നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഈ 10 കാര്യങ്ങളില്‍ ഏപ്രില്‍ ഒന്നുമുതല്‍ മാറ്റങ്ങള്‍; അറിയാം
നികുതി മുതല്‍ പാചകവാതക നിരക്കും വിമാനയാത്ര ടിക്കറ്റ് നിരക്കും ഉള്‍പ്പെടെ ഏപ്രില്‍ ഒന്നുമുതല്‍ ഈ മാറ്റങ്ങളറിഞ്ഞില്ലെങ്കില്‍ കുടുങ്ങും. വിശദമായി വായിക്കാം.
സാമ്പത്തിക വര്‍ഷാരംഭമായ ഏപ്രില്‍ ഒന്ന് മുതല്‍ സാമ്പത്തിക കാര്യങ്ങളിലുള്‍പ്പെടെ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന നിരവധി മാറ്റങ്ങള്‍. വിമാന ടിക്കറ്റ് നിരക്ക് മുതല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷുറന്‍സ് പോളിസികള്‍ വരെ പുതിയ മാനദണ്ഡങ്ങള്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ചിലപ്പോള്‍ ഈ മാറ്റങ്ങള്‍ അറിയാതെ പോയാല്‍ കുടുങ്ങിയേക്കാം. അറിയാം.
എല്‍പിജി സിലിണ്ടര്‍ വില കുറയും
ഏപ്രില്‍ ഒന്നുമുതല്‍ പാചക വാതകത്തിന് 10 രൂപ കുറവ്. ഇതോടെ ഈ മാസം മുതല്‍ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന് 809 രൂപയും കൊല്‍ക്കത്തയില്‍ 835.50 രൂപയും ചെന്നൈയില്‍ 825 രൂപയുമാകും വില. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങള്‍ ഏപ്രില്‍ മാസം മുതല്‍ പാചക വാതക വിലയില്‍ ഇളവ് ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. അതനുസരിച്ചാണ് വില കുറയുന്നത്.
വിമാന നിരക്കുകള്‍ ഉയരും
പുതുക്കിയ എയര്‍ സെക്യൂരിറ്റി ഫീസ് (എഎസ്എഫ്) ഏപ്രില്‍ മുതല്‍ ചാര്‍ജ് ചെയ്യപ്പെടും. ആഭ്യന്തര യാത്രക്കാര്‍ക്ക് 40 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 114.38 രൂപയും ആയി ഫീസ് വര്‍ധിപ്പിച്ചതോടെ ആഭ്യന്തര യാത്രക്കാര്‍ 200 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ 12 യുഎസ് ഡോളര്‍ അല്ലെങ്കില്‍ തുല്യമായ ഇന്ത്യന്‍ രൂപയും എഎസ്എഫ് ആയി നല്‌കേണ്ടി വരും.
സരള്‍ പെന്‍ഷന്‍ പോളിസി
ഏപ്രില്‍ മാസം മുതല്‍ രാജ്യത്തെ എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും നിര്‍ബന്ധമായും ഉപയോക്താക്കള്‍ക്ക് വാര്‍ഷിക ആദായം ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കണമെന്ന് ഐആര്‍ഡിഎഐ നിര്‍ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള സരള്‍ പെന്‍ഷന്‍ പ്ലാന്‍ ഒരു മാസത്തേക്ക് ചുരുങ്ങിയത് 1,000 രൂപയും മൂന്ന് മാസത്തേക്ക് 3,000 രൂപയും ആറ് മാസത്തില്‍ 6,000 രൂപയും പ്രതിവര്‍ഷം 1,2000 രൂപയും പലിശയായി ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും. 40 വയസ്സാണ് ഈ പ്ലാന്‍ വാങ്ങിക്കുന്നതിനുള്ള ചുരുങ്ങിയ പ്രായ പരിധി. ഉയര്‍ന്ന പ്രായപരിധി 80 വയസ്സാണ്.
സ്റ്റാന്‍ഡേര്‍ഡ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുന്‍സ് പോളിസി
ജനറല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് സേവന ദാതാക്കളും ഒരു സ്റ്റാന്‍ഡേര്‍ഡ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പ്ലാന്‍ എല്ലാ ഉപയോക്താക്കള്‍ക്കും നല്‍കണമെന്ന് ഐആര്‍ഡിഎഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ചുരുങ്ങിയത് 2.5 ലക്ഷം രൂപ ഇന്‍ഷുറന്‍സ് ലഭിക്കുന്ന സരള്‍ സുരക്ഷ ഭീമയുടെ പരമാവധി ഇന്‍ഷ്വേര്‍ഡ് തുക 1 കോടി രൂപയാണ്. 18 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും പോളിസി വാങ്ങിക്കാന്‍ സാധിക്കും. 70 വയസ്സാണ് പരമാവധി പ്രായ പരിധി.
യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകളിലെ നികുതി ഇളവ് (ULIP)
യൂലിപ്പുകളുടെ കാലാവധി എത്തുമ്പോഴുള്ള ആദായത്തിന്മേല്‍ പ്രതിവര്‍ഷ പ്രീമിയം തുക 2.5 ലക്ഷമോ അതില്‍ കൂടുതലോ ആണെങ്കില്‍ നികുതി ഈടാക്കുമെന്ന് 2021ലെ ബഡ്ജറ്റില്‍ കേന്ദ്ര ധനമന്ത്രി അറിയിച്ചിരുന്നു. ദീര്‍ഘകാല ആദായമാണെങ്കില്‍ 10 ശതമാനവും ഹ്രസ്വകാല ആദായമാണെങ്കില്‍ 15 ശതമാനവുമാണ് നികുതി ഈടാക്കുക.
വൈകിയ ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍
സമയ പരിധിയായ ജൂലൈ 31ന് മുമ്പ് നിങ്ങളുടെ ആദായ നികുതു റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ല എങ്കില്‍ മാര്‍ച്ച് 31 ഓടെ ലേറ്റ് ഫീ കൂടെ ചേര്‍ത്ത് നിങ്ങള്‍ക്ക് ഫയല്‍ ചെയ്യാന്‍ സാധിക്കും. ഇപ്പോഴും അതേ മാതൃകയില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതാണ് എന്നാല്‍ നിങ്ങളുടെ വൈകിയ ഐടിആര്‍ ഫയല്‍ ചെയ്യുവാനും ഐടിആര്‍ പുതുക്കുന്നതിനുമുള്ള സമയ പരിധി 3 മാസമാക്കി കുറച്ചിട്ടുണ്ട്.
പിഎഫിലെ പുതിയ നികുതി
പ്രതിവര്‍ഷം 2.5 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുന്ന ജീവനക്കാരുടെ പിഎഫ് വിഹിതത്തിന് ലഭിക്കുന്ന പലിശയിന്മേല്‍ ഈ മാസം മുതല്‍ നികുതി ഈടാക്കാന്‍ ആരംഭിക്കുമെന്ന് 2021 ബഡ്ജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിരുന്നു. ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കാണ് ഇത് ബാധകമാവുക.
എച്ച്എസ്എന്‍ കോഡ് നിര്‍ബന്ധം
ടാക്‌സ് ഇന്‍വോയ്‌സില്‍ ഹാര്‍മോണൈസ്ഡ് സിസ്റ്റം ഓഫ് നാമകരണവും എച്ച്എസ്എന്‍ കോഡും ഏപ്രില്‍ മുതല്‍ നിര്‍ബന്ധമാകുമെന്ന് ധനമന്ത്രാലയം അറിയിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 5 കോടി രൂപ വരെ വിറ്റുവരവുള്ളവര്‍ ബി 2 ബി ഇന്‍വോയ്‌സുകളില്‍ നാലക്ക എച്ച്എസ്എന്‍ കോഡ് നല്‍കണം.
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഐടിആര്‍ ഫയല്‍ ചെയ്യുന്നതില്‍ ഇളവ്
ബജറ്റ് പ്രഖ്യാപനത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള നികുതി രഹിത പെന്‍ഷന്‍ ഈ മാസം മുതല്‍ പ്രാബല്യത്തില്‍ വരും. പെന്‍ഷന്‍ വരുമാനം മാത്രമുള്ള 75 വയസ്സിലധികം പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട.
ഐടിആറില്‍ ഡിവിഡന്റ് തുക ഉള്‍പ്പെടുത്തും
2020 മാര്‍ച്ച് 31 വരെ ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് ലഭിച്ച ലാഭവിഹിതവും മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളും നിങ്ങളുടെ കയ്യില്‍ നികുതിരഹിതമായിരുന്നു, കാരണം നികുതി ലാഭവിഹിതം അല്ലെങ്കില്‍ വിതരണം ചെയ്ത വരുമാനം കമ്പനിയോ മ്യൂച്വല്‍ ഫണ്ടോ അടച്ചിരുന്നതായി നികുതി വിദഗ്ധന്‍ ബല്‍വന്ത് ജെയിന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ സാമ്പത്തികവര്‍ഷം മുതല്‍ ഏതെങ്കിലും തരത്തില്‍ കമ്പനികളില്‍ നിന്നുള്ള ലാഭവിഹിതം 5000 രൂപയ്ക്കുമേല്‍ വരുന്നവര്‍ അത് കൃത്യമായി വെളിപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.