എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ)
കീഴിലുള്ള പെന്‍ഷന്‍കാര്‍ക്ക് വര്‍ഷത്തില്‍ ഏത് സമയത്തും അവരുടെ ലൈഫ്
സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ ഇനി മുതല്‍ അനുമതി. 64
ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്ക് ഗുണകരമാകുന്ന പരിഷ്‌കാരത്തിനാണ്
അനുമതിയായിരിക്കുന്നത്.
'ലൈഫ്
സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് സാധുവായി
തുടരും,' ഇപിഎഫ്ഒ ട്വീറ്റില്‍ അറിയിച്ചു.നേരത്തെ, ലൈഫ്
സര്‍ട്ടിഫിക്കറ്റുകള്‍ സൃഷ്ടിക്കുന്നതിനും സമര്‍പ്പിക്കുന്നതിനുമുള്ള
പ്രക്രിയ നവംബര്‍ 1 മുതല്‍ നവംബര്‍ 30 വരെ മാത്രമായിരുന്നു. നവംബറില്‍ ഇത്
പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ വിതരണം ജനുവരി
മുതല്‍ നിര്‍ത്തിവച്ചിരുന്നു. ഇനി പെന്‍ഷന്‍കാര്‍ക്ക് വര്‍ഷത്തില്‍ ഏത്
സമയത്തും അവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. സമര്‍പ്പിച്ചു
കഴിഞ്ഞാല്‍, അടുത്ത 12 മാസത്തേക്ക് സര്‍ട്ടിഫിക്കറ്റ് സാധുവായി തുടരും.
2015-16
മുതല്‍ അവതരിപ്പിച്ച ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് രീതിയില്‍
ബയോമെട്രിക് പരിശോധനയ്ക്ക് ശേഷം ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച്
സര്‍ട്ടിഫിക്കറ്റ് സുഗമമായി ലഭിക്കും. ഡിജിറ്റല്‍ ലൈഫ്
സര്‍ട്ടിഫിക്കറ്റിനായി ബയോമെട്രിക് പരിശോധനയ്ക്ക് ആധാര്‍ കാര്‍ഡ് നമ്പര്‍,
പെന്‍ഷന്‍ പേയ്മെന്റ് ഓര്‍ഡര്‍ (പിപിഒ) നമ്പര്‍, ബാങ്ക് അക്കൗണ്ട്
വിശദാംശങ്ങള്‍ മൊബൈല്‍ നമ്പര്‍ എന്നിവ സമര്‍പ്പിക്കേണ്ടതുണ്ട്.
പെന്‍ഷന്‍കാര്‍ക്ക്
മിനിമം പെന്‍ഷന്‍ 1,000 ഇപിഎഫ്ഒ ഉറപ്പ് നല്‍കുന്നു. കുറഞ്ഞത് 10
വര്‍ഷത്തേക്ക് ഫണ്ടിലേക്ക് സംഭാവന നല്‍കിയ ഇപിഎഫ് വരിക്കാര്‍ക്കാണ്
പെന്‍ഷന് അര്‍ഹതയുള്ളത്.
ഇപിഎഫ് പെന്‍ഷന്‍
തുക കമ്യൂട്ട് ചെയ്തവര്‍ക്ക് 15 വര്‍ഷത്തിനു ശേഷം പൂര്‍ണ പെന്‍ഷന്‍
അനുവദിച്ചുകൊണ്ടും വിജ്ഞാപനമായി. ഇതു സംബന്ധിച്ച ഭേദഗതി കഴിഞ്ഞ വര്‍ഷം
തൊഴില്‍ മന്ത്രാലയം അംഗീകരിച്ചെങ്കിലും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്
ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) തുടര്‍ നടപടികളെടുത്തിരുന്നില്ല. എന്‍.കെ.
പ്രേമചന്ദ്രന്‍ എംപിയുടെ നിരന്തര ഇടപെടലിനൊടുവിലാണു വ്യാഴാഴ്ച രാത്രി
വിജ്ഞാപനമിറക്കിയത്.
2008 വരെ പെന്‍ഷന്‍
കമ്യൂട്ട് ചെയ്ത 6.3 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അതേസമയം,
2008ല്‍ നിര്‍ത്തലാക്കിയ പിഎഫ് പെന്‍ഷന്‍ കമ്യൂട്ടേഷന്‍
പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല.പെന്‍ഷന്‍
തുകയുടെ മൂന്നിലൊന്നിന്റെ 100 ഇരട്ടി വരെ ഒന്നിച്ചു നല്‍കുന്നതായിരുന്നു
കമ്യൂട്ടേഷന്‍ സമ്പ്രദായം.
വിജ്ഞാപന പ്രകാരം, 2008 സെപ്റ്റംബര്‍ 25നു മുന്‍പു കമ്യൂട്ട് ചെയ്തവര്‍ക്കെല്ലാം കുറവു ചെയ്യുന്ന പ്രതിമാസ പെന്‍ഷന്‍ തുക 15 വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്കു പുനഃസ്ഥാപിക്കും. 2004 സെപ്റ്റംബര്‍ 25നു മുന്‍പു കമ്യൂട്ട് ചെയ്തവര്‍ക്ക് ഉടന്‍ തന്നെ പൂര്‍ണ പെന്‍ഷന്‍ ലഭിക്കും; മറ്റുള്ളവര്‍ക്കു 15 വര്‍ഷം തികയുന്ന മുറയ്ക്കും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline