ഈ പേഴ്‌സണല്‍ ഫിനാന്‍സ് ആപ്പുകള്‍ ഫോണില്‍ കരുതൂ; സാമ്പത്തിക കാര്യങ്ങളില്‍ ഏറെ മുന്നിലെത്താം

ഡിജിറ്റലായി തന്നെ നിങ്ങള്‍ക്ക് പേഴ്‌സണല്‍ ഫിനാന്‍സ് കാര്യങ്ങള്‍ ക്രമീകരിക്കാം, വളരെ എളുപ്പത്തില്‍.

Update:2021-08-27 18:52 IST

സാമ്പത്തിക കാര്യങ്ങളില്‍ സംരംഭകരെ സഹായിക്കാന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരും മറ്റു ജീവനക്കാരുമുണ്ടായിരിക്കാം. യുവ പ്രൊഫഷണലുകളും ഏതെങ്കിലും അക്കൗണ്ടന്റുമാരുടെ അടുക്കല്‍ സാമ്പത്തിക കാര്യങ്ങളില്‍ സഹായം ചോദിച്ചേക്കാം. പക്ഷെ സമ്പാദിച്ച് തുടങ്ങുമ്പോള്‍ തന്നെ സാമ്പത്തിക അച്ചടക്കം കൈവരിക്കാനായാലേ ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങളും നിറവേറ്റാനാകൂ. സാമ്പത്തിക അച്ചടക്കത്തിന് കണക്കെഴുതുന്നത് തന്നെയാണ് ആദ്യപടി. സ്മാര്‍ട്ട് ഫോണുകളുടെ ഈ യുഗത്തില്‍ ഡിജിറ്റലായി തന്നെ നിങ്ങള്‍ക്ക് പേഴ്‌സണല്‍ ഫിനാന്‍സ് കാര്യങ്ങള്‍ ക്രമീകരിക്കാം. ഇതാ ഈ സാമ്പത്തിക ആപ്പുകളെ കൂട്ടുപിടിക്കൂ.

ടുഡൂയിസ്റ്റ്
ടു ഡു ലിസ്റ്റില്‍നിന്നാണ് ടുഡുഇസ്റ്റിന്റെ പേരും വന്നിട്ടുള്ളത്. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍ മറക്കാതിരിക്കാന്‍ ഒരു ചെറിയ പുസ്തകത്തില്‍ എഴുതി പോക്കറ്റിലോ ബാഗിലോ വയ്ക്കുന്ന ശീലം പണ്ടുമുതല്‍തന്നെ പലര്‍ക്കുമുണ്ടായിരിക്കും. അതിന്റെ ഡിജിറ്റല്‍ പതിപ്പാണ് ഇത്. ഇന്നോ നാളെയോ ചെയ്യേണ്ട കാര്യങ്ങള്‍ അടുക്കും ചിട്ടയോടുംകൂടി അടയാളപ്പെടുത്തുന്നതിനു പുറമേ വിഷ് ലിസ്റ്റുകളും ഐഡിയ ലോഗുകളും പ്ലാനിംഗും എല്ലാം ഇതിലൂടെ നിര്‍വഹിക്കാനുള്ള സൗകര്യമുണ്ടാകും. ആന്‍ഡ്രോയ്ഡിലും ആപ്പിള്‍ ഡിവൈസുകളിലും ലഭ്യമാണ്.
മിന്റ്
ഇന്ത്യയില്‍ വളരെക്കാലമായി ഉപയോഗത്തിലുള്ള ഒന്നാണിത്. വരവും ചെലവും കൃത്യമായി പ്ലാന്‍ ചെയ്യാമെന്ന് മാത്രമല്ല, നിയന്ത്രണത്തോടെ പണം ചെലവാക്കുക, മുന്‍കൂട്ടിക്കണ്ട് ഒരാവശ്യത്തിനു പൈസ മാറ്റിവയ്ക്കുക, ലോണുകള്‍ എളുപ്പത്തില്‍ നിരീക്ഷിക്കുക തുടങ്ങി എല്ലാത്തരം സാമ്പത്തിക കാര്യങ്ങള്‍ക്കും മന്റ് ഉപയോഗിക്കാം. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഇന്ത്യന്‍ കറന്‍സി തെരഞ്ഞെടുത്ത് ഉപയോഗിച്ചു തുടങ്ങാം. ആന്‍ഡ്രോയ്ഡിലും ഐഓഎസിലും ലഭ്യമാണ്.
ലാസ്റ്റ്പാസ്
ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളുടെ ഈ കാലത്ത് തലവേദനയുള്ള കാര്യമാണ് പാസ്‌വേഡുകള്‍ ഓര്‍ത്തുവയ്ക്കുക എന്നത്. ഗൂഗിള്‍ പേ പോലുള്ള യുപിഐ ഇടപാടുകള്‍, ഓണ്‍ലൈന്‍ ബാങ്കിംഗ്, ഷോപ്പിംഗ്, മെയിലുകള്‍, മറ്റു സബ്സ്‌ക്രിപ്ഷനുകള്‍, സ്വകാര്യമായ ഡാറ്റ, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ പാസ്വേഡുകള്‍ സെറ്റ് ചെയ്തു സുരക്ഷിതമാക്കേണ്ടത് അനിവാര്യമാണ്. ഇവയെല്ലാം ഓര്‍ത്തുവയ്ക്കുക എന്നത് വലിയ പ്രയാസവുമാണ്.
ഒന്നിലേറെ അക്കൗണ്ടുകള്‍ക്ക് ഒരേ പാസ്വേഡ് ഉപയോഗിച്ചാല്‍ തലവേദനയായേക്കാം. പാസ്വേഡുകള്‍ ഓര്‍മിക്കാനുള്ള ആപ്പാണ് ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ലഭ്യമായ ലാസ്റ്റ്പാസ്. ഏറ്റവും മികച്ച പാസ്വേഡ് മാനേജര്‍ എന്നറിയപ്പെടുന്ന ഇത് ഉയര്‍ന്ന സുരക്ഷയും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും സാമ്പത്തിക സുരക്ഷിതത്വത്തിന് ഏറെ പഴുതുകളുള്ള ഈ കാലത്ത് നിബന്ധനകള്‍ വായിച്ചുനോക്കിയശേഷം ഇന്‍സ്റ്റാള്‍ ചെയ്യുക.
വിദ്യാര്‍ത്ഥികളെ സഹായിക്കും ഈ സ്റ്റാര്‍ട്ടപ്പ് ആപ്പുകള്‍
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഫീസും മറ്റുമായി ഓണ്‍ലൈന്‍ ഇടപാടുകള്‍ ഏറെ വേണ്ടിവരുന്ന ഈ കാലത്ത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ചില ഫിന്‍ടെക് ആപ്പുകള്‍ ഏറെ ഉപകാരപ്രദമാണ്. വൈപേ, ഫാം പേ എന്നിവ അക്കൗണ്ട് സ്വന്തമായി ഇല്ലാത്ത കുട്ടികള്‍ക്ക് മാതാപിതാക്കളുടെ മേല്‍നോട്ടത്തോടെ സ്വന്തം ഇളക്ട്രോണിക് ഡിവൈസുകളിലൂടെ പേമെന്റും പര്‍ച്ചേസുമൊക്കെ സാധ്യമാക്കുന്ന ആപ്പുകളാണ്.


Tags:    

Similar News