സാമ്പത്തിക പ്രതിസന്ധികള്‍ക്കായി കാത്തിരിക്കേണ്ട, ഒഴിവാക്കാനുമുള്ള ചില വഴികള്‍ നോക്കാം
ജോലി നഷ്ടപ്പെടല്‍, വരുമാന ദാതാവിന്റെ വിയോഗം തുടങ്ങി സാമ്പത്തികമായും മാനസികമായും വിഷമത്തിലാകുന്ന സന്ദര്‍ഭങ്ങള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വന്നേക്കാം. ഈ സാഹചര്യത്തില്‍ പതറി പോകാതെ മുന്നോട്ടു പോകാന്‍ കരുതി വയ്ക്കാം ചില കാര്യങ്ങള്‍.
സാമ്പത്തിക ഭദ്രതയുള്ള നിലയില്‍ നിന്ന് പ്രതിസന്ധിയുടെ കയങ്ങളിലേക്ക് എപ്പോള്‍ ആരാണ് വീഴുന്നതെന്ന് മുന്‍കൂട്ടി പറയാനാകില്ല. ചിലപ്പോള്‍ ഇപ്പോഴുള്ള വരുമാനം കൊണ്ട് മുന്നോട്ടുപോകാനാകാത്ത വിധം കുടുംബാംഗങ്ങള്‍ക്ക് മാരക രോഗങ്ങള്‍ വരികയോ, പ്രകൃതി ദുരന്തങ്ങളില്‍ ഇരയാക്കപ്പെടുകയോ സംഭവിക്കാം. അല്ലെങ്കില്‍ ഇപ്പോഴുള്ളവരുമാനം ഇല്ലാതാക്കുന്ന തരത്തില്‍ ജോലി നഷ്ടപ്പെട്ടെന്നു വരാം. സാമ്പത്തികമായും മാനസികമായും വിഷമത്തിലാകുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ പതറി പോകാതെ മുന്നോട്ടു പോകാന്‍ ഇപ്പോഴേ കരുതി വയ്ക്കാം ചില കാര്യങ്ങള്‍.
എമര്‍ജന്‍സി ഫണ്ട്
അത്യാവശ്യ ഘട്ടങ്ങളെ നേരിടുന്നതിനായി സേവിംഗ്‌സ് അക്കൗണ്ടായോ ലിക്വിഡ് ഫണ്ടായോ കുറച്ചു പണം കരുതിവെക്കുക ഇതുവരെ നിങ്ങള്‍ക്ക് അത്തരമൊരു നിക്ഷേപമില്ലെങ്കില്‍ ചുരുങ്ങിയത് ആറുമാസത്തെ നിങ്ങളുടെ ചെലവിനുള്ള പണമെങ്കിലും കരുതല്‍ ധനമായി അതിലേക്കു മാറ്റുക. പിന്നീടത് ഒരു വര്‍ഷത്തേക്കോ രണ്ടു വര്‍ഷത്തേക്കോ ജീവിക്കാനുള്ള തുകയായി ഉയര്‍ത്തുക. റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം എന്നിവയിലെല്ലാം നിങ്ങള്‍ക്ക് മതിയായ സമ്പാദ്യമുണ്ടെങ്കിലും കരുതല്‍ നിക്ഷേപങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്.
കടക്കെണിയില്‍ വീഴാതെ മുന്നോട്ട്
ചിലപ്പോള്‍ നമ്മള്‍ പോലും തിരിച്ചറിയാതെ നമ്മള്‍ കടക്കെണിയില്‍ അകപ്പെട്ടുപോകും. ഷോപ്പിംഗ് മാളുകളിലും മറ്റും കാണുന്ന ഗംഭീര ഓഫറുകള്‍ കണ്ട് നമുക്ക് ആവശ്യമില്ലാത്ത വസ്തുക്കള്‍ നമ്മുടെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാത്ത ബില്ലില്‍ വാങ്ങിക്കൂട്ടരുത്.
ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സുകളില്‍ ശ്രദ്ധ
നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ചെലവുകള്‍ക്കും കുടുംബത്തിന്റെ മുന്നോട്ടുപോക്കിനും ഇത് അനിവാര്യമാണ്. വന്‍ തുക ചികിത്സാ ചെലവിനായി വേണ്ടിവരുന്ന ഘട്ടത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സഹായിക്കും.
സാമ്പത്തിക ആസൂത്രണം
നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് എവിടെ നിന്നെല്ലാം എത്രത്തോളം പണം കരുതിവെക്കണം എന്നു തിരിച്ചറിയുന്നതിന് സാമ്പത്തിക ആസൂത്രണം സഹായിക്കും. നിക്ഷേപ മാര്‍ഗങ്ങള്‍ തീരുമാനിക്കാന്‍, വരവു ചെലവുകള്‍ മനസിലാക്കാന്‍, ആസ്തികള്‍ കൈകാര്യം ചെയ്യാന്‍ എല്ലാം സാമ്പത്തിക ആസൂത്രണം ഗുണം ചെയ്യും. പരിചയസമ്പന്നനായ ഒരു സാമ്പത്തിക ആസൂത്രകന്റെ സഹായവും നിങ്ങള്‍ക്ക് ഇതിനായി തേടാവുന്നതാണ്. എല്ലാ ബുദ്ധിമുട്ടേറിയ സാമ്പത്തിക അവസ്ഥകളും കൈകാര്യം ചെയ്യുന്നതിനുള്ള വൈദഗ്ധ്യം നിങ്ങള്‍ക്ക് ഉണ്ടെന്ന് വിശ്വസിച്ചിരിക്കരുത്. അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ ചെലവു കുറയ്ക്കുന്നതിനും പ്രതിസന്ധി മറികടക്കുന്നതിനും വിദഗ്ധരുടെ സഹായം തേടാം.