ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങൾക്ക്, പ്രത്യേകിച്ചും ശമ്പള വരുമാനക്കാർക്ക്, കടം ഒഴിവാക്കാനാവാത്ത ഒന്നാണ്. കടം വലിയൊരു ഉത്തരവാദിത്തമാണ് എന്ന് നമ്മൾ തിരിച്ചറിയണം. പലരും കഴുത്തറ്റം കടത്തിൽ മുങ്ങുമ്പോഴായിരിക്കും ഇക്കാര്യം മനസിലാക്കുക. ഒന്നു ശ്രദ്ധിച്ചാൽ കടക്കെണിയെ തിരിച്ചറിയാം, ഒഴിവാക്കാം. ഇടി വെൽത്ത് നടത്തിയ സർവെയിൽ കണ്ടെത്തിയ ചില കാര്യങ്ങൾ:
വരുമാനത്തിന്റെ 50% ലധികം വരുന്ന EMI
സർവേയിൽ പങ്കെടുത്ത 15 ശതമാനം പേരും മാസവരുമാനത്തിന്റെ 50 ശതമാനത്തിലധികം ഇഎംഐ അടക്കുന്നവരാണ്. ഇക്കൂട്ടരിൽ 32 ശതമാനം പേരും സ്ഥിരാവരുമാനക്കാരായ മുതിർന്ന പൗരന്മാരാണെന്നതാണ് എടുത്തുപറയേണ്ട വസ്തുത. വരുമാനത്തിന്റെ 50 ശതമാനത്തിൽ കൂടുതലാണ് നിങ്ങളുടെ EMI എങ്കിൽ കൂടുതൽ ഇഎംഐകൾ എടുക്കാതെ നോക്കണം.
സ്ഥിരം ചെലവുകൾ വരുമാനത്തിന്റെ 70% ൽ കൂടുതൽ
ഒരു മാസത്തെ സ്ഥിരം ചെലവുകളിൽ ഒരു ഭാഗം മാത്രമാണ് ഇഎംഐ. വാടക, സ്കൂൾ ഫീസ്, യൂട്ടിലിറ്റി ബില്ലുകൾ എന്നിവ മറ്റ് സ്ഥിരം ചെലവുകളിൽ പെടും. എല്ലാം കൂടി നോക്കുമ്പോൾ വരുമാനത്തിന്റെ 70 ശതമാനത്തിൽ കൂടുതലുണ്ടെങ്കിൽ നിങ്ങൾ പതുക്കെ കടക്കെണിയിലേക്ക് നടന്നടുക്കുകയാണെന്നാണ് അർഥം. കാരണം മാസത്തിലെ മറ്റു ചെലവുകൾക്കും അല്പം തുക സേവ് ചെയ്യാനും വരുമാനത്തിന്റെ 30 ശതമാനമെങ്കിലും ആവശ്യമാണ്.
സാധാരണ ചെലവുകൾക്ക് ലോൺ
വീട്ടുചെലവ്, കുട്ടികളുടെ ഫീസ്, വാടക ഇത്തരം സാധാരണ ചെലവുകൾക്ക് നിങ്ങൾ വായ്പയെടുക്കുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ സാമ്പത്തിക ഭദ്രത താളം തേടിയിരിക്കുകയാണ്. സർവേ അനുസരിച്ച് 17 ശതമാനത്തോളം പേർ ഇത്തരത്തിൽ വായ്പ എടുക്കുന്നുണ്ട്.
കടം വീട്ടാൻ വായ്പ
നിലവിലുള്ള ലോൺ വീട്ടാൻ പുതിയൊരു ലോൺ എടുക്കുന്നത് അത്ര നല്ല കാര്യമല്ല. രാജ്യത്ത് 21.9 ശതമാനം പേരും ഇത്തരത്തിൽ ലോൺ എടുത്തിട്ടുള്ളവരാണ്. എന്നാൽ പലിശ കുറയാനായി മറ്റൊരു ബാങ്കിന്റെ റീഫിനാൻസിങ് സൗകര്യം നേടുന്നതിൽ തെറ്റില്ല.
ക്രെഡിറ്റ് കാർഡിൽ നിന്ന് പണം പിൻവലിക്കുക
ദൈനംദിന ചെലവുകൾക്ക് പണം കണ്ടെത്താൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് നല്ല ശീലമല്ല. ക്രെഡിറ്റ് കാർഡ് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. ഇത്തരത്തിൽ പണം പിൻവലിക്കുന്നതിന് ഉയർന്ന പലിശയും ഉണ്ടാകും.
ക്രെഡിറ്റ് കാർഡ് തിരിച്ചടവ് മുടങ്ങുക
ക്രെഡിറ്റ് കാർഡ് തിരിച്ചടവ് മുടങ്ങുക എന്നതൊരു മുന്നറിയിപ്പാണ്. റീപേയ്‌മെന്റ് മുഴുവനായി ചെയ്യാത്തവരാണ് കൂടുതൽ പേരും. 21 ശതമാനം പേരും പേയ്മെന്റ് മുടക്കുകയോ മിനിമം തുക അടച്ച് മാസം തള്ളിനീക്കുകയോ ചെയ്യാറുണ്ട്.
ബാങ്ക് വായ്പാ അപേക്ഷ തള്ളുക
ബാങ്ക് നിങ്ങളുടെ വായ്പാ അപേക്ഷ നിരാകരിച്ചോ? ഇത് മറ്റൊരു മുന്നറിയിപ്പാണ്. എന്തുകൊണ്ടാണ് നിങ്ങളുടെ വായ്പാ അപേക്ഷ നിരസിക്കപ്പെട്ടത് എന്ന് പരിശോധിക്കണം. താഴ്ന്ന ക്രെഡിറ്റ് സ്കോർ കാരണമാണെങ്കിൽ നിങ്ങളുടെ സാമ്പത്തിക നില തകരാറിലാകുന്നതിന്റെ സൂചനയാണിത്. 750 ന് മുകളിൽ സ്കോർ ഉള്ളവരെയാണ് ബാങ്കുകൾക്ക് താല്പര്യം.
യൂട്ടിലിറ്റി ബില്ലുകൾ മുടങ്ങുന്നതും നിങ്ങൾ സാമ്പത്തികമായി അത്ര നല്ല നിലയിലല്ല എന്ന് സൂചിപ്പിക്കുന്ന കാര്യമാണ്. ആകർഷകമായ ഓഫറുകളിൽ മയങ്ങി ഇഎംഐയിൽ ഗാഡ്ജറ്റുകൾ വാങ്ങുക, ഭാവിയിൽ വരുമാനം ഉയരുമെന്ന് പ്രതീക്ഷിച്ച് വലിയ വായ്പകൾ എടുത്തുകൂട്ടുക എന്നിങ്ങനെയുള്ള ശീലങ്ങളും ഒഴിവാക്കണം.
കടം ഒരു മോശം കാര്യമല്ല. സാമ്പത്തിക അച്ചടക്കമുണ്ടെങ്കിൽ ഒരു തരത്തിലുള്ള കടക്കെണിയിലും പെടാതെ രക്ഷപ്പെടാം. പെട്ടെന്നുള്ള തൊഴിൽ നഷ്ടം. മെഡിക്കൽ എമെർജൻസി എന്നീ സാഹചര്യങ്ങളെ നേരിടാൻ അൽപം തുക മാറ്റി വെക്കുന്നതും നന്നായിരിക്കും.