ഗോള്‍ഡ് ബോണ്ടിന്റെ സബ്‌സ്‌ക്രിപ്ഷന്‍ ഫെബ്രുവരി 28 ന് തുറക്കും; അപേക്ഷിക്കും മുമ്പ് അറിയാന്‍

ബോണ്ടിന്റെ ഈ സാമ്പത്തിക വര്‍ഷത്തിലെ പത്താം സിരീസ് ആണ് തുറക്കുന്നത്

Update:2022-02-26 15:12 IST

സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം 2021-22 പത്താം സിരീസിന്റെ ഇഷ്യൂ വില നിശ്ചയിച്ചു. ഫെബ്രുവരി 28, തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് ആണ് സ്‌കീം സബ്സ്‌ക്രിപ്ഷനായി തുറക്കുന്നത്. ഗ്രാം ഒന്നിന് 5,109 രൂപയായിട്ടാണ് ആണ് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ഇത്തവണത്തെ വില നിജപ്പെടുത്തിയത്.

ജനുവരി 10 മുതല്‍ 14 വരെ സബ്സ്‌ക്രിപ്ഷനായി തുറന്ന സീരീസ് IX-ന്റെ ഇഷ്യൂ വില ഒരു ഗ്രാം സ്വര്‍ണത്തിന് 4,786 രൂപയെന്നതായിരുന്നു. ഓണ്‍ലൈനായി വാങ്ങുന്നവര്‍ക്ക് 50 രൂപ വീതം കിഴിവും ലഭിക്കും. അത്തരത്തില്‍ ഇത്തവണ ഡിജിറ്റല്‍ നിക്ഷേപകര്‍ക്ക് ഒരു ഗ്രാമിന് 5,059 രൂപ വീതമാകും ലഭിക്കുക.
സബ്സ്‌ക്രിപ്ഷന്‍ കാലാവധിക്ക് മൂമ്പുള്ള ആഴ്ചയിലെ അവസാന മൂന്ന് ദിവസങ്ങളില്‍ ഇന്ത്യ ബുള്ള്യന്‍ ആന്‍ഡ് ജൂവല്ലേഴ്സ് അസോസിയേഷന്‍ ലിമിറ്റഡ് (ഐബിജെഎ) പ്രസിദ്ധീകരിക്കുന്ന 999 പ്യുരിറ്റിയുള്ള സ്വര്‍ണത്തിന്റെ വിലയുടെ ശരാശരി വിലയുടെ അടിസ്ഥാനത്തിലാകും ബോണ്ടുകളുടെ വില നിശ്ചയിക്കുക. 2.5 ശതമാനമാണ് സ്വര്‍ണ ബോണ്ടുകള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്.
മറ്റ് കാര്യങ്ങള്‍:
ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(SHCIL), ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (CCIL), നിയുക്ത പോസ്റ്റ് ഓഫീസുകള്‍, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ എന്നിവയിലൂടെ ബോണ്ടുകള്‍ വാങ്ങാം. സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും പേയ്മെന്റ് ബാങ്കുകള്‍ക്കും ബോണ്ട് ഇഷ്യു ചെയ്യാനുള്ള അധികാരമില്ല.
വ്യക്തികള്‍ക്ക് ഒരു ഗ്രാം മുതല്‍ നാല് കിലോ സ്വര്‍ണം വരെയാണ് പരമാവധി വാങ്ങാനാവുക. എന്നാല്‍ ട്രസ്റ്റകുള്‍ക്കും സമാന സ്ഥാപനങ്ങള്‍ക്കും നിക്ഷേപ പരിധി 20 കിലോ ഗ്രാം സ്വര്‍ണമാണ്. സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പങ്കാളിത്ത ഉപയോക്താവായും വാങ്ങിക്കാവുന്നതാണ്.
പ്രായ പൂര്‍ത്തിയെത്താത്ത കുട്ടികളുടെ പേരിലും സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ഇത്തരത്തില്‍ വാങ്ങാം. അതിനായി കുട്ടിയുടെ മാതാപിതാക്കളോ രക്ഷിതാവോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
തെരഞ്ഞെടുത്ത പോസ്റ്റ്ഓഫീസുകളില്‍ ഈ സൗകര്യം ലഭ്യമാണ്. ഇത് അറിയാന്‍ അതാത് ജില്ലകളിലെ ഹെഡ് പോസ്റ്റ് ഓഫീസില്‍ അന്വേഷിക്കാം.
ബോണ്ടുകളുടെ മെച്യൂരിറ്റി കാലയളവ് 8 വര്‍ഷമാണ്. എന്നാല്‍ നിക്ഷേപം ആരംഭിച്ച് 5 വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അടുത്ത പലിശ അടവ് തീയതിയ്ക്ക് മുമ്പായി നിക്ഷേപകന് പദ്ധതി പിന്‍വലിക്കാനും കഴിയും.
സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്മേല്‍ വായ്പാ സേവനവും ലഭ്യമാണ്. ഇഷ്യുവിന്റെ പേപ്പറുകള്‍ ആണ് ബാങ്കുകള്‍ ഇതിനായി ആവശ്യപ്പെടുക. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴിയും വില്‍പ്പന നടത്താം.



Tags:    

Similar News