ദീര്‍ഘകാലത്തില്‍ ഉയര്‍ന്ന നേട്ടം നല്‍കുന്ന മാര്‍ഗങ്ങളില്‍ എന്തിനു നിക്ഷേപിക്കണം? എല്ലാവരുടെയും സംശയമാണിത്. യഥാര്‍ത്ഥത്തില്‍, നിക്ഷേപത്തില്‍ കൂട്ടുപലിശയുടെ ശക്തി വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും കാണാനാകുക. ഉദാഹരണത്തിന് രണ്ടു കാറുകള്‍ ഒരേ സമയം യാത്ര തുടങ്ങുകയാണെന്ന് വിചാരിക്കൂ. അതില്‍ ഒന്ന് മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത്തിലും മറ്റൊന്ന് മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയിലും സഞ്ചരിക്കുകയാണ്. യാത്രയുടെ തുടക്കത്തില്‍ രണ്ടും തമ്മില്‍ ചെറിയ വ്യത്യാസം മാത്രമേ ഉണ്ടാകൂ. ഒരു മണിക്കൂറിനുള്ളില്‍ തന്നെ വേഗത്തിലോടുന്ന കാര്‍ 40 കിലോമീറ്റര്‍ കൂടുതല്‍ സഞ്ചരിച്ചിട്ടുണ്ടാകും. 10 മണിക്കൂര്‍ കഴിയുമ്പോള്‍ അത് 400 കിലോമീറ്റര്‍ മുന്നിലെത്തും.
പണപ്പരുപ്പത്തെ മറക്കരുത്
നമ്മളില്‍ പലരും നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പണപ്പെരുപ്പത്തെക്കുറിച്ച് ബോധവാന്മാരല്ല. തങ്ങളെ ബാധിക്കാത്തെ എന്തോ സാമ്പത്തിക കണക്കുകളായാണ് പലരും പണപ്പെരുപ്പത്തെ കാണുന്നത്. യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതത്തെ ദിവസേന ബാധിക്കുന്ന ഒന്നാണ് പണപ്പെരുപ്പം, അതേ പോലെ നമ്മുടെ ദീര്‍ഘകാല പണസമ്പാദനത്തെയും വലിയ രീതിയില്‍ തന്നെ പണപ്പെരുപ്പം സ്വാധീനിക്കുന്നുണ്ട്. നിലവില്‍ നാലു മുതല്‍ അഞ്ച് ശതമാനം വരെയാണ് പണപ്പെരുപ്പം.
ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍, സ്വര്‍ണം, മറ്റ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ എന്നിവ കുറഞ്ഞ നേട്ടമുണ്ടാക്കുമ്പോള്‍ ഓഹരി നിക്ഷേപങ്ങള്‍ മേല്‍പറഞ്ഞ എല്ലാ നിക്ഷേപങ്ങളെയും മറികടന്ന് പണപ്പെരുപ്പത്തെ അതിജീവിക്കുന്ന നേട്ടം നല്‍കുന്നു. ഇക്വിറ്റി മ്യൂച്വല്‍ഫണ്ട് എസ്‌ഐപിയില്‍ അഞ്ചു വര്‍ഷത്തിനു മുകളിലുള്ള കാലയളവുകളില്‍ 12 ശതമാനം മുതല്‍ 18 ശതമാനം വരെ നേട്ടം പ്രതീക്ഷിക്കാവുന്നതാണ്.
പണപ്പെരുപ്പത്തിനും നികുതിക്കും ശേഷം ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ നല്‍കുന്ന നേട്ടം ഒന്നു മുതല്‍ രണ്ടു ശതമാനം വരെ മാത്രമാണ്. അതായത് ഇക്വിറ്റി മ്യൂച്വല്‍ഫണ്ട് എസ്‌ഐപികള്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് നാല് മടങ്ങു വരെ ധനം സമ്പാദിക്കാന്‍ സഹായിക്കുന്നുണ്ടെന്ന് അര്‍ത്ഥം.
ഉദാഹരണം 1
നിങ്ങള്‍ക്ക് മാസം 20,000 രൂപ മാസ ചെലവുകളുണ്ട്. നിങ്ങള്‍ 10 വര്‍ഷത്തേക്ക് ആറ് ശതമാനം വളര്‍ച്ച നേടുന്ന ആസ്തികളില്‍ നിക്ഷേപിക്കുന്നു. അങ്ങനെ അത് 35800 രൂപയാകുന്നു. എന്നാല്‍ ഈ സമയം കൊണ്ട് (പണപ്പെരുപ്പം 5 ശതമാനം) ജീവിതച്ചെലവുകള്‍ ഉയരുന്നു. നിങ്ങള്‍ക്ക് ഇതേ സാധനങ്ങള്‍ വാങ്ങാന്‍ 32,570 രൂപ ആവശ്യമായി വരുന്നു. നിങ്ങളുടെ വരുമാനം ചെലവിനൊപ്പം മാത്രമേ വരുന്നുള്ളൂ.
അതേ സമയം 12 ശതമാനം റിട്ടേണ്‍ നല്‍കുന്ന മാര്‍ഗങ്ങളിലാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ ആ തുക 62100 രൂപയാകുന്നു, ഇനി 15 ശതമാനം റിട്ടേണ്‍ ലഭിക്കുന്ന മാര്‍ഗങ്ങളിലാണ് നിക്ഷേപമെങ്കില്‍ അത് 80900 രൂപ
യാകും.
എന്തിന് നേരത്തെ നിക്ഷേപിച്ചു തുടങ്ങണം?
നിങ്ങള്‍ക്ക് 60 വയസാകുമ്പോള്‍ ഒരു കോടി രൂപയുടെ ആസ്തി നേടണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നു വിചാരിക്കുക. നിങ്ങള്‍ ഒരു മാസം എസ്‌ഐപിയില്‍ നിക്ഷേപിക്കേണ്ടി വരുന്ന തുകയെത്രയാണെന്ന് നോക്കാം. (15 ശതമാനം കോംപൗണ്ടഡ് വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് കണക്കുകൂട്ടിയിരിക്കുന്നത്)
50 വയസില്‍ - 35,900 രൂപ
40 വയസില്‍ - 6,600 രൂപ
30 വയസില്‍ - 1,430 രൂപ
അപ്പോള്‍, എത്രയും വേഗം നിക്ഷേപിക്കുക, ചെറുതാണെങ്കില്‍ പോലും സ്ഥിരമായി നിക്ഷേപിച്ചാല്‍ നല്ലൊരു സമ്പാദ്യം നേടാനും നിങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കും.
മിസ്റ്റര്‍ എ തന്റെ മുപ്പതാം വയസില്‍ 10,000 രൂപ എസ്‌ഐപിയില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. 10 വര്‍ഷത്തിനു ശേഷം അയാള്‍ അത് നിര്‍ത്തി വച്ചു. എന്നാല്‍ 60 വയസാകുന്നതു വരെ പിന്‍വലിച്ചില്ല. മിസ്റ്റര്‍ ബി തന്റെ നാല്‍പ്പതാം വയസിലാണ് എസ്‌ഐപി തുടങ്ങിയത്. അയാള്‍ അത് 20 വര്‍ഷത്തേക്ക് തുടര്‍ന്നു.
60 വയസില്‍ അതിന്റെ മൂല്യം എത്രയാണെന്ന് നോക്കാം (12 ശതമാനം CAGR)
മിസ്റ്റര്‍ എ- 2,24,12,000 (മൊത്തം നിക്ഷേപം 12,00,000)
മിസ്റ്റര്‍ ബി- 99,91,000 (മൊത്തം നിക്ഷേപം 24,00,000)
അതായത് കൂടുതല്‍ നിക്ഷേപിക്കുന്നതിലല്ല പകരം നേരത്തെ നിക്ഷേപിച്ചു തുടങ്ങുന്നതിലാണ് കാര്യമെന്നു സാരം.
എസ്‌ഐപിയും എസ് ഡബ്ല്യു പി (സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍)യും എങ്ങനെ സംയോജിപ്പിക്കാം?
പത്തു വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നു. ബാക്കി ജീവിതത്തില്‍ ഇരട്ടി പിന്‍വലിക്കുന്നു. നിങ്ങള്‍ 25,000 രൂപ പത്തു വര്‍ഷത്തേക്ക് മന്ത്‌ലി എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നു. നിങ്ങള്‍ക്ക് എസ്ഡബ്ല്യുപി വഴി നിങ്ങള്‍ക്ക് ബാക്കി ജീവിതകാലയളവു മുഴുവന്‍ മാസം 50000 രൂപ പിന്‍വലിക്കാന്‍ സാധിക്കേണ്ടതാണ്. മ്യൂച്വല്‍ഫണ്ട് പോര്‍ട്ട്‌ഫോളിയോയുടെ ഏഴ്, എട്ട് ശതമാനം എസ്ഡബ്ല്യുപി വഴി പിന്‍വലിച്ചാലും, നിങ്ങളുടെ ആസ്തി വാല്യു ബാക്കി വര്‍ഷങ്ങള്‍ കൊണ്ട് വളര്‍ച്ച പ്രാപിച്ചുകൊണ്ടേയിരിക്കും.
കഴിഞ്ഞ 10 വര്‍ഷത്തില്‍
കൂടുതല്‍ എസ്‌ഐപി റിട്ടേണ്‍ നല്‍കിയിട്ടുള്ള ഫണ്ടുകള്‍
മള്‍ട്ടി കാപ് ഫണ്ടുകള്‍
• ടാറ്റ ഇക്വിറ്റി പിഇ- 18.6 %
• ഇന്‍വെസ്‌കോ ഇന്ത്യ കോണ്‍ട്രാ- 18.3%
• എച്ച്ഡിഎഫ്‌സി കാപിറ്റല്‍ ബില്‍ഡര്‍- 17.1%
• ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇക്വിറ്റി- 16.6%
• എസ്ബിഐ മാഗ്നം മള്‍ട്ടികാപ്- 15.9%
ടാക്‌സ് സേവര്‍ (ഇഎല്‍എസ്എസ്) ഫണ്ടുകള്‍
• റിലയന്‍സ് ടാക്‌സ് സേവര്‍- 17.4%
• ആദിത്യ ബിര്‍ള സണ്‍ലൈഫ് ടാക്‌സ് റിലീഫ്- 17.3%
• ടാറ്റ ഇന്ത്യ ടാക്‌സ് സേവിംഗ്- 16.8%
• ഡിഎസ്പി ബിആര്‍ ടാക്‌സ് സേവര്‍- 16.6%
• എല്‍ & ടി ടാക്‌സ് അഡ്വാന്റേജ്- 16.4%
സ്‌മോള്‍ & മിഡ് കാപ് ഫണ്ടുകള്‍
• ഡിഎസ്പി സ്‌മോള്‍ കാപ്- 25.3%
• കാന്‍ റൊബേകോ എമര്‍ജിംഗ് ഇക്വിറ്റീസ്- 24.2%
• എച്ച്ഡിഎഫ്‌സി മിഡ്കാപ് ഓപ്പര്‍ച്യൂണിറ്റീസ്- 22.3%
• എല്‍ & ടി മിഡ്കാപ്- 22.1%
• ഫ്രാങ്ക്‌ളിന്‍ ഇന്ത്യ സ്‌മോളര്‍ കമ്പനീസ്-23.9%
* CAGR റിട്ടേണുകളാണ് നല്‍കിയിരിക്കുന്നത്