നിക്ഷേപം എസ്‌ഐപിയിലാണോ? ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍
അടിസ്ഥാന കാര്യങ്ങളില്‍ വരുത്തുന്ന ചെറിയ ശ്രദ്ധക്കുറവ് പോലും നേട്ടം കുറച്ചേക്കാം
ആളുകള്‍ ഏറ്റവും കൂടുതലായി പ്രയോജനപ്പെടുത്തുന്ന നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് എസ്‌ഐപി. ദീര്‍ഘകാലം ചിട്ടയായി നിക്ഷേപം നടത്തിയാലേ എസ്‌ഐപിയില്‍ നിന്ന് ഉദ്ദേശിച്ച നേട്ടം ലഭിക്കുകയുള്ളൂ. അടിസ്ഥാനപരമായി കാര്യങ്ങളില്‍ വരുത്തുന്ന ചെറിയ ശ്രദ്ധക്കുറവോ തെറ്റുകളോ മതി ദീര്‍ഘനാളത്തെ നിക്ഷേപം ഉദ്ദേശിച്ച നേട്ടം കൈവരിക്കാതിരിക്കാന്‍. അതുകൊണ്ട് എസ്‌ഐപിയില്‍ നിക്ഷേപം തുടങ്ങും മുമ്പ് ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കൂ
1. യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത ലക്ഷ്യങ്ങള്‍
ചുരുങ്ങിയ കാലത്തിനുള്ള വന്‍തുക ആവശ്യമായി വരുന്ന ലക്ഷ്യങ്ങള്‍ വെക്കുന്നത് നന്നല്ല. വലിയ ലക്ഷ്യങ്ങള്‍ വെക്കുമ്പോള്‍ അതിനനുസരിച്ച് വളരെയേറെക്കാലം നിക്ഷേപിക്കേണ്ടി വരും. ഉദാഹരണത്തിന് റിട്ടയര്‍മെന്റ് നേരത്തേയാക്കാം എന്നു കരുതി അപ്പോഴേക്ക് ഒരു തുക സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെങ്കില്‍ റിട്ടയര്‍മെന്റ് നടത്താനുദ്ദേശിക്കുന്ന പ്രായവും അതിനു ശേഷം എന്തു ചെയ്യാനാണ് പദ്ധതിയെന്നുമൊക്കെ പരിഗണിച്ചു വേണം എത്ര തുക നിക്ഷേപിക്കണം എന്ന് തീരുമാനിക്കാന്‍.
2. ശരിയായ ലക്ഷ്യവും അതിനനുസരിച്ച സ്‌കീമും തെരഞ്ഞെടുക്കാം
ഓരോരുത്തര്‍ക്കും അനുയോജ്യമായ പദ്ധതികള്‍ വേണം തെരഞ്ഞെടുക്കാന്‍. വലിയ നേട്ടം മനസ്സില്‍ കണ്ട് തെരഞ്ഞെടുക്കുന്ന സ്‌കീമുകള്‍ ചിലപ്പോള്‍ നിക്ഷേപകരുടെ റിസ്‌ക് പ്രൊഫൈലിന് അനുയോജ്യമായിരിക്കണമെന്നില്ല. വിപണിയിലെ ചാഞ്ചാട്ടം അവരെ പരിഭ്രാന്തരാക്കും. അതുകൊണ്ട് നിങ്ങളുടെ ലക്ഷ്യം നിശ്ചയിച്ച് എത്ര കാലം നിക്ഷേപിക്കാമെന്ന് കണക്കൂകൂട്ടി റിസ്‌ക് എടുക്കാനുള്ള ശേഷി തിരിച്ചറിഞ്ഞ് അനുയോജ്യമായ സ്‌കീം തെരഞ്ഞെടുക്കാം
3. ഓഹരിയധിഷ്ഠിത എസ്‌ഐപിയിലെ ഹ്രസ്വകാല നിക്ഷേപം
ഓഹരികളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ദീര്‍ഘകാലത്തേക്കായി മാത്രം ചെയ്യുക. ഹ്രസ്വകാല ലക്ഷ്യത്തിനായി ലിക്വിഡ് ഫണ്ട്, കുറഞ്ഞ കാലയളവിലേക്കുള്ള കടപ്പത്രങ്ങള്‍ തുടങ്ങിയവ തെരഞ്ഞെടുക്കാം.
4. താങ്ങാവുന്ന തുക നിക്ഷേപിക്കുക
എസ്‌ഐപിയില്‍ ഇത്ര തുക നിക്ഷേപിച്ചിരിക്കണം എന്നൊന്നുമില്ല. കഴിയുന്ന തുക നിക്ഷേപിക്കാം. എസ്‌ഐപി തുടങ്ങുന്നതിനു മുമ്പ് തന്നെ എത്ര തുക നിക്ഷേപിക്കണം എന്നു തീരുമാനിക്കുക. ഒരു എസ്‌ഐപി കാല്‍ക്കുലേറ്റര്‍ വെച്ച് നിങ്ങളുടെ ലക്ഷ്യം കൈവരിക്കാനാവശ്യമായ തുക കാലാവധി കഴിയുമ്പോള്‍ ലഭിക്കുമോ എന്ന് പരിശോധിക്കുക. അതിനു ശേഷം കൈയിലൊതുങ്ങുന്ന തുക നിക്ഷേപിച്ചു തുടങ്ങാം.
എന്നാല്‍ എസ്‌ഐപിയില്‍ നിക്ഷേപിച്ചു തുടങ്ങാവുന്ന കുറഞ്ഞ തുകയായ 500 രൂപയില്‍ തന്നെ തുടരുന്നതും നല്ലതല്ല. ഭാവിയിലെ ആവശ്യങ്ങള്‍ക്ക് ആ തുക മതിയാകണമെന്നില്ല.
വിപണി ഇടിയുമ്പോള്‍ നിക്ഷേപം നിര്‍ത്തരുത്
ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം ദീര്‍ഘകാല നേട്ടം തരുന്നവയാണ്. വിപണി ഇടിയുമ്പോള്‍ നിക്ഷേപം പിന്‍വലിച്ചേക്കാം എന്ന തീരുമാനം ഗുണം ചെയ്യില്ല. വിപണി ഉയരുമ്പോഴും താഴുമ്പോഴും ക്ഷമയോടെ കാത്തിരുന്ന് നിശ്ചിത കാലത്തിനു ശേഷം പിന്‍വലിക്കുന്നതാകും നല്ലത്.
പ്രകടനം വിലയിരുത്താം, അപ്പപ്പോള്‍ വേണ്ട
നിക്ഷേപത്തിന്റെ പ്രകടനം എങ്ങിനെയെന്ന് പരിശോധിക്കുകയും ആവശ്യമായ സമയത്ത് പോര്‍ട്ട്‌ഫോളിയോയില്‍ മാറ്റം വരുത്തുകയും ചെയ്യുന്ന് നിക്ഷേപത്തിന്മേല്‍ മികച്ച നേട്ടം നല്‍കാന്‍ സഹായിക്കും. എന്നാല്‍ ചെറിയ ഇടവേളകളില്‍ ഇത് ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും നല്‍കുക.