ബജറ്റ് പ്രഖ്യാപനത്തില്‍ ഭേദഗതി; അഞ്ചുലക്ഷം വരെയുള്ള ഇപിഎഫ് നിക്ഷേപത്തിന് പലിശയ്ക്ക് നികുതിയില്ല
രണ്ടര ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിനുള്ള പലിശയ്ക്ക് നികുതി അടയ്ക്കണമെന്നായിരുന്നു അറിയിപ്പ്.
ഇപിഎഫ് നിയമത്തിലെ ഭേദഗതിക്ക് ലോകസഭ അംഗീകാരം. പ്രൊവിഡന്റ് ഫണ്ടില്‍ തൊഴിലാളിയുടെ വാര്‍ഷികനിക്ഷേപം രണ്ടരലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ അതിന്റെ പലിശയ്ക്ക് നികുതി ചുമത്തുമെന്ന ബജറ്റ് നിര്‍ദേശമാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. പുതിയ നിയമഭേദഗതി അനുസരിച്ച് രണ്ടരലക്ഷം രൂപയെന്നത് അഞ്ചുലക്ഷം രൂപയാക്കുന്നതായാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് സാധാരണ ജീവനക്കാര്‍ക്കും അഞ്ച് ലക്ഷം രൂപ വരെ നികുതി നല്‍കാതെ പലിശ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാം.
പൊതുബജറ്റിന്റെ ഭാഗമായ ധനകാര്യ ബില്‍ ലോക്സഭ പസാക്കിയപ്പോള്‍ അതില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഭേദഗതിയും പ്രഖ്യാപിച്ചിട്ടുള്ളത്. പ്രോവിഡന്റ് ഫണ്ടില്‍ ഉയര്‍ന്ന തുക നിക്ഷേപിക്കുന്ന ജീവനക്കാരെ ബാധിക്കുന്നതായിരുന്നു ബജറ്റ് നിര്‍ദേശം. ഇതിനെതിരേ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് ഭേദഗതിക്ക് കേന്ദ്രം പദ്ധതിയിട്ടത്.
ധനകാര്യ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇന്ധനങ്ങളുടെയും പാചകവാതകത്തിന്റെയും വില വര്‍ധനയ്‌ക്കെതിരേ പ്രതിപക്ഷം പ്രതിഷേധിച്ചു. പെട്രോളും ഡീസലും ജി.എസ്.ടി.യുടെ പരിധിയില്‍ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇത് ജി.എസ്.ടി. കൗണ്‍സിലാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.