സ്മാര്‍ട്ടാക്കാം റിട്ടയര്‍മെന്റ് ജീവിതം

Update:2016-12-15 15:28 IST

യുവത്വത്തില്‍ ജീവിതം ആഘോഷിക്കുന്നതിനിടയിലും പിന്നീട് കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ക്കിടയിലും പലരും സൗകര്യപൂര്‍വ്വം മറന്നുകളയുന്ന ഒന്നാണ് റിട്ടയര്‍മെന്റ് പ്ലാനിംഗ്. പിന്നീട് അതിനെക്കുറിച്ച് ആലോചിച്ച് വരുമ്പോഴേക്കും 45 വയസ് കടന്നിട്ടുണ്ടാകും. എന്നാല്‍ നേരത്തെ ഇത് തുടങ്ങിയാല്‍ വളരെ ചെറിയ തുക വീതം നിക്ഷേപിച്ചാലും അവശ്യഘട്ടമെത്തുമ്പോള്‍ അത് വളര്‍ന്ന് വലിയൊരു സംഖ്യയാകും. മാത്രമല്ല, ചെറിയ പ്രായത്തിലാകുമ്പോള്‍ ഓഹരി പോലെ റിസ്‌ക് കൂടിയ നിക്ഷേപ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തുന്നത് വഴി നേട്ടമുണ്ടാക്കാം.

കാത്തിരിക്കാന്‍ സമയമില്ല

റിട്ടയര്‍മെന്റ് പ്ലാനിംഗ് എന്തുകൊണ്ട് നേരത്തെ തുടങ്ങണം? ഐ.റ്റി പ്രൊഫഷണലായ വിഷ്ണുവിന് 28 വയസുണ്ട് . 60 അറുപതാം വയസിൽ വിഷ്ണു ജോലിയില്‍ നിന്ന് വിരമിച്ചാല്‍ അതുവരെ അദ്ദേഹത്തിന് 32 വര്‍ഷമുണ്ട് . 1500 രൂപ വീതം മാസം നിക്ഷേപിച്ചാല്‍ 15 ശതമാനം പലിശ വീതം (ഇക്വിറ്റി മ്യൂച്ച്വല്‍ ഫിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലും മറ്റും നിക്ഷേപിച്ചാല്‍) 32 വര്‍ഷത്തിനുശേഷം 1.03 കോടി രൂപ ലഭിക്കും. എന്നാല്‍ 50 വയസിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ അത്ര തുക ലഭിക്കാന്‍ മാസം തോറും നിക്ഷേപിക്കേണ്ട തുക 41,500 രൂപയാണ്! ചെറിയ പ്രായത്തിലെയുള്ള നിക്ഷേപത്തിന്റെ ശക്തി മനസിലായില്ലേ. മാത്രമല്ല കൂടുന്ന ചികില്‍സാചെലവ്, വര്‍ധിക്കുന്ന പണപ്പരുപ്പം, കൂടുന്ന ആയുര്‍ദൈര്‍ഘ്യം തുടങ്ങിയവ മൂലം വലിയൊരു തുക കരുതേണ്ടി വരും.

പ്ലാന്‍ ചെയ്യാം

സര്‍ക്കാര്‍ ഓഫീസിലെ ക്ലര്‍ക്കും വന്‍കിട സ്ഥാപനത്തില്‍ ഉയര്‍ന്ന ഉദ്യോഗത്തിലിരിക്കുന്നയാളും ഒരേ തുകയല്ല ഇതിനായി നിക്ഷേപിക്കേണ്ടത്. ഇരുവരുടെയും ജീവിത നിലവാരം ഒരേ രീതിയിലല്ല എന്നതുതന്നെ കാരണം. വിരമിക്കുന്ന സമയത്ത് നിങ്ങള്‍ക്ക് എത്ര തുക വേണ്ടിവരുമെന്ന് തീരുമാനിക്കുക. ബജറ്റ് തീരുമാനിക്കുമ്പോള്‍ താഴെപ്പറയുന്ന ഘടകങ്ങള്‍ പരിഗണിക്കുക

.നിങ്ങളുടെ ഇപ്പോഴത്തെ പ്രായം

എത്ര വയസില്‍ വിരമിക്കും?

.ഇപ്പോഴത്തെ വരുമാനം, ഓരോ വര്‍ഷവും വരുമാനത്തിലുണ്ടാകുന്ന ഏകദേശ വര്‍ധന

.റിട്ടയര്‍മെന്റ് കാലഘട്ടത്തില്‍ നിങ്ങള്‍ക്ക് ആവശ്യമായ മാസ വരുമാനം

പണപ്പെരുപ്പ നിരക്ക്

നിങ്ങളുടെ ബജറ്റ് തീരുമാനിച്ചു കഴിഞ്ഞാല്‍ അനുയോജ്യമായ നിക്ഷേപ പദ്ധതി തെരഞ്ഞെടുക്കുക.

Similar News