എസ്.ഐ.പി നിക്ഷേപം പുതു ഉയരത്തില്‍; മ്യൂച്വല്‍ഫണ്ട് ആസ്തിയിലും വളര്‍ച്ച

മാര്‍ച്ചിലെ മാത്രം പുതിയ എസ്.ഐ.പികള്‍ 21 ലക്ഷം

Update:2023-04-14 11:09 IST

മ്യൂച്വല്‍ഫണ്ടുകളില്‍ തവണകളായി നിക്ഷേപിക്കാവുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിന് (എസ്.ഐ.പി/SIP) ഇന്ത്യയില്‍ പ്രിയമേറുന്നു. 14,276 കോടി രൂപയാണ് എസ്.ഐ.പികളിലൂടെ മാര്‍ച്ചില്‍ മ്യൂച്വല്‍ഫണ്ടുകളിലേക്ക് എത്തിയതെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ (ആംഫി) റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇത് എക്കാലത്തെയും ഉയരമാണ്. ഫെബ്രുവരിയില്‍ ലഭിച്ചത് 13,686 കോടി രൂപയായിരുന്നു.

ആകെ എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം ഫെബ്രുവരിയിലെ 6.28 കോടിയില്‍ നിന്നുയര്‍ന്ന് മാര്‍ച്ചില്‍ 6.35 കോടിയിലുമെത്തി. 21 ലക്ഷം പുതിയ എസ്.ഐ.പി അക്കൗണ്ടുകളാണ് മാര്‍ച്ചില്‍ തുറന്നത്. ഫെബ്രുവരിയിലെ പുതിയ അക്കൗണ്ടുകള്‍ 20.65 ലക്ഷമായിരുന്നു.
എസ്.ഐ.പികളിലെ മൊത്തം ആസ്തി 6.74 ലക്ഷം കോടി രൂപയില്‍ നിന്ന് 6.83 ലക്ഷം കോടി രൂപയായും വര്‍ദ്ധിച്ചു. മാസം, ത്രൈമാസം, അര്‍ദ്ധവാര്‍ഷികം എന്നിങ്ങനെ തവണകളായി എസ്.ഐ.പി വഴി മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപിക്കാം. 500 രൂപ മുതല്‍ നിക്ഷേപിക്കാമെന്ന് ആംഫി വ്യക്തമാക്കുന്നു.
മ്യൂച്വല്‍ഫണ്ടുകളുടെ ആസ്തിയില്‍ വര്‍ദ്ധന
ഇന്ത്യയിലെ മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (എ.യു.എം/AUM) 2022-23ല്‍ അഞ്ച് ശതമാനം വര്‍ദ്ധിച്ച് 39.42 ലക്ഷം കോടി രൂപയിലെത്തി. 2021-22ല്‍ ആസ്തി 37.57 ലക്ഷം കോടി രൂപയായിരുന്നു. പുതുതായി 40 ലക്ഷം നിക്ഷേപകരെത്തിയതാണ് കഴിഞ്ഞവര്‍ഷം നേട്ടമായത്. ആകെ നിക്ഷേപകരുടെ എണ്ണം 3.37 കോടിയില്‍ നിന്ന് 3.77 കോടിയിലുമെത്തി.
മ്യൂച്വല്‍ഫണ്ടുകളിലെ ഇക്വിറ്റി സ്‌കീമുകളില്‍ മാര്‍ച്ചില്‍ എത്തിയ നിക്ഷേപം 20,534 കോടി രൂപയാണ്. കഴിഞ്ഞ ഒരുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിക്ഷേപമാണിത്. ഫെബ്രുവരിയില്‍ ലഭിച്ചത് 15,686 കോടി രൂപയായിരുന്നു.
എന്തുകൊണ്ട് വളര്‍ച്ച?
ലോകം വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതിയിലാണെങ്കിലും ഇന്ത്യയെ അത് സാരമായി ബാധിക്കില്ലെന്നാണ് മിക്ക റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്. ഇത്, കൂടുതല്‍ പേരെ ഇന്ത്യയിലെ നിക്ഷേപത്തിന് പ്രേരിപ്പിക്കുന്നു.  ഭാവിയിലേക്കായി സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഏറ്റവും മികച്ച നിക്ഷേപമാര്‍ഗം മ്യൂച്വല്‍ഫണ്ടുകളാണെന്ന വിലയിരുത്തലുകള്‍ കൂടുതല്‍ യുവാക്കളെയും ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നുണ്ട്.
സ്ത്രീ പങ്കാളിത്തം കൂടുന്നു
മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തില്‍ സ്ത്രീകളുടെ പങ്കാളിത്തവും ഉയരുകയാണ്. 2022 ഡിസംബറിലെ കണക്കുപ്രകാരം സ്ത്രീനിക്ഷേപകരുടെ എണ്ണം 2019 ഡിസംബറിലെ 46.99 ലക്ഷത്തില്‍ നിന്ന് 74.49 ലക്ഷമായി ഉയര്‍ന്നു. കൊവിഡ് കാലത്താണ് കൂടുതല്‍ പുതിയ നിക്ഷേപകരെത്തിയത്. രാജ്യത്തെ ഏറ്റവും വലിയ 30 നഗരങ്ങളില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പുതുതായി എത്തിയ സ്ത്രീ നിക്ഷേപകര്‍ 13.72 ലക്ഷമാണ്. മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള പുതിയ സ്ത്രീ നിക്ഷേപകരുടെ എണ്ണത്തില്‍ 13.78 ലക്ഷത്തിന്റെ വളര്‍ച്ചയുമുണ്ടായി. 18നും 24നും ഇടയില്‍ പ്രായമുള്ള സ്ത്രീ നിക്ഷേപകരുടെ എണ്ണം ഇക്കാലയളവില്‍ 2.82 ലക്ഷത്തിലെത്തി. 2019 ഡിസംബറില്‍ 66,417 പേരായിരുന്നു.
ഡെറ്റ് ഫണ്ടുകള്‍ക്ക് നിരാശ
മ്യൂച്വല്‍ഫണ്ടുകളിലെ ഇക്വിറ്റി സ്‌കീമുകളില്‍ നിക്ഷേപം കൂടുകയാണെങ്കില്‍ കടകവിരുദ്ധമായ കാഴ്ചയാണ് ഡെറ്റ് ഫണ്ടുകളില്‍. 2023ല്‍ ഇതുവരെ ഡെറ്റ് ഫണ്ടുകളില്‍ നിന്ന് കൊഴിഞ്ഞത് 81,015 കോടി രൂപയാണ്. ഫെബ്രുവരിയില്‍ 13,815 കോടി രൂപയും മാര്‍ച്ചില്‍ 56,884 കോടി രൂപയും നിക്ഷേപകര്‍ പിന്‍വലിച്ചു. മുന്‍കൂര്‍ നികുതി അടവുകള്‍ക്കായി (അഡ്വാന്‍സ് ടാക്‌സ്) പണം പിന്‍വലിക്കേണ്ടി വന്നതും ഹ്രസ്വകാല സ്‌കീമുകളില്‍ നിന്ന് ദീര്‍ഘകാലത്തിലേക്ക് നിക്ഷേപം നിരവധി പേര്‍ മാറ്റിയതും നിക്ഷേപയിടിവിന് വഴിയൊരുക്കിയെന്നാണ് വിലയിരുത്തലുകള്‍.
Tags:    

Similar News