പ്രോവിഡന്റ് ഫണ്ടില്‍ ഇനി ഒറ്റയടിക്ക് ₹1 ലക്ഷം വരെ പിന്‍വലിക്കാം, ഒട്ടേറെ ആനുകൂല്യങ്ങള്‍, പുതിയ മാറ്റങ്ങള്‍ ഇവയാണ്

വരിക്കാർക്ക് അസൗകര്യങ്ങൾ നേരിടാതിരിക്കാൻ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നു

Update:2024-09-18 10:55 IST

Image Courtesy: Canva, epfindia.gov.in

രാജ്യത്തെ തൊഴിലാളികളുടെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷിതത്വ പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനമാണ് കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുളള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. ഇ.പി.എഫ്.ഓർഗനൈസേഷന്റെ കീഴിൽ അഞ്ചു കോടിയിലധികം വരിക്കാരാണുള്ളത്.
പി.എഫില്‍ നിന്ന് തുക പിന്‍വലിക്കുന്നത് പലര്‍ക്കും ആശയക്കുഴപ്പമുളള കാര്യമാണ്. ചിലപ്പോള്‍ തുക പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയാല്‍ നിരസിക്കപ്പെടുന്ന അവസ്ഥയോ, കാലതാമസമോ ഉണ്ടാകാറുണ്ട്. പി.എഫ് വെബ്സൈറ്റ് ചില സമയങ്ങളില്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയും സംഭവിക്കാറുണ്ട്. ഇപ്പോള്‍ പി.എഫ് വരിക്കാര്‍ക്ക് ഉപകാരപ്രദമായ ചില നടപടികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം.

പുതിയ മാറ്റങ്ങള്‍

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇ.പി.എഫ്.ഒ) വരിക്കാര്‍ക്ക് അവരുടെ അക്കൗണ്ടിൽ നിന്ന് വ്യക്തിഗത സാമ്പത്തിക ആവശ്യങ്ങൾക്കായി ഇനി ഒരു ലക്ഷം രൂപ വരെ ഒറ്റയടിക്ക് പിൻവലിക്കാവുന്നതാണ്. നേരത്തെ ഇത് 50,000 രൂപയായിരുന്നു.
ഇപിഎഫ്ഒയുടെ ഡിജിറ്റൽ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പുതിയ മാറ്റങ്ങളും കൊണ്ടുവരുന്നതാണ്. വരിക്കാർക്ക് അസൗകര്യങ്ങൾ നേരിടാതിരിക്കാൻ കൂടുതൽ എളുപ്പത്തിലുളള നടപടിക്രമങ്ങളാണ് പുതിയ മാറ്റങ്ങളില്‍ ഉളളത്.
15,000 രൂപയിൽ കൂടുതൽ വരുമാനമുള്ള ജീവനക്കാർക്ക് റിട്ടയർമെന്റ് ആനുകൂല്യങ്ങൾക്കായി വരുമാനത്തിന്റെ എത്ര അനുപാതമാണ് മാറ്റിവെക്കാന്‍ ആഗ്രഹിക്കുന്നതെന്ന് നിർണ്ണയിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് തൊഴില്‍ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

അത്യാവശ്യ ചെലവുകള്‍ക്ക് പ്രയോജനപ്പെടുത്താം

നിലവിലെ ജോലിയിൽ ആറ് മാസം പൂർത്തിയാക്കാത്ത പുതിയ ജോലിക്കാര്‍ക്കും ഇപ്പോൾ പി.എഫ് തുക പിൻവലിക്കാൻ അർഹതയുണ്ട്. നേരത്തെ ഇത് നിരോധിച്ചിരുന്നു.

വിവാഹം, ചികിത്സ തുടങ്ങിയ ചെലവുകൾക്കായി ആളുകൾ പലപ്പോഴും അവരുടെ പ്രോവിഡന്റ് ഫണ്ട് ​​സമ്പാദ്യത്തെ ആശ്രയിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നുണ്ട്. ജീവിത ചെലവ് വലിയ തോതില്‍ വര്‍ധിച്ചത് കണക്കിലെടുത്ത് പഴയ പരിധി കാലഹരണപ്പെട്ടതിനാലാണ്  പിൻവലിക്കൽ പരിധി തൊഴില്‍ മന്ത്രാലയം ഉയർത്തിയിരിക്കുന്നത്.

1952 ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആക്ട് പ്രകാരം ഇരുപതോ അതിലധികമോ ജീവനക്കാരുള്ള ഒരു സ്ഥാപനത്തിന് പ്രൊവിഡന്റ് ഫണ്ട് സേവിംഗ്സ് നിർബന്ധമാണ്. പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപിക്കാന്‍ ജീവനക്കാര്‍ ശമ്പളത്തിന്റെ 12 ശതമാനമാണ് നല്‍കേണ്ടത്. അതേസമയം, തൊഴിലുടമയും നിക്ഷേപത്തിലേക്ക് 12 ശതമാനം സംഭാവന ചെയ്യുന്നു.
Tags:    

Similar News