ധനകാര്യ സേവനങ്ങള്‍ ഓണ്‍ലൈനാക്കാം ഇതാണ് മാറ്റത്തിനുള്ള സമയം

Update:2020-03-27 13:27 IST

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഡിജിറ്റല്‍ പണമിടപാടില്‍  കുതിച്ചു ചാട്ടമാണ് ഉണ്ടായത്. ഫോണ്‍പേ പോലുള്ള പേമെന്റ് പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തില്‍ വന്‍വര്‍ധനയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പണം കൈമാറുന്നതിനും റീചാര്‍ജ് ചെയ്യുന്നതിനും ബില്‍ പേമെന്റിനും മാത്രമല്ല, പലചരക്ക് സാധനങ്ങള്‍, മരുന്ന്, ഭക്ഷണം എന്നിവ വാങ്ങുന്നതിനുമെല്ലാം ഇപ്പോള്‍ ഇത്തരം ആപ്ലിക്കേഷനുകളെയാണ് ആശ്രയിക്കുന്നത്.
ഇതു മാത്രമല്ല എല്ലാത്തരം സാമ്പത്തിക സേവനങ്ങളും തടസ്സം കൂടാതെ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാക്കിയിട്ടുണ്ട്. ബാങ്കിംഗ്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍ ഇതിനായി പ്രത്യേകം ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ധനകാര്യ സേവനങ്ങള്‍ ഓണ്‍ലൈന്‍ മുഖാന്തിരമാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെങ്കില്‍ ഇപ്പോഴാണ് അതിനു അനുയോജ്യമായ സമയം. ഇതാ ചില സേവനങ്ങളില്‍ ഇപ്പോള്‍ ലഭിക്കുന്ന ഇളവുകള്‍

ബാങ്കിംഗ്

ബാങ്കിംഗ് സേവനങ്ങളുമായി ബന്ധപ്പെട്ട് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കിലും പിഴയീടാക്കില്ല എന്നതാണ് അതിലൊന്ന്. എടിമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള ചാര്‍ജും ഒഴിവാക്കിയിട്ടുണ്ട്. ജൂണ്‍ അവസാനം വരെയാണ് ഇത്. അവശ്യ സേവനം എന്ന നിലയില്‍ ബാങ്ക് ശാഖകള്‍ തുറന്നിട്ടുണ്ടെങ്കിലും ഇന്നത്തെ നിലയില്‍ ഇടപാടുകാര്‍ക്ക് ബാങ്കില്‍ പോകേണ്ട കാര്യമില്ല. ഉയര്‍ന്ന തുക ഓണ്‍ലൈനായി കൈമാറാന്‍ ഇന്നും പലര്‍ക്കും മടിയാണ്. സുരക്ഷിതത്വം അവര്‍ പ്രശ്‌നമായി കാണുന്നു. എന്നാല്‍ എത്ര ഉയര്‍ന്ന തുകയുടെ ഇടപാടും സുരക്ഷിതമാണെന്ന് ബാങ്കുകള്‍ അറിയിക്കുന്നുണ്ട്. മുമ്പ് ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനം പ്രയോജനപ്പെടുത്താവര്‍ക്കും അത് പരീക്ഷിക്കാവുന്ന സമയമാണിത്. ബാങ്കിന്റെ വെബ്‌സൈറ്റില്‍ നെറ്റ് ബാങ്കിംഗ് മുഖേനയും ഫോണില്‍ ബാങ്കിന്റെ ആപ്ലിക്കേഷന്‍ ഉപയോഗിച്ചും സേവനങ്ങള്‍ നേടാം. ബാങ്കുകള്‍ക്കനുസരിച്ച് ഓണ്‍ലൈനായി ലഭിക്കുന്ന സേവനങ്ങളിലും മാറ്റമുണ്ടാകും. ചില ബാങ്കുകള്‍ ആര്‍ടിജിഎസ് വഴി നിശ്ചിത തുകയില്‍ കൂടുതല്‍ അയക്കാന്‍ അനുവദിക്കില്ല. അല്ലെങ്കില്‍ ഇമ്മീഡിയേറ്റ് പേമെന്റ് സര്‍വീസിന്റെ് (ഐഎംപിഎസ്) ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ബെനഫിഷ്യറിയെ ചേര്‍ത്ത് ഏതാനും മണിക്കൂറുകള്‍ അതിലേക്കുള്ള ഇടപാട് അനുവദിക്കില്ല.

ഇന്‍ഷുറന്‍സ്

പോളിസിയുടമകള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി(ഐആര്‍ഡിഎ) മാര്‍ച്ച് 23 ന് ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പോളിസി പുതുക്കുന്നതിനുള്ള ഗ്രേസ് പിരീഡ് 30 ദിവസം കൂടി നീട്ടി നല്‍കാന്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സിനും ഇത് ബാധകമാണ്. കൊവിഡ് 19 മായി ബന്ധപ്പെട്ട ക്ലെയ്മുകളില്‍ ഉടനടി സെറ്റില്‍ ചെയ്തിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഡിജിറ്റല്‍ ചാനലുകള്‍ പ്രയോജനപ്പെടുത്താന്‍ കമ്പനികള്‍ ഉപഭോക്താക്കളോട് ഉപദേശിക്കുന്നുണ്ട്. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി വാട്ട്‌സ് ആപ്പ് സേവനങ്ങളും നല്‍കുന്നുണ്ട്. പോളിസിയുടമകള്‍ക്ക് വിവിധ സേവനങ്ങള്‍ വാട്ട്‌സ്ആപ്പ് മുഖേനയോ മൊബീല്‍ ആപ്ലിക്കേഷന്‍ വഴിയോ ഇമെയ്ല്‍ വഴിയോ ആവശ്യപ്പെടാം.
മിക്ക കമ്പനികളും പോളിസി സംബന്ധമായ വിവരങ്ങള്‍ ഡിജിറ്റല്‍ വഴി ലഭ്യമാകുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പോളിസിയില്‍ ചേര്‍ക്കാനുള്ള വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സൗകര്യമടക്കം ഇത്തരത്തില്‍ ലഭ്യമാണ്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പുതിയ ആരോഗ്യ-ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ഓണ്‍ലൈന്‍ മുഖേന എടുക്കാം. പോളിസിയുടമയുടെ ചികിത്സാ ചരിത്രമൊന്നും ഇതിന് തടസ്സമാകില്ല. ചില കമ്പനികള്‍ ഉയര്‍ന്ന മൂല്യമുള്ള പോളിസികള്‍ പോലും മെഡിക്കല്‍ ടെസ്റ്റ് ഇല്ലാതെ തന്നെ ലഭ്യമാക്കുന്നുണ്ട്. പല കമ്പനികളും ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്‌കോറും വരുമാനവും വിലയിരുത്തിയാണ് പോളിസി നല്‍കുന്നത്. സാമ്പത്തിക ആരോഗ്യവും വരുമാനവുമുള്ള ആളുകള്‍ നല്ല ആരോഗ്യം കാത്തു സൂക്ഷിക്കുമെന്ന വിലയിരുത്തലാണ് കമ്പനികള്‍ക്കുള്ളത്.
പല കമ്പനികളും ഓണ്‍ലൈന്‍ മുഖേന പോളിസി ആനുകൂല്യം ക്ലെയിം ചെയ്യുന്നതിനുള്ള അവസരമൊരുക്കുന്നു. എന്നിരുന്നലാും ചില കമ്പനികള്‍ ഡോക്യുമെന്റ്‌സിന്റെ കോപ്പിയും ക്ലെയിം ഫോമും നേരിട്ട് നല്‍കണമെന്നും ഉപാധി വെക്കുന്നുണ്ട്.

മ്യൂച്വല്‍ ഫണ്ട്, എന്‍പിഎസ്

ബാങ്കുകള്‍ മുഖേനയോ സാമ്പത്തിക ഉപദേശകര്‍ വഴിയോ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്നവര്‍ക്ക് വിവിധ സേവനങ്ങള്‍ക്കായി അതാത് ഏജന്‍സികളെ വിളിക്കാം. നിലവില്‍ ഡിജിറ്റല്‍ ചാനലുകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്കും ഈ സേവനം ലഭ്യമാകുന്നുണ്ട്. താഴ്ചയില്‍ നില്‍ക്കുന്ന ഈ സമയത്ത് മ്യൂച്വല്‍ ഫണ്ടുകളില്‍ ആദ്യമായി നിക്ഷേപിക്കുന്നവര്‍ക്ക് വിവിധ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനുണ്ട്. വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും മൊബീല്‍ ആപ്ലിക്കേഷനുകളും അവര്‍ക്ക് സഹായവുമായി എത്തുന്നു. പേടിഎം മണി, മൊബിക്വിക്ക്, സെറോധ കോയ്ന്‍, കുവേര, ഗ്രോ, സ്‌കിപ് ബോക്‌സ് തുടങ്ങി നിരവധി ആപ്ലിക്കേഷനുകള്‍ നിലവിലുണ്ട്. ഇവയുടെയെല്ലാം പ്രവര്‍ത്തനം വളരെ ലളിതമാണ്. വളരെ പെട്ടെന്ന് തന്നെ ഏതൊരാള്‍ക്കും നിക്ഷേപം തുടങ്ങാനാകും. മുമ്പ് കെ വൈ സി ചെയ്തിട്ടില്ലാത്തവര്‍ക്കും വളരെ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ഏഴു ദിവസം കൊണ്ടാണ് കെ വൈ സി പ്രക്രിയ പൂര്‍ത്തിയാകുക.
ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കുന്നതിനും യുപിഐ ആപ്ലിക്കേഷനുകളിലൂടെ സാധിക്കും. പുതുതായി എന്‍പിഎസ് എക്കൗണ്ട് തുടങ്ങാനാണെങ്കില്‍ നാഷണല്‍ പെന്‍ഷന്‍ ട്രസ്റ്റിന്റെ www.npstrust.org.in എന്ന വെബ്‌സൈറ്റിലൂടെ അതും സാധ്യമാണ്.

ഇത്തരത്തില്‍ മിക്ക സാമ്പത്തിക സേവനങ്ങളും തുടക്കക്കാര്‍ക്ക് കൂടി എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന തരത്തില്‍ ലഭ്യമാണെന്നതാണ് കൊറോണ കാലത്തെ സന്തോഷ വാര്‍ത്ത.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News