ജി.ഡി.പി തളര്‍ച്ചയ്ക്കും സാമ്പത്തിക മാന്ദ്യത്തിനും മുഖ്യ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഉപഭോക്തൃ ഡിമാന്‍ഡിലെ താഴ്ചയ്ക്കു പരിഹാരം കാണാന്‍
വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതിന് കേന്ദ്ര ധനമന്ത്രാലയം ഒരുങ്ങുന്നതായി സൂചന. ഫെബ്രുവരിയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന 2020-21 ലേക്കുള്ള ബജറ്റിലാകും ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുകയെന്നാണ് റിപ്പാര്‍ട്ട്.
പുതിയ സ്‌ളാബുകളിലൂടെ നേരിട്ടുള്ള നികുതി ഇളവിന് പകരം ആദായ നികുതി സ്‌ളാബുകള്‍ മാറ്റാനുള്ള ശുപാര്‍ശ പ്രത്യേക ടാസ്‌ക് ഫോഴ്സ് ധനമന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു.ഇതനുസരിച്ചുള്ള പരിഷകരണത്തിനാണ് നീക്കമാരംഭിച്ചിട്ടുള്ളത്.നിലവില്‍ 5%, 10%, 20% എന്നീ സ്‌ളാബുകളാണുള്ളത്. അതിനുപകരം 5%, 10%, 20%, 30%, 35% എന്നിങ്ങനെ അഞ്ചു സ്‌ളാബുകള്‍ വേണമെന്നാണ് ശുപാര്‍ശ. ഇത് ഇടത്തരം വരുമാനക്കാര്‍ക്ക് ഗുണകരമാകും.ആകെ ജനസംഖ്യയുടെ 5 % പേര്‍ മാത്രമാണ് ഇന്ത്യയില്‍ ആദായ നികുതി പരിധിയിലുള്ളത്.
വിപണിയുടെ ഉണര്‍വിന് ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിക്കാതെ പറ്റില്ലെന്ന അഭിപ്രായം വ്യാപകമാണ്. ആദായ നികുതി കുറച്ച് ഈ പ്രതിസന്ധി മറികടക്കാമെന്നാണ് വിലയിരുത്തല്‍. സെപ്തംബര്‍ 20ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറച്ചിരുന്നു.അതേസമയം, നിലവില്‍ വ്യക്തിഗത ആദായ നികുതിയിലെ ഉയര്‍ന്ന സ്‌ളാബ് 30 ശതമാനമാണ്.
കോര്‍പ്പറേറ്റ് കമ്പനികളേക്കാള്‍ കൂടുതല്‍ നികുതി വ്യക്തികള്‍ അടയ്ക്കേണ്ടി വരുന്നതിലെ പൊരുത്തക്കേടും ആദായ നികുതി കുറയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്.50 ലക്ഷം രൂപയ്ക്കുമേല്‍ വരുമാനമുള്ളവര്‍ വിവിധ സെസ് ഉള്‍പ്പെടെ അടയ്ക്കുന്നത് 42.74 ശതമാനം നികുതിയാണ്. ഏഷ്യന്‍ രാജ്യങ്ങളിലെ ശരാശരി ഉയര്‍ന്ന വ്യക്തിഗത ആദായ നികുതി 29.99 ശതമാനം മാത്രമാണെന്നതും നികുതി കുറയ്ക്കാനായി സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദമാകുന്നുണ്ട്.
ധനമന്ത്രാലയത്തിനു മുമ്പാകെയുള്ള ടാസ്‌ക് ഫോഴ്സ് നര്‍ദ്ദേശം സ്വീകരിക്കുന്നപക്ഷം, ഇപ്പോഴത്തെ 5 % സ്‌ളാബിലുള്ളവര്‍ റിബേറ്റ് മുഖേന നികുതിയില്‍ നിന്ന് ഒഴിവാകും. 5 മുതല്‍ 10 ലക്ഷം രൂപ വരെ വരുമാനത്തിന് നികുതി 20 ല്‍ നിന്ന് 10 ശതമാനമാകും. 10 മുതല്‍ 20 ലക്ഷം രൂപ വരെ 20 ശതമാനമായിരിക്കും നികുതി. 20 ലക്ഷം മുതല്‍ രണ്ടു കോടി വരെ 30 ശതമാനവും, രണ്ടു കോടിക്കു മേല്‍ 35 ശതമാനവും.