സ്ഥിരനിക്ഷേപം: കാലാവധിക്ക് മുമ്പ് തിരിച്ചെടുക്കുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
സ്ഥിര നിക്ഷേപം സംബന്ധിച്ച് എല്ലാ ബാങ്കുകള്‍ക്കുമായി റിസര്‍വ് ബാങ്ക് മുന്നോട്ട് വച്ചിട്ടുള്ള നിര്‍ദേശങ്ങള്‍
ഒരു കോടി വരെയുള്ള കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ കാലാവധിക്ക് മുമ്പ് വേണമെങ്കില്‍ തിരിച്ചെടുക്കാം (premature withdrawal) എന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയത് ഈയിടെയാണ്. ഈ നിര്‍ദേശം കൊമേഴ്‌സ്യൽ ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ബാധകമാണ്. ഇതിൽ ഓരോ ബാങ്കുകളും വ്യത്യസ്ത നയങ്ങളാണ് കൈക്കൊള്ളുക. ഇക്കാര്യത്തിലാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് എല്ലാ ബാങ്കുകള്‍ക്കും ഒരുപോലെ ബാധകമായ രീതിയില്‍ ഒരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പലിശയില്‍ കുറവ് വരുമോ?
ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ കാലാവധിക്ക് മുമ്പ് തിരിച്ചെടുക്കുമ്പോള്‍ പലിശയില്‍ കുറവ് വരും. നിക്ഷേപത്തിന്റെ കാലാവധി അനുസരിച്ചാണ് പലിശ നിരക്കുകള്‍ തീരുമാനിക്കുന്നത്. പത്തു വര്‍ഷത്തേക്ക് നല്‍കിയിരിക്കുന്ന പലിശ നിരക്ക് എട്ടു ശതമാനമാണെങ്കില്‍, അഞ്ച് വര്‍ഷം കഴിഞ്ഞു നിക്ഷേപം തിരിച്ചെടുത്താല്‍ പത്തു വര്‍ഷത്തേക്ക് ബാധകമായ എട്ടു ശതമാനം പലിശ നിരക്ക് നല്‍കില്ല. ഡെപ്പോസിറ്റ് തുടങ്ങിയ സമയം അഞ്ച് വര്‍ഷത്തേക്ക് നിലനിന്നിരുന്ന പലിശ നിരക്കായിരിക്കും ബാധകം. ഇത് ഏഴ് ശതമാനമാണെങ്കില്‍ തിരിച്ചെടുക്കുന്ന നിക്ഷേപത്തിന് ഏഴ് ശതമാനം പലിശയാണ് നല്‍കുക.
പിഴപ്പലിശയുണ്ടോ?
എന്നാല്‍ ഈ കുറവ് മാത്രമല്ല വരിക. കാലാവധിക്ക് മുമ്പ് നിക്ഷേപം തിരിച്ചെടുക്കുന്നതിനു ബാങ്ക് പിഴപ്പലിശ ഈടാക്കും. അര ശതമാനം മുതല്‍ ഒരു ശതമാനം വരെയാണ് പൊതുവെ ഈ പിഴപ്പലിശ. ഒരു ശതമാനമാണ് പിഴപ്പലിശയെങ്കില്‍ മുകളില്‍ പറഞ്ഞ ഏഴ് ശതമാനത്തില്‍ നിന്ന് ഒരു ശതമാനം പിഴപ്പലിശ കുറച്ച്, ആറ് ശതമാനം പലിശ നിരക്കിലാണ് നിക്ഷേപം തിരിച്ചു നല്‍കുക.
പലിശ ഒട്ടും ലഭിക്കാതിരിക്കുമോ?
ബാങ്കുകളിലെ സ്ഥിരനിക്ഷേപത്തിന്റെ കുറഞ്ഞ കാലാവധി ഏഴ് ദിവസമാണ്. അതിനാല്‍ ഏഴു ദിവസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ പലിശയൊന്നും ലഭിക്കില്ല. വിദേശ ഇന്ത്യക്കാരുടെ പേരിലുള്ള സ്ഥിരനിക്ഷേപത്തിന്റെ കുറഞ്ഞ കാലാവധി [NRE & FCNR (B)] ഒരു വര്‍ഷമാണ്. അതിനാല്‍ ഒരു വര്‍ഷത്തിന് മുമ്പ് നിക്ഷേപം പിന്‍വലിച്ചാല്‍ വിദേശ ഇന്ത്യക്കാരുടെ പേരിലുള്ള നിക്ഷേപത്തിന് പലിശ ലഭിക്കില്ല.
നിക്ഷേപം പിന്‍ വലിക്കയല്ലാതെ വേറെ വഴിയില്ലെങ്കില്‍
സ്ഥിര നിക്ഷേപം കാലാവധിക്ക് മുമ്പ് തിരിച്ചെടുക്കാതെ വേറെ വഴിയില്ലെങ്കില്‍, അങ്ങനെ ചെയ്യുമ്പോള്‍ പലിശയില്‍ വരുന്ന കുറവ് എത്രയെന്ന് ബാങ്കില്‍ ചോദിച്ച് മനസ്സിലാക്കണം. പിഴപ്പലിശയുണ്ടെങ്കില്‍ അത് എത്രയെന്നും ചോദിച്ചറിയുക.
നിക്ഷേപം തുടങ്ങുന്ന സമയം ബാങ്ക് നല്‍കാമെന്ന് തീരുമാനിച്ച പലിശ നിരക്കില്‍ തന്നെ പലിശ കണക്കാക്കുകയാണെങ്കില്‍ ഇന്നേ ദിവസം വരെ അത് എത്ര തുക വരുമെന്നും നിക്ഷേപം കാലാവധിക്ക് മുമ്പായി പിന്‍ വലിച്ചാല്‍ ലഭിക്കുന്ന പലിശ തുക എത്രയെന്നും മനസ്സിലാക്കി എത്ര തുകയാണ് ആകെ കുറവ് വരുന്നത് എന്നറിയുക. ഇത് അറിയുന്നത് മൂലം ഇത്രയും തുക നഷ്ടപ്പെടാതെ തന്നെ ഇപ്പോഴത്തെ ആവശ്യം നിറവേറ്റാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ കഴിയും.
വായ്പയെന്ന മറുവഴി
സ്ഥിരനിക്ഷേപത്തിന്മേല്‍ ബാങ്കുകള്‍ വായ്പ നല്‍കുന്നുണ്ട്. നിക്ഷേപത്തിന്റെ തൊണ്ണൂറ് ശതമാനം വരെ തുക ഇങ്ങനെ വായ്പയായി ലഭിക്കും. വായ്പയുടെ പലിശ നിരക്ക്, നിക്ഷേപത്തിന് നല്‍കുന്ന പലിശ നിരക്കിനേക്കാള്‍ ഒരു ശതമാനമോ രണ്ടു ശതമാനമോ കൂടുതല്‍ ആയിരിക്കും. ഈ വായ്പ തവണകളായോ മൊത്തമായോ അടച്ചു തീര്‍ക്കാം. അല്ലെങ്കില്‍ നിക്ഷേപം കാലാവധി കഴിയുമ്പോള്‍ തിരിച്ച് അടച്ചാലും മതിയാകും. ഇങ്ങനെ വായ്പ എടുക്കണമോ എന്ന് തീരുമാനിക്കുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളെ ആശ്രയിച്ചാവണം.
ഒന്ന്, നിക്ഷേപത്തിന്റെ തൊണ്ണൂറു ശതമാനമോ അതില്‍ കുറവോ തുക കൊണ്ട് ഇപ്പോഴത്തെ ആവശ്യം നടക്കണം. രണ്ട്, ഈ വിധം എടുക്കുന്ന വായ്പക്ക് അധികം നല്‍കേണ്ടി വന്നേക്കാവുന്ന പലിശ, നിക്ഷേപം കാലാവധിക്ക് മുമ്പ് തിരിച്ചെടുമ്പോള്‍ വരുന്ന നഷ്ടത്തിനെക്കാള്‍ കുറവായിരിക്കണം. ഈ രീതിയില്‍ പലിശയില്‍ വരുന്ന വിത്യാസം കണക്കാക്കി തീരുമാനമെടുക്കാന്‍ സ്വയം കഴിയുന്നില്ലെങ്കില്‍ ബാങ്കില്‍ ചോദിച്ച് മനസിലാക്കാവുന്നതാണ്.
ചെറു തുകകളായി നിക്ഷേപിക്കുക
കാലാവധിക്ക് മുമ്പ് നിക്ഷേപം തിരിച്ചെടുക്കുന്നത് വഴി വന്നേക്കാവുന്ന നഷ്ടം കുറക്കുവാനുള്ള മറ്റൊരു വഴി തുക ചെറിയ നിക്ഷേപങ്ങളായി ചെയ്യുക എന്നതാണ്. ഇത് ഒരേ കാലാവധിക്കോ അല്ലാതെയോ ചെയ്യാം. ഇടയ്ക്കു പണത്തിന് ആവശ്യം വന്നാല്‍ അതിനുള്ള നിക്ഷേപം മാത്രം തിരിച്ചെടുത്താല്‍ മതി. അതില്‍ വരുന്ന പലിശ നഷ്ടമേ ഉണ്ടാകൂ. മറ്റു നിക്ഷേപങ്ങള്‍ ആദ്യം നിശ്ചയിച്ച പലിശ നിരക്കില്‍ തന്നെ തുടര്‍ന്ന് കൊള്ളും.
എല്ലാത്തരം നിക്ഷേപങ്ങളും കാലാവധിക്ക് മുമ്പ് പിന്‍വലിക്കാമോ?
നികുതിയിളവിന് വേണ്ടി (Section 80C of the Income Tax Act,1961) അഞ്ച് വര്‍ഷത്തേക്ക് ഇട്ടിരിക്കുന്ന സ്ഥിര നിക്ഷേപം കാലാവധിക്ക് മുമ്പ് തിരിച്ചെടുക്കാന്‍ കഴിയില്ല.
കുട്ടികളുടെ പേരിലുള്ള നിക്ഷേപങ്ങള്‍
സ്ഥിര നിക്ഷേപം കാലാവധിക്ക് മുമ്പ് തിരിച്ചെടുക്കാം എന്ന നിയമം, പ്രവര്‍ത്തി പഥത്തില്‍, കുട്ടികളുടെ പേരിലുള്ള നിക്ഷേപങ്ങളുടെ കാര്യത്തിലാകുമ്പോള്‍ അത്ര ലളിതമല്ല. കാരണം, കുട്ടികളുടെ പേരിലുള്ള നിക്ഷേപങ്ങള്‍, ആസ്തികള്‍, സ്വത്തുക്കള്‍ എന്നിവയൊന്നും കുട്ടികള്‍ മേജര്‍ ആകുന്നതുവരെ (18 വയസ് തികയുന്നത് വരെ) മറ്റൊരാള്‍ എടുത്തുപയോഗിക്കുവാന്‍ പാടില്ല എന്നാണ് നിയമം.
പണം നിക്ഷേപിച്ചത് പിതാവാണോ, രക്ഷകര്‍ത്താവാണോ എന്നതൊന്നും, നിക്ഷേപം കുട്ടിയുടെ പേരില്‍ ചെയ്തു കഴിഞ്ഞാല്‍ പ്രസക്തമല്ല. നിക്ഷേപം കുട്ടിയുടെ പേരില്‍ ചെയ്താല്‍ അത് കുട്ടിയുടെ മാത്രം അവകാശത്തിലുള്ള തുകയായി മാറും. ഈ നിക്ഷേപം കാലാവധിക്ക് മുമ്പ് തിരിച്ച് കൊടുത്താല്‍, പിന്നീട് കുട്ടി അക്കാര്യത്തില്‍ മറിച്ചൊരു നിലപാട് സ്വീകരിച്ചാല്‍, അത് നിയമപരമായി ബാങ്കിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.
കുട്ടി മേജര്‍ ആയി കഴിയുമ്പോള്‍ ഇത്തരം ഇടപാടുകള്‍ വേണമെങ്കില്‍ നിരാകരിക്കാം (can be repudiated). തനിക്കതില്‍ ഉത്തരവാദിത്തമില്ലെന്ന് പറയാം. അങ്ങനെ പറഞ്ഞാല്‍ നിക്ഷേപത്തുക കാലാവധിക്ക് മുമ്പ് തിരിച്ചു നല്‍കിയത് ബാങ്കിന്റെ ഭാഗത്തുള്ള വീഴ്ചയായി പരിഗണിക്കാം. അതിനാലാണ് കുട്ടികളുടെ പേരിലുള്ള നിക്ഷേപങ്ങള്‍ കാലാവധിക്ക് മുമ്പ് തിരിച്ചു നല്‍കാന്‍ ബാങ്കുകള്‍ വിസമ്മതിക്കുന്നത്.
കുട്ടിയുടെ അത്യാവശ്യങ്ങള്‍ക്കാണെങ്കില്‍
എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ കുട്ടികളുടെ പേരിലുള്ള നിക്ഷേപം, കാലാവധിക്ക് മുമ്പ് തിരിച്ചു നല്‍കാന്‍ കഴിയും. ഇങ്ങനെ ചെയ്യുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത്, തിരിച്ച് നല്‍കുന്ന തുക കുട്ടിയുടെ തന്നെ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കണം എന്നതാണ്.
കുട്ടിയുടെ ജീവിത സാഹചര്യങ്ങള്‍ക്ക് ചേര്‍ന്ന വിധത്തിലുള്ള ഭക്ഷണം, വിദ്യാഭ്യാസം, ചികിത്സ എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഇതിന്റെ പരിധിയില്‍ വരും. ഇത്തരം കാര്യങ്ങള്‍ക്കാണ് തുക ഉപയോഗിച്ചതെങ്കില്‍, ഭാവിയില്‍ ആവശ്യം വന്നാല്‍ ഇക്കാര്യം വേണ്ടവിധം രേഖാമൂലം കോടതിയെ ബോധ്യപ്പെടുത്താനായാല്‍, ബാങ്കിന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞേക്കാം.
കുട്ടികളുടെ പേരില്‍ സ്ഥിരനിക്ഷേപം ചെയ്യുമ്പോള്‍, നിക്ഷേപം കാലാവധിക്ക് മുമ്പ് തിരിച്ചെടുക്കേണ്ട അടിയന്തിര സാഹചര്യങ്ങളില്‍ പോലും മേല്പറഞ്ഞ ബദ്ധപ്പാടുകള്‍ വരുമെന്ന കാര്യം മനസ്സില്‍ വെക്കുന്നത് നന്നായിരിക്കും.
(ബാങ്കിംഗ് വിദഗ്ധനാണ് ലേഖകന്‍)