മ്യൂച്വല്‍ ഫണ്ട് വിപണിയിലെ ചാഞ്ചാട്ടം മറികടക്കുവാന്‍ സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍
ഓഹരി വിപണിയില്‍ കയറ്റിറക്കങ്ങള്‍ കൂടുതലായി കണ്ടുവരുമ്പോള്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് സ്വീകരിക്കാവുന്ന തന്ത്രം
നിക്ഷേപിക്കാനുദ്ദേശിക്കുന്ന തുക ഒറ്റ തവണയായി ഓഹരി വിപണിയില്‍ പരീക്ഷിക്കുന്നതിന് പകരം ചെറിയ തുകകളായി കൃത്യമായ ഇടവേളകളില്‍ ഇടതടവില്ലാതെ നിക്ഷേപിച്ചു പോരുന്ന സമ്പ്രദായമാണല്ലോ മ്യൂച്വല്‍ ഫണ്ടുകളിലെ എസ്‌ഐപി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. വിപണിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ കൃത്യമായി മറികടന്ന് ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടരുമ്പോള്‍ കൈവശപ്പെടുത്തിയ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളുടെ പര്‍ച്ചേസിംഗ് വാല്യു അഥവാ കോസ്റ്റ് കുറയുകയും തുടര്‍ന്ന് വിപണി താരതമ്യേന ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലോ അതല്ലെങ്കില്‍ എസ്‌ഐപി വഴി കൈവരിക്കാനുദ്ദേശിക്കുന്ന ലക്ഷ്യം വന്നുചേരുന്ന സമയത്തോ വിറ്റുമാറുകയും ചെയ്യാം. ഒറ്റ തവണയായി വലിയ തുക നിക്ഷേപിക്കാന്‍ സാധിക്കാത്തവര്‍ക്കും അതുപോലെ മാസശമ്പളക്കാര്‍ക്കുമെല്ലാം അനുയോജ്യമായ നിക്ഷേപ രീതിയാണ് എസ്‌ഐപി.
അതേസമയം, നിക്ഷേപകന്റെ കൈവശം താരതമ്യേന വലിയ ഒരു തുക ഒറ്റത്തവണയായി നിക്ഷേപിക്കാവുന്ന തരത്തില്‍ വന്നുചേര്‍ന്നുവെന്നിരിക്കട്ടെ. ഓഹരി വിപണിയില്‍ വരുംദിനങ്ങളില്‍ കയറ്റിറക്കങ്ങള്‍ കൂടുതലായി കണ്ടേക്കാം എന്ന സാഹചര്യം കൂടി നില നില്‍ക്കുകയാണെങ്കില്‍ ആ വ്യക്തി എന്ത് മാര്‍ഗ്ഗം സ്വീകരിക്കും? ഇവിടെയാണ് എസ്ടിപി അഥവാ സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ എന്ന നിക്ഷേപ രീതിയുടെ പ്രസക്തി.