പെൺകുഞ്ഞിനായി കരുതാം; സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കാം

Update: 2018-09-28 09:56 GMT

പെൺകുട്ടികൾക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (SSY). ഒക്ടോബർ ഒന്നു മുതൽ സുകന്യ സമൃദ്ധിയുടെ പലിശ നിരക്ക് 8.5 ശതമാക്കി ഉയർത്തിയതോടെ നിക്ഷേപം കൂടുതൽ ആകർഷകമായി.

മറ്റ് ചെറു സമ്പാദ്യ പദ്ധതികളെ പോലെ സുകന്യ സമൃദ്ധിക്കും പലിശ നിരക്കിൽ ഓരോ പാദത്തിലും മാറ്റം വരാം.

നിക്ഷേപം തുടങ്ങാൻ

പെൺകുട്ടിയുടെ രക്ഷിതാവിനോ മാതാപിതാക്കൾക്കോ എസ്.എസ്.വൈ എക്കൗണ്ട് തുടങ്ങാം. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. പോസ്റ്റ് ഓഫീസിലോ ബാങ്കിലോ എക്കൗണ്ട് തുടങ്ങാം. 10 വയസ്സ് പൂർത്തിയാകുന്നതിന് മുൻപേ പദ്ധതിയിൽ ചേരണം. ഇന്ത്യയിലെ സ്ഥിരതാമസക്കാരായിരിക്കണം.

നിക്ഷേപിക്കേണ്ട തുക

എസ്.എസ്.വൈ എക്കൗണ്ട് ആരംഭിക്കുന്നതിനുള്ള കുറഞ്ഞ നിക്ഷേപം 250 രൂപയാണ് (മുൻപ് ഇത് 1,000 രൂപയായിരുന്നു). 100ന്റെ ഗുണിതങ്ങളായി നിക്ഷേപം നടത്താവുന്നതാണ്. പരമാവധി വാർഷിക നിക്ഷേപം 1.50 ലക്ഷം രൂപയാണ്. 14 വർഷം വരെ നിക്ഷേപം നടത്താം.

പലിശ ഇതേ നിരക്കിൽ തുടരുകയും നിക്ഷേപകൻ 15 വർഷത്തോളം ഓരോ വർഷത്തിന്റെയും തുടക്കത്തിൽ 1,50,000 രൂപ നിക്ഷേപിക്കുകയും ചെയ്തെന്നിരിക്കട്ടെ. പെൺകുട്ടിക്ക് 21 വയസാകുമ്പോഴേക്കും ഏകദേശം 75 ലക്ഷം രൂപയോളം എക്കൗണ്ടിൽ സ്വരൂപിക്കാം.

എത്ര എക്കൗണ്ട് തുറക്കാം

ഒരു കുട്ടിക്ക് ഒരു എക്കൗണ്ട് മാത്രമേ തുറക്കാൻ സാധിക്കുകയുള്ളൂ. ഒരു കുടുംബത്തിൽ രണ്ട് പെൺകുട്ടികൾ ഉണ്ടെങ്കിൽ രണ്ട് എക്കൗണ്ട് എടുക്കാം. രണ്ടാമത്തെയോ പ്രസവത്തിൽ ഇരട്ട പെൺകുട്ടികളുണ്ടായാൽ ഒരു കുടുംബത്തിൽ മൂന്ന് എക്കൗണ്ട് എടുക്കാം.

എപ്പോൾ പണം പിൻവലിക്കാം

പെൺകുട്ടിക്ക് 21 വയസ്സ് ആകുമ്പോൾ പണം തിരിച്ചെടുക്കാം. 18 വയസ്സ് കഴിഞ്ഞാൽ 50 ശതമാനം പണം പിൻവലിക്കാൻ സാധിക്കും. പെൺകുട്ടിക്ക് 21 വയസ് പൂർത്തിയായിട്ടും എക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചിട്ടില്ലെങ്കിൽ അതിനുശേഷമുള്ള കാലയളവിലെ പലിശ നിക്ഷേപിക്കുന്നതല്ല.

നികുതി ഇളവ്

ഈ പദ്ധതിയിൽ നിക്ഷേപിക്കുമ്പോൾ 1.50 ലക്ഷം രൂപയ്ക്കുവരെ ആദായനികുതി ഇളവ് ലഭിക്കും. പെൺകുട്ടിക്ക് 21 വയസ്സ് ആകുമ്പോൾ പിൻവലിക്കുന്ന തുകയ്ക്ക് നികുതി നൽകേണ്ടതില്ല.

Similar News