ഈ മൂന്ന് കാര്യങ്ങളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ മാത്രം
നികുതി റിട്ടേണിനും കെ.വൈ.സി അപ്‌ഡേറ്റിനും ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
മുന്‍കൂര്‍ നികുതി അടവ്, ആധാര്‍ പുതുക്കല്‍, 2000 രൂപ നോട്ട് മാറ്റിയെടുക്കല്‍ എന്നിവയുടെ കാലാവധി ഈ മാസം സെപ്റ്റംബര്‍ 30ന് അവസാനിക്കുന്നു.
ചെറു സമ്പാദ്യ പദ്ധതികള്‍, ആധാര്‍ പുതുക്കല്‍
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), സുകന്യ സമൃദ്ധി യോജന (SSY), അല്ലെങ്കില്‍ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് പോലുള്ള ചെറു സമ്പാദ്യ പദ്ധതികള്‍ ഉണ്ടെങ്കില്‍ ഇതില്‍ കെ.വൈ.സി വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ ആധാര്‍ നമ്പര്‍ ഇന്ത്യാ പോസ്റ്റില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഇതിന് നല്‍കിയ ആറ് മാസത്തെ കാലാവധി 2023 സെപ്റ്റംബര്‍ 30ന് അവസാനിക്കും. ഇല്ലെങ്കില്‍ ഒക്ടോബര്‍ 1 മുതല്‍ ഈ അക്കൗണ്ട് അധികൃതര്‍ മരവിപ്പിക്കും.
പുതിയ അക്കൗണ്ട് ഉടമകള്‍ അക്കൗണ്ട് തുറന്ന് ആറ് മാസത്തിനുള്ളില്‍ അവരുടെ ആധാര്‍ ലിങ്ക് ചെയ്യണം. ഇക്കാര്യത്തില്‍ ആധാര്‍ പുതുക്കേണ്ടതും അത്യാവശ്യമാണ്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിന് സെപ്റ്റംബര്‍ 14 വരെ നീട്ടിയിട്ടുണ്ട്. ജൂണ്‍ 14ന് അവസാനിച്ച സമയപരിധി സെപ്റ്റംബര്‍ വരെ അതോറിറ്റി പിന്നീട് നീട്ടുകയായിരുന്നു. ഉപയോക്താക്കള്‍ 10 വര്‍ഷം പഴക്കമുള്ള ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ട്തുണ്ട്.
2,000 രൂപ നോട്ടുകള്‍
2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനോ മാറ്റിയെടുക്കുന്നതിനോ ഉള്ള റിസര്‍വ് ബാങ്ക് നാല് മാസത്തെ കാലാവധി ഈ സെപ്തംബര്‍ 30ന് അവസാനിക്കും. ഈ തീയതിക്ക് ശേഷം 2000 രൂപ നോട്ടുകള്‍ക്ക് വിപണിയില്‍ മൂല്യമുണ്ടാകില്ല. അതിനാല്‍ സെപ്തംബര്‍ 30ന് മുമ്പ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നത് ഉറപ്പാക്കേണ്ടതുണ്ട്.
മുന്‍കൂര്‍ നികുതിയുടെ രണ്ടാം ഗഡു
2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള മുന്‍കൂര്‍ നികുതിയുടെ രണ്ടാം ഗഡു അടയ്ക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 15 വരെ ആണ്. ഒരു നികുതിദായകന്‍ ഈ തീയതിക്കകം മൊത്തം നികുതി ബാധ്യതയുടെ 45% അടയ്ക്കേണ്ടതുണ്ട്. വര്‍ഷാവസാനം ഒറ്റത്തവണയായി അടയ്ക്കുന്നതിന് പകരം ആദായനികുതിയിലേക്ക് മുന്‍കൂറായി ഈ നികുതി അടയ്ക്കുന്നു. 1961ലെ ആദായനികുതി നിയമത്തിന്റെ 208-ാം വകുപ്പ് പ്രകാരം, ഒരു വര്‍ഷത്തെ നികുതി ബാധ്യത 10,000 രൂപയോ അതില്‍ കൂടുതലോ ഉള്ള ഓരോ വ്യക്തിയും മുന്‍കൂര്‍ നികുതി അടയ്ക്കേണ്ടതാണ്.