ഈ സ്‌മോള്‍ ക്യാപ് ഓഹരിയില്‍ നിക്ഷേപവുമായി പൊറിഞ്ചു വെളിയത്ത്; ഓഹരി മൂന്നു മാസത്തില്‍ 50% ഉയര്‍ന്നു
കഴിഞ്ഞയാഴ്ച നിക്ഷേപം ഉയര്‍ത്തിയതിനു പിന്നാലെ കേരള ആയുര്‍വേദ ഓഹരികളും മുന്നേറ്റം തുടരുകയാണ്
ഓഹരി വിപണി കയറ്റിറക്കങ്ങളുടെ പാതയിലായിരിക്കുന്ന ഈ സമയത്തും സ്‌മോള്‍ ക്യാപ് ഓഹരിയില്‍ നിക്ഷേപവുമായി പ്രമുഖ പോര്‍ട്ട്‌ഫോളിയോ മാനേജറായ പൊറിഞ്ചു വെളിയത്ത്. രാജ്യത്തെ പ്രമുഖ തയ്യല്‍ മെഷീന്‍ നിര്‍മാതാക്കളില്‍ ഒന്നായ സിംഗര്‍ ഇന്ത്യയിലാണ് (Singer India Ltd) പുതിയ നിക്ഷേപം. എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയിട്ടുള്ള വിവരങ്ങള്‍ പ്രകാരം 6.25 ലക്ഷം ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് സ്വന്തമാക്കിയിരിക്കുന്നത്. അതായത് 1.02 ശതമാനം ഓഹരി വിഹിതം.
കഴിഞ്ഞ പാദത്തിലാണ് പൊറിഞ്ചു വെളിയത്ത് സിംഗര്‍ ഇന്ത്യ ഓഹരി സ്വന്തമാക്കിയത്. ആരെങ്കിലും കമ്പനിയില്‍ ഒരു ശതമാനത്തിലധികം നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ അത് ത്രൈമാസ ഷെയര്‍ ഹോള്‍ഡിംഗ് അപ്‌ഡേറ്റില്‍ എക്‌സ്‌ചേഞ്ചകളെ അറിയിക്കാറുണ്ട്. ഇന്നലെ സിംഗര്‍ ഇന്ത്യ സമര്‍പ്പിച്ച അപ്‌ഡേറ്റില്‍ പൊറിഞ്ചു വെളിയത്ത് നിക്ഷേപിച്ചതായി കണ്ടതോടെ നിക്ഷേപകര്‍ ഓഹരി വാങ്ങാന്‍ തുടങ്ങിയതാണ് വിലയില്‍ കുതിപ്പുണ്ടാക്കിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ ഓഹരി 53 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
പ്രമുഖ നിക്ഷേപകനായിരുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ പങ്കാളി രേഖ ജുന്‍ജുന്‍വാലയ്ക്കും സിംഗര്‍ ഇന്ത്യയില്‍ 6.95 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. 2023 സെപ്റ്റംബര്‍ പാദത്തിലെ വിവരങ്ങളനുസരിച്ച് കമ്പനിയുടെ പ്രമോട്ടര്‍മാര്‍ക്ക് 31 ശതമാനം ഓഹരിയാണുള്ളത്. ബാക്കി 69 ശതമാനം പൊതുജനങ്ങളുടെ കൈവശമാണ്. 678 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയാണ് സിംഗര്‍ ഇന്ത്യ. 2023 സാമ്പത്തിക വര്‍ഷത്തില്‍ 460.3 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. ഇക്കാലയളവില്‍ ലാഭം 8.3 കോടി രൂപയും.
സ്‌മോള്‍ ക്യാപ്പുകളോട് കൂട്ടുകൂടി
ഓറിയന്റ് ബെല്‍, സോം ഡിസ്റ്റലറീസ്, സീ മീഡിയ, ഡ്യൂറോ പ്ലൈ ഇന്‍ഡസ്ട്രീസ് എന്നിവയാണ് പൊറിഞ്ചു വെളിയിത്തിന്റെ പോര്‍ട്ട്‌ഫോളിയോയിലുള്ള മുഖ്യ ഓഹരികള്‍. നേരിട്ടുള്ള നിക്ഷേപം കൂടാതെ സ്വന്തം ഉടമസ്ഥതയിലുള്ള പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്ഥാപനമായ ഇക്വിറ്റി ഇന്റലിജന്‍സ് വഴിയും പൊറിഞ്ചു വെളിയത്ത് നിക്ഷേപം നടത്തുന്നുണ്ട്.