വരുമാനം. അതിനാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കൊപ്പം സമ്പാദ്യം വളര്‍ത്താനും പദ്ധതി സഹായിക്കുന്നു. ദീര്‍ഘകാല ലോക്ക്-ഇന്‍ കാലയളവായ 5-10 വര്‍ഷമുള്ളതിനാല്‍ വിദ്യാഭ്യാസമോ വിവാഹമോ പോലുള്ള ഭാവി ആവശ്യങ്ങള്‍ക്കായി ഉപകാരപ്പെടും. സാമ്പത്തിക ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി നിക്ഷേപങ്ങള്‍ ക്രമീകരിക്കാന്‍ മാതാപിതാക്കളെ ഇത് അനുവദിക്കുന്നു.
മ്യൂച്വല്‍ ഫണ്ടുകള്‍
വിദ്യാഭ്യാസമോ വിവാഹമോ ആകട്ടെ കുട്ടിയുടെ ഭാവി കാര്യങ്ങള്‍ക്കായുള്ള ഒരു ലാഭകരമായ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. ഓരോ മാസവും ചെറിയ തുക നിക്ഷേപിച്ച് സമ്പാദ്യം വളര്‍ത്താന്‍ മ്യൂച്വല്‍ഫണ്ടുകള്‍ സഹായിക്കും. പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളായ സേവിംഗ്സ് അക്കൗണ്ടുകളെയും സ്ഥിര നിക്ഷേപങ്ങളെയും അപേക്ഷിച്ച് ദീര്‍ഘകാലത്തില്‍ ഉയര്‍ന്ന നേട്ടമാണ് മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നത്. കുട്ടികള്‍ക്കായി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം തിരഞ്ഞെടുക്കുമ്പോള്‍ ഉചിതമായ ഫണ്ടുകള്‍ തിരഞ്ഞെടുക്കുക. നഷ്ടം സഹിക്കാനുള്ള ശേഷിയും സാമ്പത്തിക ലക്ഷ്യങ്ങളും വിലയിരുത്തി വേണം ഫണ്ട് തിരഞ്ഞെടുക്കാന്‍. ഇതിനായി സാമ്പത്തിക ഉപദേഷ്ടാക്കളുടെ സഹായം തേടാവുന്നതാണ്.
നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ (NSC)
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (എന്‍.എസ്.സി) നഷ്ടസാധ്യതയും ഉറപ്പായ വരുമാനവും വാഗ്ദാനം ചെയ്യുന്ന സര്‍ക്കാര്‍ പിന്തുണയുള്ള ഒരു നിക്ഷേപ മാര്‍ഗമാണ്. എന്‍.എസ്.സികളില്‍ നിലവിലുള്ള പലിശ നിരക്ക് 7.7 ശതമാനമാണ്. അഞ്ച് വര്‍ഷമാണ് നിക്ഷേപ കാലാവധി. ഒരു വര്‍ഷത്തിന് ശേഷം പിഴയോടെ നിക്ഷേപം പിന്‍വലിക്കാം. ഇതിന്റെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 100 രൂപയാണ്. ഇതിന് പരമാവധി പരിധിയില്ല. ഏതൊരു ഇന്ത്യന്‍ പൗരനും വ്യക്തിഗതമായോ സംയുക്തമായോ ഈ നിക്ഷേപം ആരംഭിക്കാം. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പേരില്‍ നിയമപരമായ രക്ഷിതാക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ നിക്ഷേപം നടത്താം.
സ്ഥിര നിക്ഷേപങ്ങള്‍ (FD)
ഉറപ്പായ വരുമാനവും കുറഞ്ഞ നഷ്ട സാധ്യതയും സ്ഥിര നിക്ഷേപങ്ങളെ (എഫ്.ഡി) എപ്പോഴും പ്രിയങ്കരമാക്കുന്നു. ബാങ്കുകള്‍ വഴിയും ധനകാര്യ സ്ഥാപനങ്ങള്‍ വഴിയും സ്ഥിര നിക്ഷേപം നടത്താം. നിക്ഷേപകര്‍ക്ക് അവരുടെ നിര്‍ദ്ദിഷ്ട ആവശ്യകതകളുമായി പൊരുത്തപ്പെടുന്ന സ്ഥിര നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കാനാകും.
സ്വര്‍ണ നിക്ഷേപങ്ങള്‍
കുട്ടികള്‍ക്കായി മെച്ചപ്പെട്ടൊരു നിക്ഷേപ മാര്‍ഗമാണ് സ്വര്‍ണ നിക്ഷേപങ്ങള്‍. ആഭരണങ്ങള്‍, നാണയങ്ങള്‍, ബാറുകള്‍, സ്വര്‍ണ മ്യൂച്വല്‍ ഫണ്ടുകള്‍, എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ (ഇ.ടി.എഫ്), സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (എസ്.ജി.ബി) എന്നിങ്ങനെ വിവിധ രീതിയില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താം. ഭൗതിക സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കുന്നതിന് പകരം സ്വര്‍ണ ഇ.ടി.എഫുകളിലും എസ്.ജി.ബികളിലും പണം നിക്ഷേപിക്കുന്നതാണ് അഭികാമ്യം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പേരില്‍ എസ്.ജി.ബികള്‍ക്ക് അപേക്ഷിക്കാനുള്ള ഓപ്ഷനുണ്ട്. അപേക്ഷ ബ്രാഞ്ച് വഴി രക്ഷിതാവ് സമര്‍പ്പിക്കണം. രക്ഷിതാവിന്റെ പാന്‍ വിശദാംശങ്ങളുടെ ഒരു പകര്‍പ്പിനൊപ്പം എസ്.ജി.ബി അപേക്ഷാ ഫോമും നല്‍കേണ്ടതുണ്ട്.
റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം
റിയല്‍ എസ്റ്റേറ്റ് കുട്ടികള്‍ക്കുള്ള ദീര്‍ഘകാല നിക്ഷേപ മാര്‍ഗമാണ്. ഈ നിക്ഷേപങ്ങള്‍ക്ക് ഭാവിയില്‍ കുട്ടികള്‍ക്ക് സാമ്പത്തിക സ്ഥിരത നല്‍കാന്‍ കഴിയും. ഭാവിയില്‍ ഈ പ്രോപ്പര്‍ട്ടി താമസിക്കാന്‍ തിരഞ്ഞെടുക്കുന്നത് വാടക ലാഭിക്കാന്‍ സഹായിക്കും. മാത്രമല്ല വസ്തു വില്‍ക്കുന്നതിലൂടെ അവരുടെ റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കുന്നതിനോ മറ്റ് സാമ്പത്തിക ലക്ഷ്യങ്ങള്‍ നടത്തുന്നതിനോ സഹായമാകും.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്)
നാഷണല്‍ സേവിംഗ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ച ഇന്ത്യയിലെ ഒരു ദീര്‍ഘകാല സമ്പാദ്യ, നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്). ആദായനികുതി ആനുകൂല്യങ്ങള്‍ക്കൊപ്പം ന്യായമായ വരുമാനമുള്ളവയാണിത്. ഏതെങ്കിലും പോസ്റ്റ് ഓഫീസിലോ അംഗീകൃത ബാങ്ക് ശാഖയിലോ പി.പി.എഫ് അക്കൗണ്ടുകള്‍ ആരംഭിക്കാവുന്നതാണ്. ഒരു സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 500 രൂപയും പരമാവധി നിക്ഷേപ തുക 1.5 ലക്ഷം രൂപയുമാണ്.
നിലവിലെ പലിശ നിരക്ക് പ്രതിവര്‍ഷം 7.1 ശതമാനമാണ്. പി.പി.എഫില്‍ നിക്ഷേപിക്കുന്നത് കുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിനുള്ള മികച്ച തിരഞ്ഞെടുപ്പാണ്. 15 വര്‍ഷമാണ് പി.പി.എഫുകളുടെ കാലാവധി. അഞ്ച് വര്‍ഷത്തേക്ക് എന്ന രീതിയില്‍ കാലാവധി നീട്ടാം.അതിനാല്‍ ഈ നിക്ഷേപം കുട്ടിയുടെ വിദ്യാഭ്യാസം പോലുള്ള ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് സഹായമാകും.
കുട്ടികള്‍ക്ക് സാമ്പത്തിക അടിത്തറ നല്‍കുന്നതിലൂടെ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നമുക്ക് അവരെ സഹായിക്കാനാകും. കുട്ടികളുടെ സാമ്പത്തിക ക്ഷേമം ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.