നിക്ഷേപകര്‍ക്ക് ആദായനികുതി ഇളവ് നേടാനാകുന്ന രണ്ട് ഉല്‍പ്പന്നങ്ങളാണ് ടാക്‌സ് സേവിംഗ് എഫ്.ഡികളും ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ് സ്‌കീമുകളും (ഇ.എല്‍.എസ്.എസ്). ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 പ്രകാരം ഇവയില്‍ രണ്ടിലെയും ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി ഇളവ് ലഭ്യമാണ്. എന്നാല്‍ ഈ രണ്ട് ഉല്‍പ്പന്നങ്ങളും തമ്മില്‍ വളരെയേറെ വ്യത്യാസങ്ങളും നിലവിലുണ്ട്. ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഇവയില്‍ ഏതാണ് മെച്ചമെന്ന് കണ്ടെത്തണമെങ്കില്‍ ഇവയുടെ സവിശേഷതകള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞേ മതിയാകൂ.
നിക്ഷേപ കാലാവധി
ടാക്‌സ് സേവിംഗ് എഫ്.ഡികളെന്നത് ബാങ്കുകളിലെ ഒരു പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതിയാണ്. ഏത് ബാങ്കിലും ഈ നിക്ഷേപം സാധ്യമാണ്. എന്നാല്‍ ഇ.എല്‍.എസ്.എസ് എന്നത് ഒരുതരം മ്യൂച്വല്‍ ഫണ്ട് പദ്ധതിയാണ്. ഇത്തരം ഫണ്ടുകളിലെ ഭൂരിഭാഗം തുകയും ഓഹരികളിലോ അല്ലെങ്കില്‍ ഓഹരി അധിഷ്ഠിത ഉല്‍പ്പന്നങ്ങളിലോ ആണ് നിക്ഷേപിക്കപ്പെടുന്നത്. ടാക്‌സ് സേവിംഗ് എഫ്.ഡികളിലെ കുറഞ്ഞ നിക്ഷേപ കാലാവധി (ലോക്ക്-ഇന്‍ പിരീഡ്) അഞ്ച് വര്‍ഷവും കൂടിയ കാലാവധി 10 വര്‍ഷവുമാണ്. അതേസമയം ഇ.എല്‍.എസ്.എസ് പദ്ധതിയിലെ കുറഞ്ഞ കാലാവധി മൂന്ന് വര്‍ഷമാണ്. എന്നാല്‍ ഒരു നിക്ഷേപകന് താല്‍പ്പര്യമുള്ള അത്രയും കാലം ഇതിലെ നിക്ഷേപം തുടരാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത.
സുരക്ഷിതത്വം
ടാക്‌സ് സേവിംഗ് എഫ്.ഡികളിലെ നിക്ഷേപത്തിന് യാതൊരുവിധ റിസ്‌ക്കുമില്ല. കാരണം അവ ബാങ്കുകളിലെ സ്ഥിരനിക്ഷേപം പോലെ നഷ്ടസാധ്യതയില്ലാത്തതും സുരക്ഷിതത്വമുള്ളതുമാണ്. ഇവയില്‍ നിന്നും ഉറപ്പായ വരുമാനം നേടാന്‍ സാധിക്കും. ഇ.എല്‍.എസ്.എസുകള്‍ ഓഹരി വിപണിയുമായി ബന്ധപ്പെട്ടവ ആയതിനാല്‍ അവയിലെ നിക്ഷേപത്തിന് അല്‍പ്പം റിസ്‌ക്കുണ്ടെന്നതാണ് വാസ്തവം. കൃത്യമായ വരുമാനം നിക്ഷേപകന് ഉറപ്പാക്കാനാകില്ലെങ്കിലും ഇ.എല്‍.എസ്.എസുകളിലെ ദീര്‍ഘകാല നിക്ഷേപത്തില്‍ നിന്നും മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിക്കാവുന്നതാണ്.
ലിക്വിഡിറ്റി
നിക്ഷേപ തുകയെ ആവശ്യമുള്ളപ്പോള്‍ പണമാക്കി മാറ്റാനാകുമോ (ലിക്വിഡിറ്റി) എന്നതാണ് മറ്റൊരു സുപ്രധാന ഘടകം. ടാക്‌സ് സേവിംഗ് എഫ്.ഡികളിലെ നിക്ഷേപം അഞ്ച് വര്‍ഷ കാലാവധിക്ക് മുന്‍പായി പിന്‍വലിക്കാനാകില്ലെന്നത് നിക്ഷേപകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ തന്നെ ഇ.എല്‍.എസ്.എസുകളിലെ നിക്ഷേപവും മൂന്ന് വര്‍ഷത്തിന് മുന്‍പായി പിന്‍വലിക്കാന്‍ സാധിക്കുകയില്ല.
എങ്ങനെ നിക്ഷേപിക്കാം
ചില ബാങ്കുകളില്‍ മാത്രമേ ടാക്‌സ് സേവിംഗ് എഫ്.ഡികള്‍ ഓണ്‍ലൈനായി ആരംഭിക്കാനാകുകയുള്ളൂ. ഭൂരിഭാഗം ബാങ്കുകളിലും നേരിട്ടുള്ള നിക്ഷേപം ആവശ്യമായേക്കും. ഇതിനായി ഉപഭോക്താക്കള്‍ അവരുടെ ബാങ്കുകളുമായി ബന്ധപ്പെടുകയാണ് വേണ്ടത്. എന്നാല്‍ ഇ.എല്‍.എസ്.എസിലെ നിക്ഷേപം ഓണ്‍ലൈനായി ആരംഭിക്കാനാകും.
വരുമാനം എത്ര?
നിക്ഷേപത്തില്‍ നിന്നുള്ള വരുമാനത്തിന്റെ തോതാണ് എല്ലാ നിക്ഷേപകരും വിലയിരുത്തുന്ന ഒരു സുപ്രധാന ഘടകം. ടാക്‌സ് സേവിംഗ് എഫ്.ഡികളുടെ പലിശ നിരക്ക് ഓരോ ബാങ്കിലും ചെറിയ തോതില്‍ വ്യത്യാസപ്പെട്ടിരിക്കും. എങ്കിലും പൊതുവെ ആറര മുതല്‍ ഏഴ് ശതമാനം വരെയാണ് ഇവയുടെ പലിശ നിരക്ക്. ഇവയില്‍ പണം നിക്ഷേപിക്കുമ്പോള്‍ തന്നെ എത്ര വരുമാനം തിരികെ ലഭിക്കുമെന്നത് കൃത്യമായി അറിയാനാകും.ഇ.എല്‍.എസ്.എസുകളിലെ വരുമാനം ഓഹരി വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കൃത്യമായി നിര്‍ണയിക്കാനാകില്ലെങ്കിലും മൂന്ന് വര്‍ഷക്കാലയളവിനുള്ളില്‍ ശരാശരി 20 ശതമാനത്തോളം വരെ വരുമാനം ഇവ നല്‍കിയിട്ടുണ്ട്.