പെഴ്‌സണല്‍ ലോണ്‍ ശ്രദ്ധിക്കാം, 7 കാര്യങ്ങള്‍

Update:2018-07-18 15:54 IST

പെഴ്‌സണല്‍ ലോണ്‍ വേണോ എന്നു ചോദിച്ച് ബാങ്കുകളില്‍ നിന്ന് കോളുകള്‍ വരാത്തവര്‍ ചുരുക്കമായിരിക്കും. ബാങ്കുകള്‍ വായ്പകളുടെ കാര്യത്തില്‍ അത്രത്തോളം ഉദാരമായിക്കഴിഞ്ഞിരിക്കുന്നു, പ്രത്യേകിച്ച് പെഴ്‌സണല്‍ ലോണുകളില്‍. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇവയുടെ പ്രോസസിംഗിന് ഇപ്പോള്‍ ഏതാനും മിനിറ്റുകള്‍ മതി. ഈ സാഹചര്യത്തില്‍ ഏറെ ജാഗ്രത പാലിക്കേണ്ടത് ഇടപാടുകാരനാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ പെഴ്‌സണല്‍ ലോണ്‍ നിങ്ങളെ കടക്കെണിയിലാക്കിയേക്കാം. ചില മാര്‍ഗനിര്‍ദേശങ്ങള്‍:

1. എന്താണ് നിങ്ങളുടെ ആവശ്യം?

നിങ്ങളുടെ ആവശ്യം വായ്പയെടുക്കാതെ നിറവേറ്റാനാകുന്നതാണോ എന്നാണ് ആദ്യം ചിന്തിക്കേണ്ടത്. എന്തുതരം ആവശ്യത്തിനാണ് വായ്പയെടുക്കുന്നത് എന്നതാണ് രണ്ടാമത്തെ ചോദ്യം. പെഴ്‌സണല്‍ ലോണ്‍ എടുത്ത് അനാവശ്യ ആര്‍ഭാടങ്ങള്‍ക്കും യാത്ര പോകാനുമൊക്കെയാണ് ചെലവഴിക്കുന്നതെങ്കില്‍ വലിയ സാമ്പത്തിക ബാധ്യതയായിരിക്കും വിളിച്ചുവരുത്തുന്നത്. ഉല്‍പ്പാദനക്ഷമമായ കാര്യങ്ങള്‍ക്കായോ ജീവിതത്തില്‍ വരുന്ന ഒഴിച്ചുകൂടാനാകാത്ത ആവശ്യങ്ങള്‍ക്കോ മാത്രം അവയെ പ്രയോജനപ്പെടുത്തുക.

2. പലയിടത്ത് അപേക്ഷിക്കരുത്

പലരും നിരസിച്ചാലും ഒരിടത്തെങ്കിലും വായ്പ കിട്ടുമല്ലോ എന്ന വിശ്വാസത്തിലാണ് പല ബാങ്കുകളില്‍ വായ്പയ്ക്കായി അപേക്ഷിക്കുന്നത്. എന്നാല്‍ ഇത് നല്ല കാര്യമായല്ല ധനകാര്യസ്ഥാപനങ്ങള്‍ കാണുന്നത്. നിങ്ങള്‍ വായ്പയ്ക്കായി എല്ലായിടത്തും അന്വേഷിച്ചുനടക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ മോശമായി ബാധിക്കും.

3. വായ്പാ സ്ഥാപനത്തെ ശ്രദ്ധയോടെ തെരഞ്ഞെടുക്കുക

ആദ്യം സൂചിപ്പിച്ചതുപോല നിങ്ങള്‍ക്ക് നിരവധി ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് പെഴ്‌സണല്‍ ലോണുകള്‍ക്കായി ഫോണ്‍ കോളുകള്‍ വരുന്നുണ്ടാകും. പെട്ടെന്ന് അവരോട് താല്‍പ്പര്യം പറയാതെ സ്വന്തമായി പഠിച്ചതിനുശേഷം ഇത്തരം വായ്പകള്‍ തെരഞ്ഞെടുക്കുക. ബാങ്കുമായി നിങ്ങള്‍ക്കുള്ള ബന്ധത്തേക്കാള്‍ നല്ല ഡീലാണോ എന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. വിശ്വാസ്യതയുള്ള സ്ഥാപനം തെരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.

4. പലിശ നിരക്കുകള്‍ താരതമ്യം ചെയ്യുക

ഏറ്റവും പലിശനിരക്ക് കൂടിയ വായ്പകളില്‍ ഉള്‍പ്പെട്ടതാണ് പെഴ്‌സണല്‍ ലോണുകള്‍. വിവിധ ബാങ്കുകളുടെ പലിശനിരക്കുകള്‍ താരതമ്യം ചെയ്തുവേണം തെരഞ്ഞെടുക്കാന്‍.

5. മറ്റു ചാര്‍ജുകള്‍ ഉണ്ടോ?

എല്ലാ വായ്പകള്‍ക്കും പ്രോസസിംഗ് ചാര്‍ജുകള്‍ ഉണ്ടാകാറുണ്ട്. ഇവയുടെ നിരക്കുകള്‍ വ്യത്യസ്തമായിരിക്കും. പ്രോസസിംഗ് ചാര്‍ജിനൊപ്പം പ്രത്യക്ഷത്തില്‍ അറിയാത്ത ഹിഡണ്‍ ചാര്‍ജുകളും വ്യക്തമായി പരിശോധിക്കുക. ഭാവനവായ്പ നേരത്തെ അടച്ചുതീര്‍ക്കുന്നതിന് പിഴ ഈടാക്കരുതെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും മറ്റു വായ്പകള്‍ക്ക് ഇത് ബാധകമല്ല. വായ്പയെടുക്കും മുമ്പ് മുന്‍കൂര്‍ തിരിച്ചടവിനുള്ള നിയമങ്ങള്‍ എങ്ങനെയാണെന്നു കൂടി അറിയുക.

6. നിങ്ങളുടെ യോഗ്യത പരിശോധിക്കുക

വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ അതിനുള്ള മാനദണ്ഡങ്ങളെക്കുറിച്ച് വായ്പാസ്ഥാപനത്തില്‍ അന്വേഷിച്ച് വ്യക്തമായി മനസിലാക്കുക. നിങ്ങളുടെ ജോലിയും വരുമാനവുമാണ് പ്രധാനമായും കണക്കാക്കുന്നത്. നിങ്ങളുടെ ആപ്ലിക്കേഷന്‍ ധനകാര്യസ്ഥാപനം നിരസിച്ചാല്‍ ആറു മാസത്തിനുശേഷം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തിയിട്ട് വീണ്ടും അപേക്ഷിക്കുകയാണ് നല്ലത്. ഇത്തരത്തിലുള്ള ഏറെ നിരസിക്കലുകള്‍ വരുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മോശമാക്കും.

7. ക്രെഡിറ്റ് സ്‌കോര്‍ എത്ര?

നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറവാണെങ്കില്‍ നിങ്ങളുടെ തിരിച്ചടവുശേഷി കുറവാണെന്ന സന്ദേശമാണ് വായ്പാസ്ഥാപനത്തിന് ലഭിക്കുന്നത്. അവര്‍ നിങ്ങള്‍ക്കു തരുന്ന വായ്പയുടെ പലിശ നിരക്ക് കൂട്ടാനിടയുണ്ട്. വളരെ മോശം സ്‌കോര്‍ ആണെങ്കില്‍ വായ്പ തന്നെ നിങ്ങള്‍ക്ക് ലഭിച്ചെന്നുവരില്ല. 750ന് മുകളിലാണ് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ എങ്കില്‍ കുറഞ്ഞ പലിശനിരക്കില്‍ നിങ്ങള്‍ക്ക് വ്യക്തിഗത വായ്പ ലഭിച്ചേക്കാം.

Similar News