കര്‍ഷകര്‍ക്കായുള്ള പെന്‍ഷന്‍ പദ്ധതി; പങ്കാളികളാകാന്‍ ചെയ്യേണ്ടത്

Update: 2019-08-12 06:53 GMT

കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച കര്‍ഷകര്‍ക്കായുള്ള പെന്‍ഷന്‍ പദ്ധതിയായ പ്രധാന്‍ മന്ത്രി കിസാന്‍ മാന്‍-ധന്‍ യോജനയുടെ (പി.എം-കെ.എം.വൈ) രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2019-20 ബജറ്റില്‍ പ്രഖ്യാപിച്ച പി.എം-കെ.എം.വൈ പ്രകാരം അര്‍ഹരായ കര്‍ഷകര്‍ക്ക് 60 വയസ്സ് തികയുമ്പോള്‍ മുതല്‍ പ്രതിമാസം 3,000 രൂപ പെന്‍ഷന്‍ ലഭിക്കും. വെള്ളിയാഴ്ചയാണ് രാജ്യത്തുടനീളം പി.എം-കെ.എം.വൈ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഓഗസ്റ്റ് 15 നുള്ളില്‍ രണ്ട് കോടിയോളം രജിസ്‌ട്രേഷന്‍ കടക്കുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നതെന്ന് നാഷണല്‍ ഇ ഗവേണന്‍സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോമണ്‍ സര്‍വീസ് സെന്റര്‍ സിഇഓ ദിനേഷ് ത്യാഗി അറിയിച്ചു.

എവിടെ രജിസ്റ്റര്‍ ചെയ്യണം: പൊതു സേവന കേന്ദ്രങ്ങളിലൂടെയാണ് പിഎം-കെഎംവൈയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. എന്റോള്‍മെന്റ് പൂര്‍ണമായും സൗജന്യമാണ്

വേണ്ട രേഖകള്‍: ആധാര്‍ കാര്‍ഡ്, കൃഷിയിടത്തിന്റെ രേഖ.

യോഗ്യതകള്‍: രണ്ട് ഹെക്ടര്‍ കൃഷിസ്ഥലം കൈവശമുള്ള കര്‍ഷകര്‍ക്കാണ് പിഎം-കെഎംവൈ പദ്ധതിക്ക് അര്‍ഹതയുള്ളത്. 18 നും 40 നും ഇടയില്‍ പ്രായമുള്ള കര്‍ഷകര്‍ക്ക് സ്വമേധയാ സംഭാവന അടിസ്ഥാനമാക്കിയുള്ള പെന്‍ഷന്‍ പദ്ധതിയാണിത്. ചെറുകിട കര്‍ഷകരെ ലക്ഷ്യം വച്ചുള്ളതിനാല്‍ ഭൂവുടമസ്ഥ പരിധിയുണ്ട്.

നിക്ഷേപ തുക: പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കുന്ന പ്രായം അനുസരിച്ച് 55 മുതല്‍ 200 രൂപ വരെയാണ് പ്രതിമാസം സംഭാവന നല്‍കേണ്ടത്. കേന്ദ്രസര്‍ക്കാരും തുല്യ തുക സംഭാവന ചെയ്യും. കര്‍ഷകരുടെ ഭാര്യമാര്‍ക്കും പ്രത്യേകം നിക്ഷേപം നടത്താന്‍ സാധിക്കും. ഇതുവഴി അവര്‍ക്കും 3000 രൂപ വീതം പെന്‍ഷന്‍ ലഭിക്കും.

മരണം സംഭവിച്ചാല്‍ : നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് കര്‍ഷകന്‍ മരിച്ചാല്‍ ഭാര്യയ്ക്ക് പദ്ധതിയില്‍ തുടരാവുന്നതാണ്. പങ്കാളി സംഭാവന നല്‍കി പദ്ധതിയില്‍ തുടരാന്‍ താത്പര്യപ്പെടുന്നില്ലെങ്കില്‍ പലിശ സഹിതം കര്‍ഷകന്‍ നല്‍കിയ മൊത്തം സംഭാവനയും പങ്കാളിയ്ക്ക് നല്‍കും. പങ്കാളിയുടെ അഭാവത്തില്‍, പലിശയ്ക്കൊപ്പം മൊത്തം സംഭാവനയും നോമിനിക്ക് കൈമാറുന്നതാണ്.

Similar News